സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ കൂറ്റന്‍ സ്‌കോറുമായി ആതിഥേയര്‍. സതാംപ്ടണില്‍ നടക്കുന്ന മത്സരത്തില്‍ 414 റണ്‍സിന്റെ ടോട്ടലാണ് ഇംഗ്ലണ്ട് പടുത്തുയര്‍ത്തിയത്. ജേകബ് ബേഥലിന്റെയും ജോ റൂട്ടിന്റെയും സെഞ്ച്വറികളുടെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇംഗ്ലണ്ടിനെ സംബന്ധിച്ച് സ്വന്തം മണ്ണില്‍ മുഖം രക്ഷിക്കാനെങ്കിലും വിജയം അനിവാര്യമായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ആദ്യ വിക്കറ്റില്‍ ജെയ്മി സ്മിത്തും ബെന്‍ ഡക്കറ്റും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെ 33 പന്തില്‍ 31 റണ്‍സ് നേടിയ ഡക്കറ്റിനെ പുറത്താക്കി കോര്‍ബിന്‍ ബോഷ് കൂട്ടുകെട്ട് പൊളിച്ചു.
വണ്‍ ഡൗണായെത്തിയ ജോ റൂട്ടിനെയും കൂട്ടി പുറത്താകും മുമ്പേ സ്മിത് മറ്റൊരു 50 പാര്‍ട്ണ്‍ഷിപ്പും പടുത്തുയര്‍ത്തി. 117ല്‍ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് രണ്ടാം വിക്കറ്റ് നഷ്ടപ്പെടുന്നത്. 48 പന്തില്‍ 68 റണ്‍സ് നേടിയ സ്മിത് കേശവ് മഹാരാജിന് വിക്കറ്റ് സമ്മാനിച്ച് തിരികെ നടന്നു.
നാലാം നമ്പറിലെത്തിയ ജേകബ് ബേഥല്‍ ഒട്ടും നിരാശനാക്കിയില്ല. ഒരു വശത്ത് നിന്ന് പരിചയസമ്പന്നനായ റൂട്ടും മറുവശത്ത് നിന്ന് യുവതാരമായ ബേഥലും പ്രോട്ടിയാസിനെ അടിച്ചൊതുക്കി.
ടീം സ്‌കോര്‍ 117ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 299ലാണ്. ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബേഥലിനെ മടക്കി കേശവ് മഹാരാജാണ് ടീമിന് ഒരിക്കല്‍ക്കൂടി ബ്രേക് ത്രൂ സമ്മാനിച്ചത്.
82 പന്തില്‍ 110 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മടക്കം. 13 ഫോറും മൂന്ന് സിക്‌സറും അടക്കം 134.15 സ്‌ട്രൈക്ക് റേറ്റിലാണ് ബേഥല്‍ സ്‌കോര്‍ ചെയ്തത്.
ശേഷമെത്തിയ ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കവെ റണ്‍ ഔട്ടായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ ജോസ് ബട്‌ലര്‍ – ജോ റൂട്ട് സൂപ്പര്‍ സ്റ്റാര്‍ ഡുവോ വീണ്ടും ഇംഗ്ലീഷ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി.
ടീം സ്‌കോര്‍ 371ല്‍ നില്‍ക്കവെ അഞ്ചാം വിക്കറ്റായി റൂട്ട് മടങ്ങി. 96 പന്ത് നേരിട്ട താരം നൂറ് റണ്‍സാണ് സ്വന്തമാക്കിയത്.
റൂട്ട് മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ഇന്നിങ്‌സില്‍ 19 പന്തുകള്‍ മാത്രമായിരുന്നു ശേഷിച്ചത്. ഈ പന്തില്‍ നിന്നും 43 റണ്‍സ് അടിച്ചെടുത്ത് ബട്‌ലറും വില്‍ ജാക്‌സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 414ലെത്തിച്ചു.
ബട്‌ലര്‍ 32 പന്തില്‍ പുറത്താകാതെ 62 റണ്‍സടിച്ചപ്പോള്‍ എട്ട് പന്തില്‍ പുറത്താകാതെ 19 റണ്‍സാണ് ജാക്‌സ് സ്വന്തമാക്കിയത്.
പ്രോട്ടിയാസിനായി കേശവ് മഹാരാജും കോര്‍ബിന്‍ ബോഷും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: SA vs ENG: England scored 414 runs in 3rd ODI