കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ തുടരുന്ന എ. പത്മകുമാറിനെതിരെ കൂടുതല്‍ വാദങ്ങളുമായി എസ്.ഐ.ടി. പത്മകുമാര്‍ ദേവസ്വം മിനുട്‌സില്‍ തിരുത്തല്‍ വരുത്തിയത് മനപൂര്‍വമെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
എ. പത്മകുമാര്‍ മിനുട്‌സില്‍ സ്വര്‍ണപാളി കൈമാറാന്‍ അനുവദിക്കുന്നുവെന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയെന്നും എസ്.ഐ.ടി പറയുന്നു.
സ്വര്‍ണപാളി കൈമാറാന്‍ തന്ത്രിയാണ് അനുമതി നല്‍കിയതെന്ന പത്മകുമാറിന്റെ വാദം തെറ്റാണ്. മിനുട്‌സില്‍ അനുവാദം രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
എന്നാല്‍ സ്വര്‍ണപാളി കൈമാറിയതിന് ശേഷം അതില്‍ ശ്രദ്ധ ചെലുത്തിയില്ലെന്നും മിനുട്‌സില്‍ പിച്ചളപാളി എന്നത് മാറ്റി പകരം ചെമ്പ് പാളി എന്നെഴുതിയെന്നും കണ്ടെത്തലുണ്ട്.
കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് തന്ത്രിയല്ലെന്നും ഈ വാദത്തെ സാധൂകരിക്കുന്ന രേഖകള്‍ ലഭ്യമല്ലെന്നും എസ്.ഐ.ടി പറയുന്നു. മാത്രമല്ല, മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
നേരത്തെ സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊള്ളയ്ക്ക് പിന്നില്‍ അരങ്ങേറിയത് വിശാലമായ ക്രിമിനല്‍ ഗൂഢാലോചനയാണെന്നും സ്വര്‍ണകവര്‍ച്ച നടന്നത് സംഘടിത കുറ്റകൃത്യമാണെന്നും എസ്.ഐ.ടി പറഞ്ഞിരുന്നു.
ശബരിമലയിലെ മറ്റു പാളികളില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കാന്‍ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിയും പദ്ധതിയിട്ടിരുന്നുവെന്നും എസ്.ഐ.ടി കോടതിയില്‍ പറഞ്ഞു. 2025 ഒക്ടോബര്‍ മാസത്തിലാണ് ഇരുവരും തമ്മിലുള്ള ഗൂഢാലോചന നടന്നതെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടിയിരുന്നു.
ഗോവര്‍ധന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് എസ്.ഐ.ടി കോടതിയോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. നിലവില്‍ സ്വര്‍ണക്കൊള്ളയിലെ മറ്റു വിവരങ്ങള്‍ കണ്ടെത്താന്‍ എസ്.ഐ.ടിക്ക് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്.
ആറാഴ്ച സമയമാണ് അനുവദിച്ചിരിക്കുന്നത്. കൂടുതല്‍ സമയം അനുവദിക്കണമെന്ന് എസ്.ഐ.ടി തന്നെയാണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിനോട് ആവശ്യപ്പെട്ടത്.
Content Highlight: Sabarimala gold theft; SIT says Padmakumar made corrections in Devaswom minutes intentionally