| Sunday, 11th January 2026, 3:43 pm

കണ്ഠരര് രാജീവര് ആശുപത്രിവിട്ടു; ജയിലിലേക്ക് മാറ്റി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായ തന്ത്രി കണ്ഠരര് രാജീവര് ആശുപത്രിവിട്ടു. തന്ത്രിയെ നിലവില്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് കണ്ഠരര് രാജീവര് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വിദഗ്ധ പരിശോധനയ്ക്കായി ഇന്നലെയാണ് തന്ത്രിയെ മെഡിക്കല്‍ കോളേജിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി രാജീവര് നിരീക്ഷണത്തിലായിരുന്നു.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ നടത്തിയ വൈദ്യ പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.

ആരോഗ്യനില തൃപ്തികരമായതോടെ ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. തന്ത്രിയെ ഇപ്പോള്‍ സ്‌പെഷ്യല്‍ സബ് ജയിലിലേക്കാണ്  മാറ്റിയിരിക്കുന്നത്. ജനുവരി ഒമ്പതിനാണ് കണ്ഠരര് രാജീവര് അറസ്റ്റിലായത്.

സ്വര്‍ണക്കൊള്ള കേസിലെ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നും കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തന്ത്രിയെ എസ്.ഐ.ടി അറസ്റ്റ് ചെയ്തത്.

കേസിലെ 13ാം പ്രതിയായാണ് കണ്ഠരര് രാജീവര്. സാമ്പത്തിക ക്രമക്കേട്, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് തന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്.

വസ്തുവകകള്‍ ദുരുപയോഗം ചെയ്യുക, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കില്‍ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജരേഖ ചമയ്ക്കല്‍, വിലപ്പെട്ട രേഖകളോ വില്‍പത്രമോ വ്യാജമായി നിര്‍മിക്കാന്‍, ക്രിമിനല്‍ ഗൂഢാലോചന, പൊതുവായ ഉദ്ദേശത്തിനായി ഒന്നിലധികം പേര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും കണ്ഠരര് രാജീവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം ഈ മാസം പതിമൂന്നിന് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കൊല്ലം വിജിലന്‍സ് കോടതി അറിയിച്ചിരുന്നു. ആവശ്യമെങ്കില്‍ ജയിലില്‍ വൈദ്യസഹായം നല്‍കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Content Highlight: Sabarimala, Kandararu Rajeevaru discharged from hospital; transferred to jail

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more