പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയും മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ എ. പത്മകുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് പത്മകുമാറിനെ 11 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കും എന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്താക്കലിലേക്ക് പോകാതെ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനിലൊതുക്കുകയായിരുന്നെന്ന് ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നു. ഇതിന് പിറകെ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പുറത്ത് വന്നിരുന്നു. പാര്‍ട്ടി സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കലാണ്. ഈ നടപടി പത്മകുമാറിനെതിരെ സ്വീകരിക്കുമെന്ന തരത്തിലായിരുന്നു അഭ്യൂഹങ്ങള്‍.
പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പത്മകുമാറിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നതായും മലയാളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇപ്പോള്‍ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് അടക്കം പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇപ്പോള്‍ പത്മകുമാറിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സജി ചെറിയാനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ലെന്ന് തോമസ് ഐസക് അറിയിച്ചു. യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം മാര്‍ച്ചില്‍ ആറന്മുള മണ്ഡലം എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പത്മകുമാറിനെ മാറ്റിയിരുന്നു. പകരം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഓമല്ലൂര്‍ ശങ്കരന് ചുമതല നല്‍കുകയും ചെയ്തിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയായിരുന്നു മാര്‍ച്ചില്‍ പത്മകുമാറിനെതിരെ സി.പി.ഐ.എം നടപടിയെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പത്മകുമാറിനെ ഒഴിവാക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം അന്ന് തീരുമാനിച്ചിരുന്നു. അതിനുപിന്നാലെയായിരുന്നു അന്ന് പത്മകുമാറിനെ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപാളി കേസിലും ദ്വാരപാലക കേസിലും എ. പത്മകുമാര്‍ പ്രതിയാണ്. എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായിരിക്കെയാണ് പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായതും ജയില്‍വാസം അനുഭവിച്ചതും.
ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി പത്മകുമാര്‍ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് വിശദീകരണം നല്‍കിയിരുന്നു. തപാല്‍ മുഖേനയായിരുന്നു സി.പി.ഐ.എം പത്മകുമാറിന്റെ വിശദീകരണം തേടിയത്.
2025 നവംബര്‍ 20നാണ് കട്ടിളപാളി കേസില്‍ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ റിമാന്‍ഡിലിരിക്കെ ദ്വാരപാലക കേസിലും എസ്.ഐ.ടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Content Highlight: Sabarimala Gold Case: A Padmakumar Suspended From Primary Membership of CPIM