| Sunday, 9th November 2025, 9:35 am

ധോണിക്കൊപ്പം ഡികോക്ക്; തോറ്റ പരമ്പരയിലും സൂപ്പര്‍ നേട്ടത്തില്‍ പ്രോട്ടിയാസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവസാന മത്സരത്തില്‍ ജയിച്ചാണ് പാക് ടീം പരമ്പര നേടിയത്. മൂന്നാം മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് മെന്‍ ഇന്‍ ഗ്രീനിന്റെ വിജയം.

പരമ്പര കൈവിട്ടെങ്കിലും സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് കരസ്ഥമാക്കിയത്. ഈ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി 239 റണ്‍സ് സ്‌കോര്‍ ചെയ്ത് ടോപ് സ്‌കോററായാണ് താരം ഈ നേട്ടത്തിലെത്തിയത്. രണ്ടാം മത്സരത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു. കൂടാതെ, രണ്ട് അര്‍ധ സെഞ്ച്വറികളും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കുണ്ട്.

പരമ്പരയിലെ താരമായതോടെ ഒരു സൂപ്പര്‍ നേട്ടമാണ് ഡി കോക്ക് സ്വന്തമാക്കിയത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി സീരീസ് അവാര്‍ഡ് സ്വന്തമാക്കുന്ന വിക്കറ്റ് കീപ്പറായിരിക്കുകയാണ് പ്രോട്ടീയാസ് താരം. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിക്കൊപ്പമാണ് താരം നേട്ടത്തില്‍ മുന്നിലുള്ളത്. ഇരുവരും ഏഴ് തവണയാണ് ഈ അവാര്‍ഡ് കൈപ്പിടിയില്‍ ഒതുക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് സംഘം തകര്‍ന്നടിഞ്ഞിരുന്നു. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്കും ലുവന്‍-ഡ്രെ പ്രെട്ടോറിയസും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചതിന് ശേഷമായിരുന്നു ടീമിന്റെ ബാറ്റിങ് തകര്‍ച്ച. മത്സരത്തില്‍ സൗത്ത് ആഫ്രിക്ക 37.5 ഓവറില്‍ 143 റണ്‍സിന് പുറത്തായിരുന്നു.

മത്സരത്തില്‍ ഡി കോക്കും പ്രെട്ടോറിയസും മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. ഡി കോക്ക് 70 പന്തുകള്‍ നേരിട്ട് 53 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. മറുവശത്ത് പ്രെട്ടോറിയസ് 45 പന്തില്‍ 39 റണ്‍സും നേടി. പ്രോട്ടിയാസ് നിരയില്‍ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇതാണ് ടീമിന് വിനയായത്.

സൗത്ത് ആഫ്രിക്കയെ കുഞ്ഞന്‍ സ്‌കോറില്‍ ഒതുക്കുന്നതില്‍ നിര്‍ണായകമായത് പാക് ബൗളര്‍ അബ്രാര്‍ അഹമ്മദിന്റെ പ്രകടനമാണ്. താരം 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, സല്‍മാന്‍ അലി ആഘ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ 144 റണ്‍സിന്റെ വിജയലക്ഷ്യം 26 ഓവറുകളില്‍ തന്നെ മറികടന്നു. ടീമിനായി സയീം അയ്യുബ്ബ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 70 പന്തില്‍ ഒരു സിക്സും 11 ഫോറും അടക്കം 77 റണ്‍സാണ് എടുത്തത്.

താരത്തിന് പുറമെ, മുഹമ്മദ് റിസ്വാനും തിളങ്ങി. താരം 45 പന്തില്‍ 32 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ബാബര്‍ അസം 32 പന്തില്‍ 27 റണ്‍സും എടുത്തു.

സൗത്ത് ആഫ്രിക്കക്കായി നന്ദ്രേ ബര്‍ഗറും ബ്യോണ്‍ ഫോര്‍ട്ടുയിനും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: SA vs Pak: Quinton De Cock equals with MS Dhoni in most player of the the series award by wicket keeper in ODI history

We use cookies to give you the best possible experience. Learn more