| Tuesday, 26th August 2025, 9:01 pm

സിനിമ കാണാന്‍ സമയം കിട്ടാറില്ലെങ്കിലും ഈയിടെ കണ്ട ആ തമിഴ് ചിത്രം ഒരുപാട് ഇഷ്ടമായി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രിക്കറ്റിന്റെ ദൈവമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പുതിയ കമന്റാണ് സോഷ്യല്‍ മീഡിയയെ ഒന്നാകെ ഇളക്കിമറിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ അദ്ദേഹം ആരാധകരുമായി കഴിഞ്ഞദിവസം സംഭാഷണം നടത്തിയിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ഈയടുത്ത് കണ്ട സിനിമകളില്‍ ഇഷ്ടപ്പെട്ടത് ഏതാണെന്ന് ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് സച്ചിന്‍ നല്‍കിയ മറുപടിയാണ് വൈറലായത്.

‘സിനിമകള്‍ കാണാന്‍ അധികം സമയം കിട്ടാറില്ല. വല്ലപ്പോഴും സമയം കിട്ടുന്നതിനനുസരിച്ച് കാണുകയാണ് പതിവ്. ഈയടുത്ത് കണ്ടതില്‍ തമിഴ് സിനിമ 3BHK, മറാത്തി ചിത്രം അതാ തമ്പ്യാച്ച ന്യായ് എന്നിവ ഞാന്‍ ഒരുപാട് ആസ്വദിച്ചാണ് കണ്ടത്’ എന്നായിരുന്നു സച്ചിന്റെ മറുപടി.

ഇതിന് പിന്നാലെ 3BHK സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. സിദ്ധാര്‍ത്ഥ്, ശരത് കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീ ഗണേശ് സംവിധാനം ചെയ്ത് ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു 3BHK. ഫീല്‍ ഗുഡ് ഴോണറിലൊരുങ്ങിയ സിനിമക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

സച്ചിന്റെ കമന്റ് വൈറലായതോടെ 3BHK വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ഒ.ടി.ടി റിലീസുകളിലൂടെ നല്ല സിനിമകള്‍ ലോകത്തെല്ലായിടത്തും അംഗീകരിക്കപ്പെടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ക്രിക്കറ്റിന്റെ മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമകളെക്കുറിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ അന്വേഷിക്കുന്നുണ്ട്.

സച്ചിന്റെ കമന്റ് പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീ ഗണേശ് രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിന്റെ നിര്‍മാതാവ് സന്തോഷിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗണേശിന്റെ പോസ്റ്റ്. ‘കുട്ടിക്കാലം മുതല്‍ കാണുന്ന ഹീറോയുടെ ഈ പ്രശംസ ഞങ്ങളുടെ സിനിമയെ സംബന്ധിച്ച് വിലപിടിപ്പുള്ളതാണ്,’ ശ്രീ ഗണേശ് കുറിച്ചു.

സ്വന്തമായി ഒരു വീട് വാങ്ങുക എന്ന സ്വപ്‌നവുമായി നടക്കുന്ന ഒരു മിഡില്‍ ക്ലാസ് കുടുംബത്തിന്റെ കഥയാണ് 3BHK പറയുന്നത്. നാല് കാലഘട്ടത്തിലായി പറഞ്ഞ കഥ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മികച്ച കഥ കൊണ്ടും നല്ലൊരു സിനിമാനുഭവമായി മാറി. ദേവയാനി, മീത രഘുനാഥ്, ചൈത്ര ജെ ആചാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എട്ട് കോടിയിലൊരുങ്ങിയ ചിത്രം 25 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്.

Content Highlight: Sachin Tandulkar saying he enjoyed 3BHK movie among recently watched

We use cookies to give you the best possible experience. Learn more