പന്തളം: ശബരിമലയിലെ സ്വര്‍ണ മോഷണത്തില്‍ കേസ്. ക്രൈംബ്രാഞ്ചിന്റെതാണ് നടപടി. സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് കേസിലെ ഒന്നാംപ്രതി.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൂടാതെ, സ്വര്‍ണപാളി വിഷയത്തില്‍ സസ്പെന്‍ഷന്‍ നേരിട്ട മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരും കേസിലെ പ്രതികളാണ്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്. ഒമ്പത് ജീവനക്കാരാണ് പ്രതി പട്ടികയിലുള്ളത്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സ്വര്‍ണപാളി വിഷയത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്‍പത്തിലെയും വാതില്‍പടിയിലെയും സ്വര്‍ണം മോഷ്ടിച്ചതില്‍ പ്രത്യേകം എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്.
രണ്ട് കേസുകളിലും ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെയാണ് ഒന്നാംപ്രതി. മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും വ്യത്യസ്ത സമയങ്ങളില്‍ നടന്നതിനാലാണ് പ്രത്യേകം എഫ്.ഐ.ആറുകൾ രജിസ്റ്റര്‍ ചെയ്തത്.
ഗൂഢാലോചനയും വിശ്വാസവഞ്ചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് സ്വര്‍ണപാളികള്‍ കൈമാറാന്‍ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികള്‍.
ഇവര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോട് കൂടിയാണ് പോറ്റിയ്ക്ക് സ്വര്‍ണപാളികള്‍ കൈമാറിയത്.
സ്വര്‍ണപാളി വിവാദത്തെ തുടര്‍ന്ന് ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാന്‍ ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഇന്നലെ (വെള്ളി) പമ്പയിലെത്തിയിരുന്നു. ഭക്തര്‍ സമര്‍പ്പിച്ച ലോഹ വസ്തുക്കള്‍ ഉള്‍പ്പെടെ പരിശോധിച്ച ശേഷം അമിക്കസ് ക്യൂറി ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് കൈമാറും.
ശബരിമലയിലെ സ്വര്‍ണപാളി കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
18 സ്‌ട്രോങ് റൂമുകളാണ് ശബരിമലയില്‍ ഉള്ളത്. ഇവ മുഴുവനായും പരിശോധിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്.
Content Highhlight: Sabarimala gold robbery; Crime Branch registers case