ശ്രീലങ്കക്കെതിരെയുള്ള അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടി തിളങ്ങിയ ധ്രുവ് ജുറെലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. വളരെ ക്ഷമയോടെ കളിക്കാനുള്ള ജുറെലിന്റെ കഴിവിനെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരം സംസാരിച്ചത്. സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലൂടെ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.
‘ഈ ഇന്നിങ്സില്‍ ജുറെല്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വ്യക്തമായി ഷോട്ടുകള്‍ കളിക്കുന്ന അദ്ദേഹം ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ മികച്ചതായി വരുന്ന ബാറ്റര്‍മാരില്‍ ഒരാളാണ്. ഒരു വിക്കറ്റ് കീപ്പറായിട്ടും അദ്ദേഹം മികച്ച ബാറ്ററായി കളിക്കുന്നു. അദ്ദേഹം ഷോട്ട് എടുക്കാന്‍ തയ്യാറെടുക്കുന്ന രീതി മികച്ചതാണ്. ഫുട്വര്‍ക്ക് വളരെ സിമ്പിള്‍ ആണ്. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാന്‍ അദ്ദേഹം ഇതിന് മുമ്പും ക്ഷമയോടെ കളിച്ചിട്ടുണ്ട്,’ സബ കരീം പറഞ്ഞു.
ശ്രീലങ്കക്കെതിരെയുള്ള അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. ജുറെല്‍ 177 പന്തില്‍ പുറത്താവാതെ 115 റണ്‍സാണ് സ്വന്തമാക്കിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്രനേട്ടവും താരം സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കന്‍ മണ്ണില്‍ ഏഴാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ജുറെല്‍.
അതേസമയം ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിനാണ് ഡിക്ലയര്‍ ചെയ്തത്. ഇന്ത്യക്കായി ജുറെലിന് പുറമെ ദേവദത്ത് പടിക്കലും സെഞ്ച്വറി നേടി.
രണ്ട് സെഞ്ച്വറിക്ക് പുറമെ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. 89 പന്തുകളില്‍ നിന്നും 63 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. ആറ് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. 108 പന്തില്‍ നിന്നും ആറ് ഫോറുകള്‍ അടക്കം 50 റണ്‍സാണ് താരം ഗില്‍ നേടിയത്.
Content Highlight: Saba Karim talks about Dhruv Jurel performance against Sri Lanka