ന്യൂദല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദം സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്ത രീതിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്ത്തിയുള്ളതായി റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണും അമ്മയുമായ സോണിയാഗാന്ധിയുടെ പേര് സ്വര്‍ണക്കൊള്ളയിലേയ്ക്ക് വലിച്ചിയഴ്ക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി അതൃപ്തി അറിയിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദീര്‍ഘ വീക്ഷണമില്ലാത്ത സമീപനമാണ് സോണിയാഗാന്ധിയുടെ പേര് വിഷയത്തില്‍ വലിച്ചിഴക്കപ്പെടാന്‍ കാരണമായതെന്ന് അദ്ദേഹം കരുതുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതാണ് പ്രത്യാക്രമണം ശക്തമാക്കുന്നതിലേക്ക് എല്‍.ഡി.എഫിനെ നയിച്ചതെന്ന് രാഹുല്‍ ഗാന്ധി കരുതുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള
സോണിയാഗാന്ധിയുടെയും കോണ്‍ഗ്രസ് എം.പിമാരായ അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എന്നിവരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു.
ഇതോടെ രാഷ്ട്രീയ പോര് രൂക്ഷമാവുകയും ചിത്രം ആയുധമാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ആരോപണത്തില്‍ കഴമ്പില്ലെന്ന് കോണ്‍ഗ്രസ് വാദിച്ചു.
കഴിഞ്ഞ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിലും വിഷയം വലിയ ചര്‍ച്ചയായിരുന്നു.
സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നും ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണമാണ് പോറ്റി സോണിയാ ഗാന്ധിക്ക് ഉപഹാരമായി കൊടുത്തതെന്നും മന്ത്രി വി. ശിവന്‍കുട്ടി ആരോപിച്ചിരുന്നു.
മന്ത്രി എം.ബി രാജേഷും ഇതുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
‘കട്ടവനെയും കട്ടമുതല്‍ വാങ്ങിയവനേയും കാണാനാവുക ഒരേ ചിത്രത്തിലാണ് ആ വസ്തുത നിഷേധിക്കാന്‍ കോണ്‍ഗ്രസിനാകുമോ,’ എന്നായിരുന്നു എം.ബി രാജേഷിന്റെ ചോദ്യം.
സോണിയാ ഗാന്ധിക്കെതിരായ പരാമര്‍ശങ്ങള്‍ പാര്‍ട്ടി രേഖകളില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന് കത്ത് നല്‍കിയിരുന്നു. ഇതും കോണ്‍ഗ്രസിനെ പ്രതികൂലമായാണ് ബാധിച്ചെതെന്ന് പാര്‍ട്ടിയിലെ തന്നെ ആളുകള്‍ കരുതുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്ത് വന്ന ചിത്രങ്ങളെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ലെന്നും അത് സി.പി.ഐ.എമ്മിന് വലിയ ആയുധമായെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്.
കൂടാതെ ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലെല്ലാം ‘പോറ്റിയോ കേറ്റിയേ’ എന്ന പാരഡി ഉപയോഗിച്ചത് എല്‍.ഡി.എഫ്-യു.ഡി.എഫ് പോര് ഇരട്ടിയാക്കാന്‍ മാത്രമേ ഉപകരിച്ചുവെന്നുമാണ് വിമര്‍ശനങ്ങള്‍.
Content Highlight: Sabarimala gold loot; Sonia’s name being dragged is due to lack of foresight of leadership; Rahul expresses dissatisfaction