എസ്.എ20യുടെ അഞ്ചാം സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ ആരാധകരെ ഞെട്ടിച്ച് ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്. മുംബൈ ഇന്ത്യന്‍സ് ഇതിഹാസ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡിനെ ലേലത്തില്‍ സ്വന്തമാക്കിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ട് ആരാധകരെ ഞെട്ടിച്ചത്.
മുംബൈ ഇന്ത്യന്‍സിന് പുറമെ എം.ഐ കേപ്ടൗണിനായും കളത്തിലിറങ്ങിയ താരം ഇനി ചിരവൈരകളുടെ നിറത്തിലാകും കളത്തിലറങ്ങുക.
മൊത്തം 156 കളിക്കാരില്‍ നിന്ന് നാല് ഫ്രാഞ്ചൈസികളിലായി ഒഴിവുള്ള 19 സ്ഥാനങ്ങളിലേക്കാണ് താരലേലം നടന്നത്. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്, പാള്‍ റോയല്‍സ് എന്നീ ടീമുകള്‍ ലേലത്തിന് മുന്‍പ് തന്നെ തങ്ങളുടെ സ്‌ക്വാഡ് പൂര്‍ത്തിയാക്കിയതിനാല്‍ ലേലത്തിന്റെ ഭാഗമായിരുന്നില്ല.
കെയ്‌റോണ്‍ പൊള്ളാര്‍ഡ് – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്
1.5 മില്യണ്‍ റാന്‍ഡിനാണ് (ദക്ഷിണാഫ്രിക്കന്‍ കറന്‍സി) പൊള്ളാര്‍ഡിനെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. കരിയറില്‍ ദീര്‍ഘകാലം മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന പൊള്ളാര്‍ഡ് ഇത്തവണ മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങുന്നത് ആരാധകരെ സംബന്ധിച്ച് പുതുമയുള്ള കാഴ്ചയാകും.
ഫാഫ് ഡു പ്ലെസി – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്
മുന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയെ 2.7 മില്യണ്‍ റാന്‍ഡിന് സൂപ്പര്‍ കിങ്‌സ് തിരികെ ടീമിലെത്തിച്ചു. 500,000 റാന്‍ഡ് അടിസ്ഥാന വിലയുണ്ടായിരുന്ന ഡു പ്ലെസിക്കായി എം.ഐ കേപ് ടൗണും സൂപ്പര്‍ കിങ്‌സും തമ്മില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും ഒടുവില്‍ സിംഹങ്ങള്‍ തങ്ങളുടെ പഴയ നായകനെ തിരികെ കൊണ്ടുവരികയായിരുന്നു.
ട്രെന്റ് ബോള്‍ട്ട് എം.ഐ കേപ് ടൗണ്‍
ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ 1.5 മില്യണ്‍ റാന്‍ഡ് അടിസ്ഥാന വിലയ്ക്ക് എം.ഐ കേപ് ടൗണ്‍ തന്നെ സ്വന്തമാക്കി. മറ്റ് ടീമുകളാരും മത്സരത്തിനില്ലായിരുന്നതിനാല്‍ ആദ്യ വിളിയില്‍ തന്നെ കേപ് ടൗണ്‍ ബോള്‍ട്ടിനെ ഉറപ്പിച്ചു.
ജേസണ്‍ റോള്‍സ് – ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ്
ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയത് ജേസണ്‍ റോള്‍സാണ്. 2.9 മില്യണ്‍ റാന്‍ഡിനാണ് ഈ താരത്തെ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്.
ഷിംറോണ്‍ ഹെറ്റ്‌മെയര്‍ & വിയാന്‍ മുള്‍ഡര്‍ – എം.ഐ കേപ് ടൗണ്‍
വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയറിനെ 1.5 മില്യണ്‍ റാന്‍ഡിനും ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡറെ 2.6 മില്യണ്‍ റാന്‍ഡിനും എം.ഐ കേപ് ടൗണ്‍ സ്വന്തമാക്കി.
റാസി വാന്‍ ഡെര്‍ ഡസ്സന്‍ – പ്രിട്ടോറിയ ക്യാപിറ്റല്‍സ്
ആദ്യ റൗണ്ടില്‍ ആരും സ്വന്തമാക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡെര്‍ ഡസ്സനെ നോമിനേഷന്‍ റൗണ്ടിലൂടെ 500,000 റാന്‍ഡിന് പ്രിട്ടോറിയ ക്യാപിറ്റല്‍സ് സ്വന്തമാക്കി.
നാന്ദ്രേ ബര്‍ഗര്‍ & ക്രെയ്ഗ് ഓവര്‍ട്ടണ്‍ – സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്
ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രേ ബര്‍ഗറിനെ 500,000 റാന്‍ഡിനും ഇംഗ്ലണ്ട് താരം ക്രെയ്ഗ് ഓവര്‍ട്ടണെ 1.5 മില്യണ്‍ റാന്‍ഡിനും സണ്‍റൈസേഴ്‌സ് സ്വന്തമാക്കി.
ജനുവരി 17നാണ് എസ്.എ20യുടെ അഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. കഴിഞ്ഞ നാല് സീസണില്‍ മൂന്നിലും സണ്‍റൈസേഴ്‌സാണ് കിരീടം ചൂടിയത്. ടൂര്‍ണമെന്റിന്റെ മൂന്നാം സീസണില്‍ എം.ഐ കേപ്ടൗണ്‍ കിരീടമണിഞ്ഞിരുന്നു.
Content Highlight: SA20: Joburg Super Kings acquire Keiron Pollard.