| Monday, 29th October 2018, 10:42 pm

ശബരിമല സമരം; പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സിയെയും വിമര്‍ശിച്ച് കെ.എസ്.യു; സീറ്റ് ചര്‍ച്ചകളില്‍ മാത്രം അഭിപ്രായം പറയുന്ന കൂട്ടമായി വിദ്യാര്‍ത്ഥി യുവജന നേതൃത്വം മാറിയെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കെ.പി.സി.സിയുടെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടിന് എതിരെ പ്രതിഷേധവുമായി കെ.എസ്.യുവിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍. വിശ്യാസത്തെ ഉപയോഗിച്ച് ഭരണഘടനയ്ക്ക് മേല്‍ സവണ്ണാധിപത്യം പുനസ്ഥാപിക്കാനുള്ള പരിശ്രമങ്ങളാണ് സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും വിവിധ ജില്ലകളില്‍ നിന്നായി എത്തി യോഗം ചേര്‍ന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ വിലയിരുത്തി.

മുപ്പതോളം വരുന്ന പ്രവര്‍ത്തകരാണ് യോഗം ചേര്‍ന്നത്. ഇത്തരത്തിലുള്ള സമരം കോണ്‍ഗ്രസിന്റെ ചരിത്രത്തെയും രാഷ്ട്രീയ ബോധ്യങ്ങളെയും നിഷേധിക്കലാണെന്നും യോഗം വിലയിരുത്തി.

കെ.എസ്.യു നേതാക്കളായ അനൂപ് മോഹന്‍, ഗംഗാ ശങ്കര്‍ പ്രകാശ്, ഷമീം ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.

Also Read അമിത്ഷായുടെ വാക്ക്‌കേട്ട് സംഘപരിവാര്‍ ഇറങ്ങിത്തിരിച്ചാല്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരും; മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പന്തളം കൊട്ടരാത്തിന് ആചാരപരമായ അധികാരം മാത്രമാണ് ഉള്ളത് എന്നിട്ടും ശബരിമലയില്‍ അധികാരം ഉണ്ടായിരുന്ന ആദിവാസി-ഈഴവ കുടുംബങ്ങളുടെ അവകാശത്തെ സംബന്ധിച്ച് നിശബ്ദത പാലിക്കുകയും രാജകൊട്ടാരത്തിന്റെ അധികാരത്തിനുവേണ്ടി വാദിക്കുകയുമാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും യോഗം പറഞ്ഞു.

ആചാരസംരക്ഷണത്തിനു വേണ്ടി ശബരിമലയില്‍ ചോരവീഴ്ത്താന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്ത്രിയുടെ തന്നെ ഒത്താശയോടെ യുവതിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചതിനെ കുറിച്ച് മിണ്ടാത്തത് എന്താണെന്ന് യോഗം ചോദിച്ചു.

ദേവസം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ദളിത് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുവരെ മേല്‍ശാന്തിമാരായി നിയമിക്കാന്‍ ഉള്ള തീരുമാനത്തെ ദളിത് – പിന്നോക്ക വിഭാഗങ്ങളെ ഉപയോഗിച്ച് തന്നെ അട്ടിമറിക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നത്. അതിന് കോണ്‍ഗ്രസ് കൂട്ട് നില്‍ക്കരുതെന്നും യോഗം പറഞ്ഞു.

Also Read അമിത് ഷായ്ക്ക് തടിക്കൊത്ത ബുദ്ധിയില്ല; രാഹുല്‍ ഈശ്വറിന് ഭ്രാന്ത്; പരിഹാസവുമായി ഇ.പി ജയരാജന്‍

പാര്‍ലമെന്ററി മോഹങ്ങള്‍ ബാധിച്ച് കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലച്ചോര്‍ മന്ദിച്ച് പോയിരിക്കുന്നെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പോയിട്ട് അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സംഘടനാ ശേഷി തന്നെ നഷ്ടപ്പെട്ട് പോയിരിക്കുന്നെന്നും യോഗം വിമര്‍ശിച്ചു.

സീറ്റ് ചര്‍ച്ചകളില്‍ മാത്രം അഭിപ്രായം പറയുന്ന, സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത് കുറ്റകരമായി കരുതുന്നവരുടെ കൂട്ടമായി വിദ്യാര്‍ത്ഥി യുവജന നേതൃത്വം മാറിയെന്നും യോഗം അഭിപ്രായപ്പെട്ടു.

സംഘപരിവാര്‍ സംഘടനകള്‍ക്ക് ഗുണം ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് പുനപരിശോധിക്കണമെന്നും സംഭവത്തില്‍ എ.ഐ.സി.സി നേതൃത്വത്തെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി.

We use cookies to give you the best possible experience. Learn more