| Friday, 30th January 2026, 8:06 am

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ ജയറാമിന്റെ വീട്ടിലെത്തിയാണ് എസ്.ഐ.ടി ചോദ്യം ചെയ്തത്.

ജയറാമും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളുണ്ടോയെന്ന സംശയത്തിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. ജയറാമിനെ കേസിൽ സാക്ഷിയാക്കിയേക്കുമെന്നാണ് വിവരം.

ഒന്നിലധികം തവണ ഇരുവരും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൗഹൃദത്തിലായിരുന്നുവെന്നും എസ്.ഐ.ടി സ്ഥിരീകരിച്ചു. ഇതിനുപിന്നാലെയാണ് ചോദ്യം ചെയ്യലെന്നാണ് റിപ്പോർട്ടുകൾ.

ശബരിമലയിൽ വെച്ചാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുമായി ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്.ഐ.ടിക്ക് മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ വന്നിട്ടുണ്ടെന്നും ജയറാം എസ്.ഐ.ടിയോട് സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ.

ഒരു ഭക്തൻ എന്ന നിലയിൽ ശബരിമലയിൽ നിന്നും തുടങ്ങിയ ബന്ധമാണെന്നും പിന്നീട് നിരന്തരം ബന്ധം പുലർത്തിയിരുന്നെന്നും തന്റെ വീട്ടിൽ പലതവണ വന്നിട്ടുണ്ടെന്നും ജയറാം എസ്.ഐ.ടിയോട് പറഞ്ഞതായി റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു.

സ്വർണപ്പാളികൾ കൊണ്ടുവന്ന് പൂജ നടത്തിയതിനപ്പുറത്തേക്ക് പലതവണ വീട്ടിൽ വന്ന് പൂജകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം മൊഴി നൽകി.

ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും പോറ്റിയുമായി തനിക്കില്ലെന്നും സ്വർണകൊള്ളയെ കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിൽ നിന്നും അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപ്പവും പോറ്റി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും പൂജ ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Sabarimala gold theft; SIT questions Jayaram

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more