തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി കൊല്ലം വിജിലന്‍സ് കോടതി എസ്.ഐടിക്ക് നല്‍കിയിരിക്കുന്നത്.
നിലവില്‍ കട്ടിളപ്പാളി സ്വര്‍ണം കവര്‍ന്ന കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് തന്ത്രി.
സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറില്‍ ഒപ്പിട്ടതുവഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
അസിസ്റ്റന്റ് കമ്മീഷണറുടെ അതേ ഉത്തരവാദിത്തമാണ് തന്ത്രിക്കുള്ളതെന്നും ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും തന്ത്രി ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടിയുടെ നിലപാട്.
എന്നാല്‍ ഇത്തരത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ മറന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറത്തേക്കു കൊണ്ട് പോവാന്‍ തന്ത്രി മൗനാനുവാദം നല്‍കിയതെന്നും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കോടതി നടപടി.
അതേസമയം സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 27 വരെയാണ് റിമാന്‍ഡ് നീട്ടിയിരിക്കുന്നത്. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.
പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റും എസ്.ഐ.ടിയുടെ നടപടി ക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹരജിയില്‍ എസ്.ഐ.ടിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെതാണ് നടപടി. കേസ് അടുത്ത ബുധനാഴ്ച്ച പരിഗണിക്കും.
സ്വര്‍ണ്ണക്കൊളള കേസില്‍ ദേവസ്വം ബോര്‍ഡിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എല്ലാ കാര്യങ്ങളും എസ്.ഐ.ടിയെ ഏല്‍പ്പിക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് സംസ്ഥാനത്ത് ദേവസ്വം ബോര്‍ഡെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ചോദ്യം.
Content Highlight: Sabarimala gold theft; Permission to arrest Thantri Kantarar Rajiv, Padmakumar’s remand extended