| Thursday, 30th April 2026, 4:24 pm

അവന്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണ്: പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരം

Sudev A

മുംബൈ ഇന്ത്യന്‍സിന്റെ സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍ റിയാന്‍ റിക്കല്‍ട്ടണിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സബ കരീം. റിക്കല്‍ട്ടണ്‍ പഞ്ചാബ് കിങ്സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണെന്നാണ് സബ കരീം പറയുന്നത്. പ്രിയാന്‍ഷ് ആര്യയെ പോലെ സ്ഥിരതയുള്ള താരമാണ് റിക്കല്‍ട്ടണെന്നതും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു. ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോയിലൂടെ സംസാരിക്കുകയായിരുന്നു സബ കരീം.

‘റിയാന്‍ റിക്കല്‍ട്ടണ്‍ പ്രിയാന്‍ഷ് ആര്യയെ പോലെയാണ്. ഇരുവരും വളരെ സ്ഥിരതയുള്ളവരാണ്. പവര്‍ പ്ലേയില്‍ പേസ് ബൗളര്‍മാരെ നേരിടുന്നതിന് വേണ്ടി അവര്‍ പുറത്തേക്ക് ഇറങ്ങാറില്ല. പന്ത് അടുത്തേക്ക് വരുന്നത് വരെ അവര്‍ കാത്തിരിക്കും. ഓണ്‍ സൈഡിലേക്ക് ഷോട്ട് അടിക്കുമ്പോള്‍ അവര്‍ ഇരുവരും ഒരുപോലെയാണ്’, സബ കരീം പറഞ്ഞു.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങാന്‍ റിക്കല്‍ട്ടണിന് സാധിച്ചിരുന്നു. ഐ.പി.എല്ലില്‍ തന്റെ കന്നി സെഞ്ച്വറി നേടിയാണ് റിയാന്‍ തിളങ്ങിയത്. 55 പന്തില്‍ 10 ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 123* റണ്‍സ് നേടി പുറത്താകാതെയാണ് റിയാന്‍ ബാറ്റ് ചെയ്തത്. 223.64 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ ഒരുപിടി ചരിത്ര നേട്ടങ്ങളും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലില്‍ മുംബൈയ്ക്ക് വേണ്ടി ഒരു മത്സരത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായും റിക്കല്‍ട്ടണ്‍ മാറിയിരുന്നു. ഇതിഹാസ താരം സനത് ജയസൂര്യയെ മറികടന്നാണ് റിയാന്‍ മുന്നേറിയത്. മുംബൈക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടത്തിലും ജയസൂര്യയെ റിയാന്‍ മറികടന്നിരുന്നു.

ഐ.പി.എല്ലില്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ സൗത്ത് ആഫ്രിക്കന്‍ താരമാണ് റിക്കല്‍ട്ടണ്‍. എ.ബി. ഡി വില്ലിയേഴ്സ്, ക്വിന്റണ്‍ ഡി കോക്, ഹാഷിം അംല, ഹെന്റിക്ക് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരാണ് ഇതിന് ഐ.പി.എല്ലില്‍ സെഞ്ച്വറി നേടിയ പ്രോട്ടിയാസ് താരങ്ങള്‍.

അതേസമയം റിക്കല്‍ട്ടണ്‍ സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും മത്സരത്തില്‍ മുംബൈ പരാജയപ്പെടുകയായിരിക്കുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഹൈദരാബാദ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞടുത്ത മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് എട്ട് പന്തുകള്‍ അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

Content Highlight: Saba Karim Talks Ryan Rickelton like Priyansh Arya

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more