| Thursday, 6th June 2019, 7:59 am

തോല്‍വിയുടെ ഉത്തരവാദിത്തം രാഹുലിന്റെ തലയില്‍ വെച്ചതുകൊണ്ട് കാര്യമില്ല; തോല്‍വി പരിശോധിക്കാന്‍ പുതിയ നിര്‍ദേശവുമായി സച്ചിന്‍ പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം പരിശോധിക്കാന്‍ തയ്യാറായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബൂത്ത് തലം മുതല്‍ സര്‍വേ നടത്തി തോല്‍വിയുടെ കാരണം പഠിക്കാനാണ് സച്ചിന്‍ പൈലറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.

” ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എവിടെയാണ് പാളിച്ച പറ്റിയതെന്ന് അറിയാന്‍ ഓരോ ബൂത്തുകളില്‍ നിന്നും പ്രത്യേക റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 ബൂത്തുകളാണ് ഉള്ളത്. നമ്മള്‍ ഉറപ്പിച്ച സീറ്റുകള്‍ പോലും പാര്‍ട്ടിയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിക്കേണ്ട കാര്യം തന്നെയാണ്. തോല്‍വിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പ്രസിഡന്റ് ഏറ്റെടുത്തിട്ടുണ്ടാകാം. പക്ഷേ അത് പോര. കൃത്യമായ പരാജയകാരണം വിലയിരുത്താന്‍ പാര്‍ട്ടിക്കാകണം. ബൂത്ത് തലത്തില്‍ ഗൗരവമായ സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്‍കണം”- സച്ചിന്‍ പൈലറ്റ് പറഞ്ഞു.

വരാനിരിക്കുന്ന അസംബ്ലി തെരഞ്ഞെടുപ്പിന് മുന്‍പായി ഒരു റോഡ് മാപ്പ് ഉണ്ടക്കണമെന്ന നിര്‍ദേശവും പൈലറ്റ് മുന്നോട്ട് വെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയില്‍ സച്ചിന്‍ പൈലറ്റിനടക്കം വലിയ വിമര്‍ശനമായിരുന്നു നേരിടേണ്ടി വന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മകന്‍ വൈഭവ് ഖെഹ്‌ലോട്ടിന്റെ പരാജയത്തിന് പി.സി.സി നേതാവ് സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി ഖെലോട്ട് രംഗത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജോധ്പൂര്‍ ലോക്സഭാ സീറ്റില്‍ വൈഭവ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിനാണെന്ന് ഖെലോട്ട് പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും അഭിമുഖത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ചിലര്‍ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നെന്നും അശോക് ഗെഹ്ലോട്ട് പിന്നീട് പറഞ്ഞിരുന്നു.

തോല്‍വിക്ക് പിന്നാലെ മക്കളെ സ്ഥാനാര്‍ത്ഥികളാക്കിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനേയും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more