| Sunday, 23rd November 2025, 7:34 am

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാം സാക്ഷി; എസ്.ഐ.ടി മൊഴിയെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ സാക്ഷി പട്ടികയില്‍ നടന്‍ ജയറാമും. പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയും രേഖപ്പെടുത്തും.

കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായാണ് ജയറാമിന്റെ മൊഴിയെടുക്കുക.
സാക്ഷി മൊഴി രേഖപ്പെടുത്താനായി സഹകരിക്കണമെന്നും സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണമെന്നും കാണിച്ച് നടന് എസ്.ഐ.ടി നോട്ടീസ് നല്‍കി.

സ്വര്‍ണപാളി പുറത്തെത്തിച്ച് പൂജ നടത്തിയ സംഭവത്തില്‍ ജയറാമും ഉള്‍പ്പെട്ടിരുന്നു. സ്വര്‍ണക്കൊള്ളയില്‍ ജയറാമിന് പങ്കില്ലെന്നും അദ്ദേഹത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി കബളിപ്പിച്ചെന്നുമാണ് പ്രാഥമിക നിഗമനം. കേസില്‍ കൂടുതല്‍ വ്യക്തത വരുത്താനായി കൂടുതല്‍ സാക്ഷികളെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

നിലവില്‍, 2019 ന് ശേഷം ദേവസ്വം ബോര്‍ഡ് അംഗങ്ങളായവരുടെ പേഴ്‌സണല്‍ സ്റ്റാഫ്, അറസ്റ്റിലായ പത്മകുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി, മുന്‍ അസി.എഞ്ചിനീയര്‍ ശ്രീകുമാര്‍, ബോര്‍ഡംഗം ശങ്കരദാസിന്റെ പ്രൈവറ്റ് സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഒക്ടോബര്‍ 16ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായിരുന്നു.

23ന് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, നവംബര്‍ ഒന്നിന് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, ആറിന് മുന്‍ തിരുവാഭരണ കമ്മീഷണര്‍ ബൈജു, 11ന് മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവും അറസ്റ്റിലായിരുന്നു.

നവംബര്‍ 20നാണ് കേസില്‍ സുപ്രധാന അറസ്റ്റുണ്ടായത്. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സി.പി.ഐ.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് തന്നെ കാരണമായിരിക്കുകയാണ്. കേസില്‍ എട്ടാം പ്രതിയാണ് പത്മകുമാര്‍.

പ്രതിപട്ടികയിലുള്ള ബാക്കിയുള്ളവരെ ഈയാഴ്ച തന്നെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും.

അതേസമയം, ശബരിമലയിലെ കട്ടിള പാളി മോഷണം നടന്നത് ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു. സ്വര്‍ണപാളി ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് 2019ലെ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണെന്ന് എസ്.ഐ.ടിയുടെ എഫ്.ഐ.ആറില്‍ പറയുന്നു.

കൂടുതല്‍ അന്വേഷണത്തില്‍ പത്മകുമാറും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടെന്നും എസ്.ഐ.ടി കണ്ടെത്തി. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇതുസംബന്ധിച്ച രേഖകള്‍ കണ്ടെടുത്തെന്നാണ് വിവരം. പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സടക്കം അന്വേഷിച്ചുവരികയാണ്.

Content Highlight: Sabarimala gold case: Actor Jayaram is in witness list; SIT will record statement

We use cookies to give you the best possible experience. Learn more