| Saturday, 5th January 2019, 8:03 pm

കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ സി.പി.ഐ.എം-ബി.ജെ.പി സമാധാന യോഗത്തില്‍ ധാരണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സംഘര്‍ഷാവസ്ഥ അയവ് വരുത്തുന്നതിനായി കണ്ണൂരില്‍ രണ്ട് ദിവസത്തേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനം. കളക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ബി.ജെ.പി-സി.പി.ഐ.എം നേതാക്കളുടെ സാന്നിധ്യത്തില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തിലാണ് തീരുമാനം.

ജില്ലയില്‍ സമാധാനം ഉറപ്പാക്കാന്‍ എല്ലാ സഹകരണവും നേതാക്കള്‍ ഉറപ്പ് നല്‍കി. യോഗത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവന്‍, ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ്, ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം എന്നിവര്‍ പങ്കെടുത്തു.

ശബരിമല യുവതീപ്രവേശനത്തിനെതിരായ സംഘപരിവാര്‍ ഹര്‍ത്താല്‍ കണ്ണൂരില്‍ വ്യാപക ആക്രമണങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീര്‍ , വി. മുരളീധരന്‍ എം.പി., സി.പി.ഐ.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നിവരുടെ വീടുകള്‍ക്ക് ബോംബാക്രമണമുണ്ടായിരുന്നു. ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസിന്റെ വീട് ആക്രമിക്കാനും ശ്രമം നടന്നു.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തലശ്ശേരി എം.എല്‍.എ. എ.എന്‍. ഷംസീറിന്റെ മാടപീടികയിലുള്ള വീടിനുനേരെ ബോംബേറുണ്ടായിരുന്നു. ഇതിന് പിന്നാലെ രാത്രി 12 മണിയോടെ വി. മുരളീധരന്‍ എം.പിയുടെ എരഞ്ഞോളി വാടിയില്‍ പീടികയിലെ തറവാട്ടുവീട്ടിന് നേരെ ബോംബേറുണ്ടായി.

സംഘര്‍ഷത്തെ തുടര്‍ന്ന് അവധിയില്‍ പോയ പൊലീസ് ഉദ്യോഗസ്ഥരെ മുഴുവന്‍ തിരിച്ചു വിളിച്ചിരുന്നു.

We use cookies to give you the best possible experience. Learn more