| Saturday, 7th February 2026, 1:31 pm

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; അടൂര്‍ പ്രകാശിനെ രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്ത് എസ്.ഐ.ടി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്.ഐ.ടി. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അടൂര്‍ പ്രകാശ് പുറത്തിറങ്ങിയത്.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ ഉള്‍പ്പെടെ വ്യക്തത വരുത്തുന്നതിനായി എസ്.ഐ.ടി അടൂര്‍ പ്രകാശിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്വകാര്യ വാഹനത്തിലാണ് കോണ്‍ഗ്രസ് എം.പി ചോദ്യം ചെയ്യലിനായി് ഹാജരായത്.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും എസ്.ഐ.ടി വിളിച്ചുവരുത്തിയിരുന്നു.

എസ്.ഐ.ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചെല്ലാം എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചോദിച്ചു. എല്ലാ വിവരങ്ങളും എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം തന്റെ മണ്ഡലത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ മാത്രം ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്നാണ് അടൂര്‍ പ്രകാശ് നേരത്തെ പ്രതികരിച്ചിരുന്നത്. നേരത്തെ മുന്‍ ദേവസ്വം മന്ത്രിയും സി.പി.ഐ.എം നേതാവുമായ കടകംപള്ളി സുരേന്ദ്രനേയും എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനിടെ യു.ഡി.എഫ് നേതാക്കളായ കെ. സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവര്‍ ഇടതുപക്ഷത്തെ ലക്ഷ്യമിട്ട് മാധ്യമങ്ങളോട് സംസാരിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ സി.പി.ഐ.എം നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ദേവസ്വം മന്ത്രിസ്ഥാനത്ത് തുടരാന്‍ വി.എന്‍. വാസവന് അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ ജയിലില്‍ കിടക്കുമ്പോള്‍, പോറ്റിയെ ശബരിമലയില്‍ കയറ്റിയത് യു.ഡി.എഫ് കാലത്താണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ജയിലില്‍ കിടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlight: Sabarimala gold robbery case; SIT questions Adoor Prakash for over two hours

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more