പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസു അറസ്റ്റിൽ. കഴിഞ്ഞ ദിവസം രണ്ട് തവണയായി എൻ. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു.
2019 ൽ ശബരിമല ശ്രീകോവിലിന്റെ കട്ടിളപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതിൽ എൻ.വാസുവിന് പങ്കുണ്ടെന്ന കണ്ടെത്തലിൽ വാസുവിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്വർണപാളികൾ കൊടുത്തുവിട്ടതെന്നുമായിരുന്നു എസ്.ഐ.ടിയുടെ റിപ്പോർട്ട്.
ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിലപാളികൾ കൊടുത്തുവിടുമ്പോൾ എൻ. വാസു കൃത്യമായ നിലപാട് എടുത്തില്ലെന്നും മുരാരി ബാബുവും എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന സുധീഷ് കുമാറും എഴുതിയ റിപ്പോർട്ടിലെ തെറ്റ് എൻ. വാസു ആവർത്തിച്ചെന്നുമാണ് റിപ്പോർട്ട്.
നേരത്തെ ശബരിമല സ്വർണകൊള്ളയിൽ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
രേഖകളിൽ സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കി ചെമ്പ് പാളികൾ എന്ന് രേഖപെടുത്തിയാണ് കട്ടിളപാളികൾ നവീകരണത്തിനായുള്ള ശുപാർശ എൻ.വാസു നൽകിയതെന്ന് എസ്.ഐ.ടി പറഞ്ഞു.
ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ, സ്വർണക്കവർച്ച തുടങ്ങിയ ആരോപണങ്ങളാണ് എസ്.ഐ.ടി വാസുവിനെതിരെ ഉന്നയിച്ചത്.
അനധികൃതമായി പാളികൾ പോറ്റിയുടെ കൈവശം നൽകാൻ വാസു ഇടപെടൽ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlight: Sabarimala gold theft: Former Devaswom Board President N. Vasu arrested