| Saturday, 3rd October 2009, 3:19 pm

ഗാന്ധി ജയന്തി ദിനത്തിലെ സബര്‍മതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാത്ര/ ലാല്‍ അത്തോളി
ഒക്ടോബര്‍ 2. മഹാത്മാവിന്റെ 140ാം ജന്മദിനം. ഞാന്‍ “മില്‍ക്ക് ക്യാപിറ്റല്‍ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്ന ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഇവിടെ എത്തിപ്പെട്ടത്. ഇവിടെ നിന്നും സബര്‍മതി ആശ്രമത്തിലേക്ക് കൃത്യം മൂന്ന് മണിക്കൂര്‍ യാത്രാ ദൂരമുണ്ട്. ഗാന്ധി ജയന്തി ദിനത്തില്‍ ആശ്രമം സന്ദര്‍ശിക്കാന്‍ തനിക്ക് ലഭിച്ചിരിക്കുന്ന അപൂര്‍വ്വ അവസരം കൈവിട്ട് കളയേണ്ടെന്ന് കരുതി.

കൂടെ സഹപ്രവര്‍ത്തകന്‍ പര്‍മീന്ദര്‍സിങുമുണ്ട്. ഉച്ചയോടെ ഞങ്ങള്‍ അഹമ്മദാബാദിലെത്തി. ആധുനിക കെട്ടിടങ്ങളൊന്നുമില്ലാത്ത പൈതൃകനഗരമാണ് അഹമ്മദാബാദ്. എന്നാല്‍ നിരത്തുകളെല്ലാം ആധുനികമാണെന്ന വൈരുദ്ധ്യവുമുണ്ട്.

ഞങ്ങള്‍ ആശ്രമത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രവേശന കവാടത്തില്‍ തന്നെ ഗാന്ധിയുടെ പ്രശസ്തമായ ആ വചനം എഴുതി വെച്ചിട്ടുണ്ട്. for fake not truth even unto deth(മരിക്കേണ്ടി വന്നാലും കളവ് പറയരുത്.). സബര്‍മതി നദിയുടെ തീരത്താണ്് ആശ്രമവും ഗാന്ധി മ്യൂസിയവും. പ്രവേശന ഫീസൊന്നുമില്ല. ആശ്രമ കോമ്പൗണ്ടിനുള്ളില്‍ തന്നെയാണ് മ്യൂസിയവുമുള്ളത്. 1963 മെയ് 10ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറുവാണ് മ്യൂസിയം രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.

ഇന്ത്യന്‍ സ്വാതന്ത്യ സമര രംഗത്തേക്ക് ഗാന്ധിജി കടന്നു വന്നത് മുതലുള്ള ചരിത്ര സംഭവങ്ങള്‍ മ്യൂസിയത്തില്‍ അനുഭവ ഭേദ്യമാകും. ദണ്ഡിയാത്ര, നിസഹകരണ പ്രസ്ഥാനം, നിയമലംഘനം, അഹിംസ തുടങ്ങിയ ഗാന്ധിജിയുടെ പോരാട്ട രീതികളെക്കുറിച്ചും മ്യൂസിയം പറഞ്ഞ് തരുന്നു. വൈക്കം സത്യാഗ്ര സമയത്ത് കെ പി കേശവ മേനോന്‍ അദ്ദേഹത്തിന്റെ മനോഹരമായ കയ്യക്ഷരത്തില്‍ ഗാന്ധിജിക്കെഴുതിയ കത്തും ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം കീഴാളര്‍ക്കായി തുറന്നു കൊടുത്ത റോഡിന്റെ മാപ്പും എന്റെ ശ്രദ്ധ ആകര്‍ഷിച്ചു. ഗാന്ധിജിക്ക് അയച്ച കോടതി സമന്‍സ്, യംഗ് ഇന്ത്യ, നവജീവന്‍, ഹരിജന്‍ തുടങ്ങിയ പത്ര-മാസികകളിലെ ഗാന്ധിജിയുടെ ലേഖനങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വാതന്ത്യസമരകാലത്തെ ഒരു പാട് ഫോട്ടോകളും മ്യൂസിയത്തിലുണ്ട്.

ഗാന്ധിജിയുടെ ചിത്രമുള്ള ഒരു പോസ്റ്റല്‍ കവറില്‍ എന്റെ കണ്ണുകള്‍ ഉടക്കി. വിലാസത്തിന്റെ സ്ഥാനത്ത് ഗാന്ധിയുടെ ചിത്രം മാത്രം പതിപ്പിച്ച് അദ്ദേഹത്തിന് ലഭിച്ച കത്താണതെന്നറിഞ്ഞപ്പോള്‍ ആശ്ചര്യം തോന്നി. ഗാന്ധിയുടെ ചിത്രം, അതിനടുത്ത് ജഹാം ഹോ വഹാം( എവിടെയാണോ അവിടെ) എന്നെഴുതിയിട്ടുമുണ്ട്. കൃഷിക്കാരന്‍, നെയ്ത്തുകാരന്‍ അങ്ങനെ പലതും എഴുതിയ കത്തുകളുണ്ട്. ഇങ്ങനെ അയച്ച കത്തുകളെല്ലാം ഗാന്ധിജിയുടെ കയ്യില്‍ സുരക്ഷിതമായി എത്തിയിരുന്നു.

ഗന്ധിയന്‍ നിതിന്‍ഷാ, അദ്ദേഹം ഉണ്ടാക്കിയ ഗാന്ധിയുടെയും ഒബാമയുടെയും ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നു. ഗാന്ധിയുടെ ഫോട്ടോ ധാന്യം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒബാമയുടെ ഫോട്ടോ മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ ചിത്രങ്ങള്‍ കൊണ്ടും. നിതിന്‍ഷാ അമേരിക്കയില്‍ താമസിക്കുന്ന ഒരു ഇന്ത്യക്കാരനാണ്.

മ്യൂസിയത്തില്‍ നിന്ന് ഇറങ്ങിയ ഞങ്ങള്‍ ഹൃദയ കുഞ്ചിലേക്ക്(ഗാന്ധി താമസിച്ചിരുന്ന വീട്) നടന്നു. ഹൃദയ കുഞ്ചിനു മുന്നില്‍ ജനങ്ങള്‍ പ്രാര്‍ഥനക്ക് ഇരിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ജനങ്ങളുണ്ട്. കുറച്ച വിദേശികളും. കൂടുതലും വിദ്യാര്‍ഥികളും സ്്ത്രീകളും. വലിയ തിരക്കില്ല. കേരളത്തില്‍ ഇതിലും വലിയ ജനപങ്കാളിത്തത്തോടെ ഗാന്ധി ജയന്തി ആഘോഷിക്കാറുണ്ടെന്ന് ഞാന്‍ പര്‍മീന്ദറിനോട് പറഞ്ഞു.

ഗാന്ധിയുടെ മുറിയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ചര്‍ക്കയുണ്ട്. ഇരിപ്പിടം, ചെറിയ മേശ, ഊന്നു വടി എല്ലാം അതേപടി ഇരിക്കുന്നു. മനോഹരമായി. എല്ലാവരും ബാപ്പുവെന്ന് വിളിച്ചിരുന്ന ആ മനുഷ്യന്‍ ഇവിടെയായിരുന്നു ജീവിച്ചിരുന്നത്. വീടിനകത്തു കൂടെ ഞാന്‍ നടന്നു. മഹാത്മാവിന്റെ കാല്‍പാടുകള്‍ പതിഞ്ഞ നിലത്തു കൂടെയാണ് ഞാന്‍ നടക്കുന്നത്. എനിക്ക വല്ലാത്ത ഒരു വികാരമുണ്ടായി. ബാപ്പുജി ഉപയോഗിച്ചിരുന്ന ഊന്നുവടി, കണ്ണട, പത്രങ്ങള്‍, ചെരിപ്പ തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഹൃദയ കുഞ്ചില്‍ നിന്നിറങ്ങുമ്പോള്‍ അവിടെ എഴുതിവെച്ചിരുന്ന വാക്യം നൂറു വട്ടം ഞാന്‍ മനസില്‍ ചൊല്ലി. yuo must be the change we wish to see( നമ്മിലൂടെയായിരിക്കണം നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം വരേണ്ടത്).

ആശ്രമത്തിലെ കളിസ്ഥലത്തില്‍ നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട പാട്ടുകളും കഥകളും കളികളും നടക്കുന്നു. മുതിര്‍ന്ന സ്ത്രീകളും കുട്ടികളും അതില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടികള്‍ക്ക് ചെറുപ്പക്കാരായ വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കുന്നു. ഞാന്‍ കുറച്ചു ഫോട്ടോകള്‍ എടുത്തു. ചില സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പാരിസ്ഥിതി അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകള്‍ പിടിച്ചിരിക്കുന്നു. പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ ചില പരിപാടികള്‍ പകര്‍ത്തുന്നുണ്ട്.

തൊട്ടടുത്തു കൂടിയൊഴുകുന്ന സബര്‍മതി നദിയുടെ അടുത്തേക്കു നടന്നു ഞങ്ങള്‍. അതിന്റെ അവസ്ഥ കവി വാക്യം ഓര്‍മ്മിപ്പിച്ചു.” കുത്തി പായാന്‍ മോഹിക്കും പുഴ വറ്റി വരണ്ടു കിടപ്പതു കണാം” ഒഴുക്കു വളരെ കുറവ്. പകുതി ഭാഗവും പ്ലാസ്റ്റിക്-ഖര മാലിന്യങ്ങള്‍. തീരത്ത് ചേരികളാണ്. ബാപ്പുജി ആശ്രമം സ്ഥാപിക്കുമ്പോള്‍ ഈ നദി മനോഹരമായിരുന്നുവെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.

സന്ധ്യ ആകാറായി. മ്യൂസിയത്തിലെ സന്ദര്‍ശക പുസ്തകരത്തില്‍ ഞാന്‍ കണ്ണോടിച്ചു. ഒരു കൊച്ചു മിടുക്കി എഴുതിയത് ഞാന്‍ വായിച്ചു. “ഡാഡ് വീണ്ടും ജനിക്കൂ. ഇന്ത്യയെ രക്ഷിക്കൂ”. ജന്‍മദിന ആസംസകളുമുണ്ട്. അധികവും വിദ്യാര്‍ഥികളുടെ കയ്യക്ഷരങ്ങളാണ്. മൈ ഡിയര്‍ ബാപ്പു. വി ആര്‍ ഫാര്‍ എവേ ഓപ് യുവര്‍ ഡ്രീം( പ്രിയ ബാപ്പൂ താങ്കളുടെ സ്വപ്‌നത്തില്‍ നിന്നെല്ലാം വളരെ ദൂരെയാണ് ഞങ്ങള്‍… ഞങ്ങളെ നയിക്കൂ… വഴികാട്ടൂ..) എന്ന് സന്ദര്‍ശക പുസ്തകത്തിലെഴുതി ഞങ്ങള്‍ വിട പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും വലിയ വര്‍ഗീയ കലാപത്തിന് വേദിയായ ഗുജറാത്തിലായിരുന്നു ഗാന്ധിജി ജനിച്ചത്. അദ്ദേഹത്തെ വെടിവെച്ചു കൊന്ന പ്രത്യയശാസ്ത്രത്തിന്റെ പിന്‍മുറക്കാരാണ് ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്നത്. എങ്കിലും പോര്‍ബന്ദറിലെ ആശ്രമത്തില്‍ മഹാത്മാവ് ഇന്നും ജീവിക്കുന്നു. ഒബാമയുടെ ചിത്രത്തിനടുത്തെങ്കിലും അവിടെ ഗാന്ധിജിയുടെ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നു. ഒക്ടോബര്‍ രണ്ടിന് സബര്‍മതി ആശ്രമത്തില്‍ കണ്ട ദൃശ്യങ്ങള്‍. (ഫോട്ടോ ലാല്‍ അത്തോളി)

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയിലെ ഗാന്ധിജിയുടെ വീടായ ഹൃദയ കുഞ്ചില്‍ നടന്ന സര്‍വ്വമത പ്രാര്‍ഥന.

ഗാന്ധിജന്മദിനത്തില്‍ സബര്‍മതി ആശ്രമത്തില്‍ നടന്ന പരമ്പരാഗത നൃത്തം.

താന്‍ നിര്‍മ്മിച്ച ഗാന്ധിജിയുടെയും അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയുടെയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഗാന്ധിയന്‍ ( ഒബാമയുടെ ചിത്രം മറ്റ് അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ ഫോട്ടോ ഉപയോഗിച്ചും മഹാത്മജിയുടെ ഫോട്ടോ ധാന്യം ഉപയോഗിച്ചുമാണ് നിര്‍മ്മിച്ചത്).

ഇന്ത്യന്‍ ചരിത്രത്തിലെ പല നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സബര്‍മതി ആശ്രമത്തിലെ ഗാന്ധിജിയുടെ മുറി.

പേരോ മേല്‍വിലാസമോ എഴുതാതെ അഡ്രസിന്റെ ഭാഗത്ത് ഗാന്ധിജിയുടെ ചിത്രം മാത്രം വരച്ച കൊണ്ട് അദ്ദേഹത്തിന് ലഭിച്ച കത്ത്.(ഗാന്ധി മ്യൂസിയത്തില്‍ നിന്ന്)


thekkady boat tragedy photos

cpim manushyachangala more photos

We use cookies to give you the best possible experience. Learn more