പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ പ്രസിഡന്റ് ദേവസ്വം ബോർഡ് എ. പത്മകുമാർ അറസ്റ്റിൽ. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. പത്മകുമാറിനെ ഇന്ന് രാവിലെ എസ്.ഐ.ടി ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.
കട്ടിള പാളി മോഷണം ദേവസ്വം ബോർഡിന്റെ അറിവോടെയാണെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് പത്മകുമാറിനെ ഹാജരാക്കുമെന്നാണ് വിവരം.
2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായിരുന്ന എ.പത്മകുമാർ
സി.പി.ഐ.എമ്മിന്റെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമാണ്.
സ്വർണ പാളി കേസിൽ എട്ടാം പ്രതിയായി പത്മകുമാർ അധ്യക്ഷനായ 2019 ലെ ദേവസ്വം ബോർഡിനെ പ്രതി ചേർത്തിരുന്നു. ബോർഡിന്റെ അറിവോടെയാണ് സ്വർണപാളികൾ ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തതെന്നായിരുന്നു എസ്.ഐ.ടി തയ്യാറാക്ക്കിയ എഫ്.ഐ.ആർ.
സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായും എസ്.ഐ.ടിക്ക് സൂചന ലഭിച്ചിരുന്നു.
പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകളടക്കം എസ്.ഐ.ടി വിശദമായി അന്വേഷിച്ചുവരികയാണ്.
സ്വര്‍ണക്കൊള്ള കേസില്‍ നേരത്തേ അറസ്റ്റിലായ എന്‍. വാസുവിനെ വ്യാഴാഴ്ച വൈകീട്ട് നാലുമണി വരെ എസ്.ഐ.ടിയുടെ കസ്റ്റഡിയില്‍വിട്ടിട്ടുണ്ട്. വാസുവിനെയും പത്മകുമാറിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെ മൊഴി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്.
Content Highlight: Sabarimala Former Devaswom Board President A. Padmakumar arrested