| Tuesday, 3rd February 2026, 10:58 am

ശബരിമല സ്വര്‍ണക്കൊള്ള; സ്പീക്കറുടെ ഡയസ്സിലേക്ക് കയറി പ്രതിപക്ഷം, വീണ്ടും സഭ വിട്ട് പോയി സ്പീക്കര്‍

നിഷാന. വി.വി

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള മന്ത്രി വി.ശിവന്‍കുട്ടിയുടെ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സ്വര്‍ണം കട്ടത് ആരപ്പാ അത് കോണ്‍ഗ്രസാണേ അയ്യപ്പായെന്നും സംരക്ഷിക്കുന്നത് ആരപ്പാ സോണിയാഗാന്ധിയാണെ അയ്യപ്പായെന്നുമുള്ള വി.ശിവന്‍കുട്ടിയുടെ ചോദ്യത്തോത്തര വേളയിലെ പ്രതികരണത്തിലായിരുന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയത്.

സ്പീക്കറുടെ ഡയസിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രതിപക്ഷ അംഗങ്ങളായ സനീഷ് കൂമാര്‍ ജോസഫ് എം.എല്‍.എ, അന്‍വര്‍ സാദത്ത് എം.എല്‍.എ എന്നിവര്‍ ഡയസിന് മുകളിലേക്ക് കയറുകയായിരുന്നു. ഇതേ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. ഉടന്‍ തന്നെ സ്പീക്കര്‍ ഡയസില്‍ നിന്ന് മുറിയിലേക്ക് മടങ്ങുകയും ചെയ്തു.

സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളോരോന്നായി പുറത്ത് വരുന്ന സാഹചര്യമാണെന്നും അയ്യപ്പന്റെ സ്വര്‍ണം മാത്രം തിരിച്ചുകിട്ടിയില്ലെന്നും ആരോപിച്ചാണ് പ്രതിപക്ഷം സഭയ്ക്കുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

അടിയന്തര പ്രമേയം പോലും നല്‍കാതെ പ്രതിഷേധിക്കാന്‍ യു.ഡി.എഫ് പാര്‍ലമെന്റി യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു.

സഭാ നടപടികള്‍ വീണ്ടും പുനസ്ഥാപിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ വീണ്ടും സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

സ്പീക്കറുടെ നിര്‍ദേശ പ്രകാരം വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങള്‍ പ്രതിപക്ഷത്തിന്റെ കയ്യില്‍ നിന്നും ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് വാങ്ങുകയും ചെയ്തു.

പിന്നീട് പ്രതിപക്ഷം സ്പീക്കറിന്റെ ഡയസിനുള്ളില്‍ കയറി നിന്നതോടെ വീണ്ടും സ്പീക്കര്‍ സഭ വിട്ട് പോവുകയായിരുന്നു. ഇതോടെ സഭാ ടി.വി സംപ്രേഷണം നിര്‍ത്തിവെച്ചു.

ശബരിമല വിഷയത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും പ്രതിപക്ഷം സഭയ്ക്ക് പുറത്ത് സമരം നടത്തിയിരുന്നു.

Content Highlight:  Sabarimala gold theft; Opposition enters Speaker’s dias, Speaker leaves the House again

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more