തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘനാളായ കാത്തിരിപ്പിന് ഒടുവിൽ അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായി ചെവാകുന്ന മൊത്തം തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഈ തീരുമാനത്തിന് മന്ത്രിസഭ ഇന്ന് (ബുധനാഴ്ച) അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
3810 കോടി രൂപ ചെലവ് വരുന്ന പദ്ധതിയാണിത്. സംസ്ഥാനം 1905 കോടി രൂപ ചെലവഴിക്കും. ഇക്കാര്യം റെയിൽവേ മന്ത്രാലയത്തെ സർക്കാർ അറിയിക്കും.
കേന്ദ്ര സർക്കാരിന്റെ പുതിയ നിർദേശമാണ് സംസ്ഥാനത്തിനെ പണം ചെലവഴിക്കാൻ നിർബന്ധിതമാക്കിയിരിക്കുന്നത്. കിഫ്ബി വഴിയാണ് കേരളം പണം കണ്ടെത്തുക.
പദ്ധതി പെട്ടെന്ന് പൂർത്തിയാക്കുന്നതിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കലക്ടർമാർക്കാണ് നിർദേശം കൈമാറിയിരിക്കന്നത്.
മലയോര മേഖലയുടെ വികസനത്തിന് സഹായകരമാകുന്ന ഈ പദ്ധതിയെ ഭാവിയിൽ എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങളും സർക്കാർ നടത്തും.
അതേസമയം, കേന്ദ്ര പദ്ധതികൾ നടപ്പാക്കണമെങ്കിലും സംസ്ഥാനങ്ങൾ പദ്ധതി ചെലവിന്റെ ഒരു വിഹിതം വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർബന്ധം വികസന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്:
സംസ്ഥാനത്തിന്റെ ദീർഘകാല സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും.
27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ഈ വികസന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കിഫ്ബി മുഖേന തുക കണ്ടെത്തി ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിക്കഴിഞ്ഞു.
കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്ന കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധി നമ്മുടെ വികസന സ്വപ്നങ്ങളുടെ ചിറകരിയുകയാണ്.
ശബരിപാതയുടെ കാര്യത്തിലും ഇതേ അവസ്ഥ തുടർന്നതിനാലാണ് പകുതി വിഹിതം സർക്കാർ ഏറ്റെടുക്കുന്നത്. മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുന്ന ഈ പദ്ധതി എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഊർജ്ജമാകുന്ന എല്ലാ പശ്ചാത്തല പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി ഇടപെടുകയാണ് എൽഡിഎഫ് സർക്കാർ. ശബരിപാതയുടെ പദ്ധതിച്ചെലവിന്റെ പകുതി വഹിക്കാനായി മന്ത്രിസഭ എടുത്ത തീരുമാനം ഈ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണ്.
Content Highlight: Sabari railway line is coming after 27 years of wait; Kerala Government will bear half the cost