സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തിൽ സന്ദർശകർക്ക് വിജയം. ലീഡ്സിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക നേടിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 131 റൺസ് മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ജോ റൂട്ട്, ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ജോസ് ബട്ലർ, ബെൻ ഡക്കറ്റ് എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ജെയ്മി സ്മിത്തിന്റെ ചെറുത്തുനിൽപ്പാണ് ഇംഗ്ലണ്ടിനെ വൻ തകർച്ചയിൽ നിന്നും കരകയറ്റിത്.
48 പന്ത് നേരിട്ട താരം 54 റൺസാണ് സ്വന്തമാക്കിയത്. പത്ത് ഫോറുകൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വെറും 24.3 ഓവറില്ലാണ് സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. കേശവ് മഹാരാജ്, വിയാൻ മുൾഡർ എന്നിവരുടെ കരുത്തിലാണ് പ്രോട്ടിയാസ് ഇംഗ്ലണ്ടിനെ പുറത്താക്കിയത്. മഹാരാജ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വിയാൻ മുൾഡർ മൂന്ന് വിക്കറ്റും നേടി. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് റൺ ഔട്ടായപ്പോൾ ലുങ്കി എൻഗിഡി, നാന്ദ്രേ ബർഗർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ഇതോടെ ഒരു തകർപ്പൻ റെക്കോഡും പ്രോട്ടിയാസിനെ തേടിയെത്തി. ഒരു എവേ ഏകദിനത്തിൽ എതിരാളികളെ ഏറ്റവും കുറവ് പന്തിൽ പുറത്താക്കിയതിന്റെ സ്വന്തം നേട്ടമാണ് ലീഡ്‌സിൽ സൗത്ത് ആഫ്രിക്ക തിരുത്തിയെഴുതിയത്.
ഒരു എവേ ഏകദിനത്തിൽ എതിരാളികളെ പുറത്താക്കാൻ സൗത്ത് ആഫ്രിക്കയെറിഞ്ഞ കുറവ് ഓവറുകൾ
(ഓവർ – എതിരാളികൾ – വേദി – വർഷം എന്നീ ക്രമത്തിൽ)
24.3 ഓവർ – ഇംഗ്ലണ്ട് – ലീഡ്‌സ് – 2025*
25.1 ഓവർ – കെനിയ – നയ്റോബി – 1996
28.0 ഓവർ – ബംഗ്ലാദേശ് – മിർപൂർ – 2011
28.1 ഓവർ – ഇംഗ്ലണ്ട് – മാഞ്ചസ്റ്റർ – 2022
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഏയ്ഡൻ മർക്രമിന്റെ വെടിക്കെട്ടിന്റെ കരുത്തിൽ 175 പന്ത് ശേഷിക്കവെയായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
മർക്രം 55 പന്തിൽ 86 റൺസ് അടിച്ചെടുത്തു. 13 ഫോറും രണ്ട് സിക്സറും അടക്കം 156.36 സ്ട്രെെക്ക് റേറ്റിലാണ് താരം സ്കോർ ചെയതത്. ക്യാപ്റ്റൻ തെംബ ബാവുമ ആറ് റൺസിനും ട്രിസ്റ്റൺ സ്റ്റബ്സ് പൂജ്യത്തിനും പുറത്തായെങ്കിലും മർക്രമിനൊപ്പം ആദ്യ വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ടുമായി ഉറച്ചുനിന്ന റിയാൻ റിക്കൽടൺ (59 പന്തിൽ പുറത്താകാതെ 31) ടീമിന്റെ വിജയത്തിൽ നിർണായകമായി.
ഈ വിജയത്തിന് പിന്നാലെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ സന്ദർശകർ 1-0ന് മുമ്പിലെത്തിയിരിക്കുകയാണ്.
സെപ്റ്റംബർ നാലിനാണ് പരമ്പരയിലെ രണ്ടാം ഏകദിനം. ലോർഡ്സാണ് വേദി.
Content Highlight: SA vs ENG: Least overs taken by South Africa to bowl out opponent in an away ODI