സൗത്ത് ആഫ്രിക്കുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയവുമായി സന്ദര്‍ശകര്‍. ക്യൂന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 236 റണ്‍സിനുമാണ് പ്രോട്ടിയാസ് വിജയിച്ചുകയറിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0ന് വിജയിക്കാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു.
സ്‌കോര്‍
സൗത്ത് ആഫ്രിക്ക: 626/5d
സിംബാബ്‌വേ: 170 & 220 (fo)
സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നാമത് ടെസ്റ്റ് വിജയമാണിത്. 2024ല്‍ ബംഗ്ലാദേശിനെതിരെ ഇന്നിങ്‌സിനും 273 റണ്‍സിനും നേടിയ വിജയമാണ് പ്രോട്ടിയാസിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ മിന്നുന്ന ടെസ്റ്റ് വിജയം. 2017ല്‍ ബംഗ്ലാദേശിനെതിരെ തന്നെ നേടിയ ഇന്നിങ്‌സിന്റെയും 254 റണ്‍സിന്റെയും വിജയമാണ് രണ്ടാമതുള്ളത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡറിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയോളം പോന്ന ട്രിപ്പിള്‍ സെഞ്ച്വറിയാണ് മത്സരത്തില്‍ താരം അടിച്ചെടുത്തത്.
334 പന്ത് നേരിട്ട താരം പുറത്താകാതെ 367 റണ്‍സ് സ്വന്തമാക്കി. 49 ഫോറും നാല് സിക്‌സറും അടക്കം 100+ സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
ബ്രയാന്‍ ലാറയ്ക്ക് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ 400 റണ്‍സ് നേടുന്ന രണ്ടാമത് താരം, ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം തുടങ്ങി റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിക്കാന്‍ അവസരമുണ്ടായിട്ടും വിയാന്‍ മുള്‍ഡര്‍ അതിന് മുതിരാതെ സ്വയം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ബ്രയാന്‍ ലാറ ഇതിഹാസമാണെന്നും അദ്ദേഹത്തിന്റെ റെക്കോഡ് തകര്‍ക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് മുള്‍ഡര്‍ തന്റെ ഇന്നിങ്‌സിനെ കുറിച്ച് പറഞ്ഞത്. ആ നേട്ടം ലാറയുടെ പേരില്‍ തന്നെ തുടരട്ടെ എന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.
മുള്‍ഡറിന് പുറമെ ബാറ്റിങ്ങില്‍ തിളങ്ങിയ ഡേവിഡ് ബെഡ്ഡിങ്ഹാം (82), ലുവാന്‍ ഡ്രെ പ്രിട്ടോറിയസ് (78) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ണ്ടാം ദിവസം തന്നെ ഓള്‍ ഔട്ടായി. 170 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറാണ് സിംബാബ്‌വേക്ക് നേടാന്‍ സാധിച്ചത്. പുറത്താകാതെ 83 റണ്‍സ് നേടിയ ഷോണ്‍ വില്യംസാണ് ടോപ് സ്‌കോറര്‍.
സൗത്ത് ആഫ്രിക്കയ്ക്കായി പി. സുബ്രായന്‍ നാല് വിക്കറ്റുമായി തിളങ്ങി. കോഡി യൂസഫും വിയാന്‍ മുള്‍ഡറും രണ്ട് വിക്കറ്റ് വീതവും കോര്‍ബിന്‍ ബോഷ്, എസ്. മുത്തുസ്വാമി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേ ആദ്യ ഇന്നിങ്‌സിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലാണ് ബാറ്റ് വീശിയത്. ടോപ്പ് ഓര്‍ഡറില്‍ നിക് വെല്‍ച്ച് അര്‍ധ സെഞ്ച്വറി നേടി. 126 പന്ത് നേരിട്ട് 55 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ 49 റണ്‍സിനും തകുഡ്‌സ്വനാഷെ കെയ്റ്റാനോ 40 റണ്‍സിനും മടങ്ങി.
മറ്റ് താരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ ഷെവ്‌റോണ്‍സ് 220ന് പുറത്തായി.
സൗത്ത് ആഫ്രിക്കയ്ക്കായി കോര്‍ബിന്‍ ബോഷ് നാല് വിക്കറ്റും സേനുരന്‍ മുത്തുസ്വാമി മൂന്ന് വിക്കറ്റും നേടി. കോഡി യൂസഫ് രണ്ട് വിക്കറ്റും ക്യാപ്റ്റന്‍ വിയാന്‍ മുള്‍ഡര്‍ ഒരു വിക്കറ്റുമെടുത്ത് സിംബാബ്‌വേയുടെ പതനം പൂര്‍ത്തിയാക്കി.
Content Highlight: SA vs ZIM: South Africa defeated Zimbabwe