| Tuesday, 9th December 2025, 9:53 am

സ്വർണപാളി അന്താരാഷ്ട്ര വിപണിയിൽ വിറ്റു; എസ്.ഐ.ടിക്ക് നിർണായക വിവരം നൽകും: രമേശ് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ശബരിമലയിലെ മോഷണം പോയ സ്വര്‍ണപാളി അന്താരാഷ്ട്ര വിപണിയില്‍ വിറ്റുവെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല. ഒരു വ്യവസായി മുഖേനെയാണ് തനിക്ക് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വിഷയത്തില്‍ നാളെ (ബുധന്‍) എസ്.ഐ.ടിയ്ക്ക് മുമ്പാകെ താന്‍ മൊഴി നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ശബരിമല വലിയ വിഷയം തന്നെയാണ്. കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ വികാരം വൃണപ്പെടുത്തിയ സംഭവമാണിത്. നാളെ പത്താം തിയ്യതി എനിക്ക് കിട്ടിയ വിവരങ്ങള്‍ എസ്.ഐ.ടിയ്ക്ക് ഞാന്‍ നല്‍കും.11 മണിയോട് കൂടി എന്റെ കൈയില്‍ ഉള്ള എല്ലാ വിവരങ്ങളും എസ്.ഐ.ടിയ്ക്ക് കൈമാറും.

ഇത് അന്തര്‍ദേശിയ തലത്തിലുള്ള ഒരു കൊള്ളയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണപാളി കോടാനുകോടി രൂപയ്ക്ക് വിറ്റിരിക്കുന്നു. ഇത് ഇതുവരെ എവിടെയാണെന്ന് കണ്ടുപിടിച്ചില്ലല്ലോ. സ്വര്‍ണപാളി അന്തര്‍ ദേശീയ വിപണിയിലേക്ക് പോയത് കൊണ്ടാണ് കണ്ടുപിടിക്കാന്‍ കഴിയാത്തത്.

സംഭവത്തെ കുറിച്ച് അറിയാവുന്ന ഒരു വ്യവസായിയാണ് എനിക്ക് വിവരം തന്നത്. ഈ വിവരങ്ങളാണ് ഞാന്‍ നാളെ എസ്.ഐ.ടിയ്ക്ക് കൈമാറുന്നത്.

അദ്ദേഹത്തിന്റെ വിശദാംശങ്ങളും എസ്.ഐ.ടിക്ക് കൈമാറും. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഈ വ്യവസായിക്കാണ്,’ രമേശ് ചെന്നിത്തല പറഞ്ഞു.

വ്യവസായിയുടെ പേര് നാളെ വെളിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന് പേടിയുണ്ട്. പൊലീസ് സംരക്ഷണം നല്‍കണം. സംരക്ഷണം നല്‍കിയാല്‍ വ്യവസായി കൂടുതല്‍ വിവരം നല്‍കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Content Highlight: Sabarimala Gold plating sold in international market; crucial information will be provided to SIT: Ramesh Chennithala

We use cookies to give you the best possible experience. Learn more