| Thursday, 5th February 2026, 10:00 am

ശബരിമല സ്വർണക്കൊള്ള: അന്വേഷണം വിശ്വാസയോഗ്യം, സി.ബി.ഐ അന്വേഷണം ആവശ്യമില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌.ഐ.ടിയുടെ അന്വേഷണം വിശ്വാസയോഗ്യവും പഴുതടച്ചതുമാണെന്നും ഹൈക്കോടതി. അന്വേഷണത്തിൽ പൂർണ സംതൃപ്തിയുണ്ടെന്നും അതിസങ്കീർണ കേസുകളിൽ നിസാര വിഷയങ്ങൾ ഉയർത്തി സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത് നല്ല പ്രവണതയല്ലെന്നും കോടതി പറഞ്ഞു.

കേസിൽ കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം സൂക്ഷ്മമായി അന്വേഷണവും വിചാരണയും നടക്കേണ്ടതുണ്ടെന്നും അതിനാൽ കുറ്റപത്രം വൈകുന്നതിൽ ആശങ്ക വേണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് വി. രാജ, ജസ്റ്റിസ് വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത്, തന്ത്രി സമാജം എന്നിവർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

‘കുറ്റക്കാരെ രക്ഷപ്പെടാൻ അനുവദിക്കാത്തവിധം പഴുതടച്ചതും ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണമാണ് നടക്കുന്നത്. അതിൽ പൂർണ സംത്യപ്തിയുണ്ട്. ഇതിൽ വിചാരണ ഉൾപ്പടെ സൂക്ഷമായി നടക്കേണ്ടതുണ്ട്. അതിനാൽ തന്നെ എസ്‌.ഐ.ടി കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിൽ ആശങ്ക വേണ്ട. ഇത് വളരെ വേഗം പൂർത്തിയാക്കാവുന്ന ഒരു കേസല്ല,’ കോടതി പറഞ്ഞു.

സ്വർണകൊള്ളയിൽ പങ്കാളികളായ ഓരോ കണ്ണികളെയും ചേർക്കേണ്ടതുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് കൊണ്ട് ആർക്കും പെട്ടെന്ന് രക്ഷപ്പെടാനാവില്ല. എസ്‌.ഐ.ടിയ്ക്ക് കുറച്ച് സമയം നൽകൂ.

നിലവിൽ കേസ് അന്വേഷിക്കുന്നത് സംസ്ഥാന പൊലീസിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ്. എല്ലാ കേസും സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നില്ലെന്നും പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ എത്തുന്നവരാണ് സി.ബി.ഐയിലുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസിലുള്ള കോടതിയുടെ നിരീക്ഷണങ്ങൾ സ്വർണകൊള്ള പ്രധാന ആയുധമായി ഏറ്റെടുത്ത പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയാണ്. അന്വേഷണം ശരിയായ ദിശയിലല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത് അട്ടിമറിക്കുന്നുവെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.

നിയമസഭയിലടക്കം പ്രതിപക്ഷ അംഗങ്ങൾ ഈ ആരോപണം ഉയർത്തി കാട്ടിയിരുന്നു. എന്നാൽ, ഇപ്പോൾ കോടതി തന്നെ അന്വേഷണം വിശ്വാസയോഗ്യവും കോടതിയുടെ മേൽനോട്ടത്തിലുമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ശരിവെക്കുന്ന ഈ കോടതി നിരീക്ഷണം പ്രതിപക്ഷത്തിന്റെ വാദങ്ങൾ തള്ളുകയാണ്.

Content Highlight: Sabarimala gold loot: Investigation is credible, CBI probe not needed: Kerala High Court

We use cookies to give you the best possible experience. Learn more