| Wednesday, 8th October 2025, 11:37 am

സ്വര്‍ണപാളിയില്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളി മോഷണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം. പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം മൂന്നാം ദിവസവും സഭയിലെത്തിയത്. പ്രതിപക്ഷ എം.എല്‍.എമാര്‍ സ്പീക്കറുടെ മുഖം മറിച്ച് പ്രതിഷേധിച്ചതോടെ സഭ നിര്‍ത്തിവെച്ചു.

സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. സഭാ നടപടികള്‍ കാണാനെത്തിയ കുട്ടികളെ ‘നിങ്ങള്‍ ഇതെല്ലാമാണോ കാണിക്കാന്‍ ഉദ്ദേശിക്കുന്നത്,’ എന്ന് പ്രതിപക്ഷത്തോട് ചോദിച്ച ശേഷമാണ് അദ്ദേഹം സഭ വിട്ടിറങ്ങിയത്.

സ്പീക്കറുടെ ഡയസിന് മുന്നിലേക്കെത്തിയ പ്രതിപക്ഷ എം.എല്‍.എമാരും വാച്ചര്‍മാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പിന്നാലെ പ്രതിപക്ഷ അംഗങ്ങളും സഭാ നടപടികള്‍ ബഹിഷ്‌കരിച്ചിരുന്നു.

ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഇതിനിടെ എം.എല്‍.എമാരായ കെ.കെ. രമയും കെ. രാജനും തമ്മില്‍ വാക്കേറ്റവുമുണ്ടായി.

കഴിഞ്ഞ ദിവസങ്ങളില്‍ സമാധാനപരമായാണ് സഭയില്‍  മുദ്രാവാക്യം വിളിച്ചതെന്നും എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചോദ്യോത്തരവേള തടസപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും സജി ചെറിയാനും ചേർന്നാണ് സഭാനടപടികൾ സ്തംഭനാവസ്ഥയിൽ എത്തിച്ചത്. ഇവർ തന്നെയാണ് പ്രതിപക്ഷത്തിനെതിരെ സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങിവന്നതും. വനിതാ വാച്ചര്‍മാരെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷ പ്രതിഷേധത്തെ തടയാനാണ് ഭരണപക്ഷം ശ്രമിച്ചതെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

എന്നാല്‍ തൃക്കാക്കര എം.എല്‍.എയും കല്ലൂർ സ്റ്റേഡിയത്തിലെ അപകടത്തെ തുടര്‍ന്ന് ഇപ്പോഴും ചികിത്സ തുടരുന്ന ഉമാ തോമസിനെ ഉള്‍പ്പെടെ മനുഷ്യകവചമാക്കിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചതെന്ന് എം.ബി. രാജേഷ് പ്രതികരിച്ചു.

സ്വര്‍ണപാളി വിഷയത്തില്‍ സ്പീക്കര്‍ ഇന്ന് (ബുധന്‍) രാവിലെ വിളിച്ചുചേര്‍ത്ത യോഗം ബഹിഷ്‌കരിച്ചത് പ്രതിപക്ഷമാണെന്നും എം.ബി. രാജേഷ് പറഞ്ഞു.

യു.ഡി.എഫില്‍ കള്ളന്മാരുണ്ടെന്നാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചത്. ‘ചോര്‍ ഹേ ചോര്‍ ഹേ യു.ഡി.എഫ് ചോര്‍ ഹേ’ എന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. യു.ഡി.എഫുകാര്‍ മുഴുവന്‍ കള്ളന്മാരാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും പറഞ്ഞു.

Content Highlight: Sabarimala Gold plate theft; Opposition uproar in the Assembly

We use cookies to give you the best possible experience. Learn more