തിരുവനന്തപുരം: ശബരിമലയില്‍ കാണാതായ സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് സഹോദരനാണെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്റെ സഹോദരി മിനി. ഷീല്‍ഡ് എന്നുപറഞ്ഞാണ് ഇത് വീട്ടില്‍ കൊണ്ടുവച്ചതെന്നും പീഠമാണെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നും ഇവര്‍ പറഞ്ഞു. ഇത്തരത്തില്‍ ഓരോന്ന് വീട്ടില്‍ കൊണ്ടുവെയ്ക്കാറുണ്ടായിരുന്നുവെന്നും ഇവര്‍ പ്രതികരിച്ചു.
‘എന്താണ് സംഭവമെന്ന് അറിയില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരികെ കൊണ്ടുപോകുമെന്നാണ് എന്നോട് പറഞ്ഞിരുന്നത്. വിജിലന്‍സ് വന്നപ്പോഴാണ് പീഠമാണെന്ന് അറിഞ്ഞത്,’ മിനി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റി ഇത്തരത്തില്‍ പലതും കൊണ്ട് വരാറുണ്ടെന്ന് മിനിയുടെ പങ്കാളി ഈശ്വരന്‍ പോറ്റിയും വ്യക്തമാക്കി.
ശബരിമലയില്‍ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപീഠം പരാതിക്കാരന്റെ പക്കല്‍ നിന്നുതന്നെ കണ്ടെത്തിയതില്‍ ഗൂഢാലോചയുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞിരുന്നു. സ്വര്‍ണപീഠം നാലരവര്‍ഷക്കാലം ഒളിപ്പിച്ചുവെച്ച് ഉണ്ണികൃഷ്ണന്‍ എല്ലാവരെയും കബളിപ്പിച്ചുവെന്നും മന്ത്രി പ്രതികരിച്ചു.
ശബരിമലയിലേക്ക് പീഠം സ്പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ തന്നെയാണ് പിന്നീട് ഇവ കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയതും. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടോയെന്ന സംശയമുയര്‍ന്നത്.
കൂടുതല്‍ അന്വേഷണത്തില്‍ പീഠങ്ങള്‍ ഉപയോഗിച്ച് ഉണ്ണികൃഷ്ണന്‍ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിച്ചതായും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്.
പീഠവും സ്വര്‍ണപ്പാളിയും മറയാക്കി അയ്യപ്പഭക്തരെ കബളിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് വിജിലന്‍സിന്റെ ആരോപണം.
പീഠം കാണാനില്ലെന്ന് പരാതി ഉന്നയിച്ച ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ ശബരിമല സ്ട്രോങ് റൂമില്‍ പീഠം എത്തിക്കാന്‍ നീക്കം നടത്തിയതിന്റെ തെളിവുകളും ദേവസ്വം വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.
കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എല്ലാകാര്യങ്ങളും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ദേവസ്വം വിജിലന്‍സിനോട് നിര്‍ദേശിച്ചിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ വൈകാതെ സമര്‍പ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
Content Highlight: Sabarimala dwarapalaka peedam controversy, Sister against Unnikrishnan Potty