| Tuesday, 2nd September 2025, 8:22 pm

ഓപ്പണര്‍ അര്‍ധ സെഞ്ച്വറിയടിച്ചിട്ടും 131ലൊതുങ്ങി; ടി-20യല്ല, ഏകദിനമാണ്; പ്രോട്ടിയാസ് വേട്ടയില്‍ നീറി ഇംഗ്ലണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ ആതിഥേയരെ ചെറിയ സ്‌കോറില്‍ എറിഞ്ഞിട്ട് പ്രോട്ടിയാസ്. കേശവ് മഹാരാജിന്റെയും വിയാന്‍ മുള്‍ഡറിന്റെയും കരുത്തില്‍ 131 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക ഇംഗ്ലണ്ടിനെ മടക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ജെയ്മി സ്മിത് ഒഴികെ മറ്റാര്‍ക്കും തന്നെ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ പോയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്.

ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് ഇംഗ്ലണ്ടിന് നഷ്ടമായി. എട്ട് പന്തില്‍ അഞ്ച് റണ്‍സുമായി ബെന്‍ ഡക്കറ്റ് തിരിച്ചുനടന്നു. രണ്ടാം വിക്കറ്റില്‍ ജോ റൂട്ടിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനായി സ്മിത്തിന്റെ ശ്രമം.

മോശമല്ലാത്ത രീതിയില്‍ റൂട്ടും ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് മടങ്ങിയെത്തുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു. എന്നാല്‍ 14 റണ്‍സടിച്ച റൂട്ടിനെ ലുങ്കി എന്‍ഗിഡി റിയാന്‍ റിക്കല്‍ടണിന്റെ കൈകളിലെത്തിച്ചതോടെ ആ കൂട്ടുകെട്ടും അവസാനിച്ചു.

ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന് (18 പന്തില്‍ 12) പിന്നാലെ ജെയ്മി സ്മിത്തും മടങ്ങി. 48 പന്ത് നേരിട്ട താരം 54 റണ്‍സാണ് സ്വന്തമാക്കിയത്. പത്ത് ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

സ്മിത് പുറത്തായതോടെ ശേഷമെല്ലാം ചടങ്ങ് മാത്രമായി. 24 പന്തില്‍ 15 റണ്‍സടിച്ച ജോസ് ബട്‌ലറിന് മാത്രമാണ് ഇരട്ടയക്കം കാണാന്‍ സാധിച്ചത്. 102/3 എന്ന നിലയില്‍ നിന്നും 131/10 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണു.

പ്രോട്ടിയാസിനായി കേശവ് മഹാരാജ് നാല് വിക്കറ്റ് നേടി. ജേകബ് ബേഥല്‍, വില്‍ ജാക്‌സ്, ആദില്‍ റഷീദ്, സോണി ബേക്കര്‍ എന്നിവരാണ് മഹാരാജിനോട് തോറ്റ് മടങ്ങിയത്.

ജെയ്മി സ്മിത്, ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരെ വീഴ്ത്തി വിയാന്‍ മുള്‍ഡറും തിളങ്ങി.

നാന്ദ്രേ ബര്‍ഗറും ലുങ്കി എന്‍ഗിഡിയുമാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: SA vs ENG: England all out for 131

We use cookies to give you the best possible experience. Learn more