| Wednesday, 21st January 2026, 1:18 pm

ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാറിനും ബി. മുരാരി ബാബുവിനും ജാമ്യമില്ല

രാഗേന്ദു. പി.ആര്‍

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളും ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്മാരുമായ എ. പത്മകുമാറിനും ബി. മുരാരി ബാബുവിനും ജാമ്യമില്ല. ഹൈക്കോടതിയുടേതാണ് നടപടി. ജസ്റ്റിസ് ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ചത്.

കേസിലെ മറ്റൊരു പ്രതിയായ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്റെയും ജാമ്യാപേക്ഷ തള്ളി. എസ്.ഐ.ടി ഉന്നയിച്ച വാദങ്ങള്‍ ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചത്.

അറസ്റ്റിലായിട്ട് 52 ദിവസങ്ങളായെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കള്ളക്കേസാണെന്നുമാണ് പത്മകുമാര്‍ കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ നവംബര്‍ 20നാണ് പത്മകുമാര്‍ അറസ്റ്റിലായത്.

എന്നാല്‍ പത്മകുമാര്‍ മിനുട്‌സില്‍ പിച്ചളപാളി എന്നത് മാറ്റി പകരം ചെമ്പ് പാളിയെന്ന് തന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയതായി എസ്.ഐ.ടി വാദിച്ചു. കൂടാതെ സ്വര്‍ണപാളികള്‍ കൈമാറാന്‍ അനുമതി നല്‍കിയതിന്റെ തെളിവും എസ്.ഐ.ടി ഹാജരാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിന് ജാമ്യം നിഷേധിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഗൗരവതരമായ ഒന്നാണെന്നും ഇതിന്റെ ഗൂഢാലോചനയില്‍ മുരാരി ബാബുവിനും ഗോവര്‍ധനും പങ്കുണ്ടെന്ന വാദവും ശരിവെച്ചാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.

അതേസമയം പത്മകുമാറിന്റെയും എന്‍. വാസുവിന്റെയും സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടുമെന്നും വിവരമുണ്ട്.

ഇന്നലെ (ചൊവ്വ) നടന്ന റെയ്ഡിന് പിന്നാലെയാണ് ഇ.ഡിയുടെ നടപടി. കവര്‍ച്ചാപ്പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നാണ് വിവരം. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നീക്കമുണ്ട്.

ഇന്നലെ സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.

പോറ്റി അറസ്റ്റിലായിട്ട് 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാല്‍ കട്ടിളപാളി കേസില്‍ പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ തന്നെ തുടരും.

Content Highlight: Sabarimala gold robbery; No bail for A. Padmakumar and B. Murari Babu

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more