ഓസ്ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ സന്ദര്കര്ക്കെതിരെ മികച്ച ഒന്നീാം ഇന്നിങ്സ് ലീഡുമായി സൗത്ത് ആഫ്രിക്ക. സെന്റ് ജോര്‍ജ്സ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ 425 റണ്‍സാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ തെംബ ബാവുമയുടെ സെഞ്ച്വറി കരുത്തിലാണ് ആതിഥേയര്‍ സകോര്‍ ഉയര്‍ത്തിയത്.
ഒരുവേള നാല് വിക്കറ്റിന് 40 എന്ന നിലയില്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച സൗത്ത് ആഫ്രിക്കയെ ബാവുമ ഒറ്റയ്ക്ക് തോളിലേറ്റുകയായിരുന്നു. 334 പന്ത് നേരിട്ട് 179 റണ്‍സുമായാണ് നായകന് കളം വിട്ടത്. 18 ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
ഓസ്ട്രേലിയക്കെതിരെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് ബാവുമ ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടെസ്റ്റില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോറും ഇതുതന്നെ.
കങ്കാരുക്കള്‍ക്കെതിരെ ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏഴാമത് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റനാണ് ബാവുമ. ഓസീസിനെതിരെ ഒരു സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്കോറും ഇതിനൊപ്പം ബാവുമയുടെ പേരില്‍ കുറിക്കപ്പെട്ടു.
(വര്‍ഷം – താരം എന്നീ ക്രമത്തില്‍. ബ്രാക്കറ്റില്‍ സ്കോര്‍)
1949 – ഡഡ്ലി നോഴ്സ് (114)
1957 – ജാക്കി മക്ഗ്ല്യൂ (108)
2008 – ഗ്രെയം സ്മിത് (108)
2009 – ജാക് കാല്ലിസ് (102)
2011 – ഗ്രെയം സ്മിത് (101*)
2012 – ഗ്രെയം സ്മിത് (122)
2016 – ഫാഫ് ഡു പ്ലെസി (118*)
2018 – ഫാഫ് ഡു പ്ലെസി (120)
2026 – തെംബ ബാവുമ (179)*
ഇതിനൊപ്പം ഓസ്ട്രേലിയക്കെതിരെ ഒരു ക്യാപ്റ്റന്റെ ഏറ്റവുമുയര്‍ന്ന സ്കോറില്‍ ടോപ് ടെന്നില്‍ ഇടം നേടാനും ബാവുമയ്ക്ക് സാധിച്ചു.
(താരം – ടീം – സ്കോര്‍ -വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
വാലി ഹാമ്മണ്ട് – ഇംഗ്ലണ്ട് – 240 – ലോര്‍ഡ്സ് -1938 –
സാലിം മാലിക് – പാകിസ്ഥാന് – 237 – റാവല്‍പിണ്ടി – 1994
എം.എസ്. ധോണി – ഇന്ത്യ – 224 – ചെന്നൈ – 2013
ഡെന്നിസ് ആറ്റ്കിന്സണ് – വെസ്റ്റ് ഇന്‍ഡീസ് – 219 – ബ്രിഡ്ജ്ടൗണ്‍ – 1955
ഡേവിഡ് ഗോവര്‍ – ഇംഗ്ലണ്ട് – 215 – ബെര്‍മിങ്ഹാം – 1985
ബ്രയാന്‍ ലാറ – വെസ്റ്റ് ഇന്‍ഡീസ് – 213 – കിങ്സ്റ്റണ്‍ – 1999
ജാവേദ് മിയാന്‍ദാദ് – പാകിസ്ഥാന് – 211 – കറാച്ചി – 1988
ബാബര്‍ അസം – പാകിസ്ഥാന് – 196 – കറാച്ചി – 2022
മൈക്ക് ഡെന്നെസ് – ഇംഗ്ലണ്ട് – 188 – മെല്‍ബണ്‍ – 1975
തെംബ ബാവുമ – സൗത്ത് ആഫ്രിക്ക – 179 – സെന്റ് ജോര്‍ജ്സ് ഓവല്‍ – 2026*
മത്സരത്തില്‍ ബാവുമയ്ക്കൊപ്പം വാലറ്റക്കാരായ മാര്‍കോ യാന്‍സെനും സൈമണ്‍ ഹാര്‍മറും ചെറുത്തുനിന്നു. യാന്സെന് 100 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സറും അടക്കം 85 റണ്‍സ് നേടിയപ്പോള്‍ 157 പന്ത് നേരിട്ട് 82 റണ്‍സുമായാണ് ഹാര്‍മര്‍ മടങ്ങിയത്. പത്ത് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അതേസമയം, മത്സരം മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. നിക് മാഡിസണിന്റെ (പൂജ്യം) വിക്കറ്റാണ് ടീമിന് നഷ്ടപ്പെട്ടത്. ഏഴ് പന്തില്‍ ഒരു റണ്ണുമായി ട്രാവിസ് ഹെഡും 13 പന്തില്‍ രണ്ട് റണ്‍സുമായി നൈറ്റ് വാച്ച്മാന് സ്കോട് ബോളണ്ടുമാണ് ക്രീസില്‍.
Content Highlight: SA vs AUS: Temba Bavuma’s innings earns a place among historic achievements