സൗത്ത് ആഫ്രിക്കയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയുമായി തിളങ്ങി വെറ്ററന്‍ സൂപ്പര്‍ താരം ഷോണ്‍ വില്യംസ്. ക്വീന്‍സ് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലാണ് താരം സെഞ്ച്വറിയുമായി തിളങ്ങിയത്.
സൗത്ത് ആഫ്രിക്ക പടുത്തുയര്‍ത്തിയ 418 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡ് സ്വന്തമാക്കാനിറങ്ങിയ ആതിഥേയര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ 251 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതില്‍ പകുതിയിലേറെയും റണ്‍സ് ഷോണ്‍ വില്യംസിന്റെ ബാറ്റില്‍ നിന്നുതന്നെയാണ് പിറവിയെടുത്തത്.
164 പന്ത് നേരിട്ട് 137 റണ്‍സാണ് ഷോണ്‍ വില്യംസ് സ്വന്തമാക്കിയത്. 16 ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 2005 ഫെബ്രുവരി 25ന് അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച വില്യംസ് 38ാം വയസിന്റെ ചെറുപ്പത്തിലും ടീമിലെ നിര്‍ണായക സാന്നിധ്യമായി തുടരുകയാണ്.
അതേസമയം, ആദ്യ ഇന്നിങ്‌സില്‍ ടീമിലെ മറ്റൊരാള്‍ക്കും തന്നെ അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. 90 പന്തില്‍ 36 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
സൗത്ത് ആഫ്രിക്കയ്ക്കായി വിയാന്‍ മുള്‍ഡര്‍ നാല് വിക്കറ്റ് സ്വന്തമാക്കി. ക്യാപ്റ്റന്‍ കേശവ് മഹാരാജും കോഡി യൂസഫും മൂന്ന് വിക്കറ്റുകള്‍ വീതവും വീഴ്ത്തിയതോടെ സിംബാബ്‌വേ 215ലൊതുങ്ങി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് അരങ്ങേറ്റക്കാരന്‍ ലുവാന്‍ ഡ്രെ പ്രിട്ടോറിയസിന്റെയും കോര്‍ബിന്‍ ബോഷിന്റെയും സെഞ്ച്വറി കരുത്തില്‍ മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ പടുത്തുയര്‍ത്തി. പ്രിട്ടോറിയസ് 160 പന്തില്‍ 153 റണ്‍സും ബോഷ് 124 പന്തില്‍ പുറത്താകാതെ 100 റണ്‍സും അടിച്ചെടുത്തു.
അതേസമയം, മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 216 റണ്‍സിന് മുമ്പിലാണ് സൗത്ത് ആഫ്രിക്ക. രണ്ടാം ഇന്നിങ്‌സില്‍ 49/1 എന്ന നിലയിലാണ് ടീം ബാറ്റിങ് തുടരുന്നത്.
25 പന്തില്‍ 22 റണ്‍സുമായി ടോണി ഡി സോര്‍സിയും 47 പന്തില്‍ 22 റണ്‍സുമായി വിയാന്‍ മുള്‍ഡറുമാണ് ക്രീസില്‍. ആറ് പന്തില്‍ ഒരു റണ്ണെടുത്ത മാത്യൂ ബ്രീറ്റ്‌സ്‌കിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. തനക ചിവാംഗയാണ് വിക്കറ്റ് നേടിയത്.
സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)
സൗത്ത് ആഫ്രിക്ക – 418/9d & 49/1 (13)
സിംബാബ്‌വേ – 251
Content Highlight: SA vs ZIM: Sean Williams scored century against South Africa