| Thursday, 8th October 2026, 6:09 pm

കിരീടം നിലനിര്‍ത്താന്‍ യാത്ര; എതിരാളികള്‍ കങ്കാരുക്കള്‍, തോല്‍വിയറിയാത്ത ബാവുമയ്ക്ക് കീഴില്‍ ആദ്യ പോരാട്ടത്തിന്

ആദർശ് എം.കെ.

ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റിനുള്ള പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ച് ആതിഥേയര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമാണ് പ്രോട്ടിയാസ് പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ ഒമ്പത് മുതല്‍ 13 വരെയാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കിങ്‌സ്മീഡാണ് വേദി.

തെംബ ബാവുമയ്ക്ക് കീഴിലാണ് സൗത്ത് ആഫ്രിക്ക മത്സരത്തിനിറങ്ങുന്നത്. ഏയ്ഡന്‍ മര്‍ക്രം, കേശവ് മഹാരാജ്, മാര്‍കോ യാന്‍സെന്‍ എന്നിവരുടങ്ങുന്ന കരുത്തുറ്റ ടീമുമായാണ് സൗത്ത് ആഫ്രിക്ക സ്വന്തം തട്ടകത്തില്‍ പോരാട്ടത്തിനിറങ്ങുന്നത്.

ഹോം കണ്ടീഷനില്‍ ഏറ്റവുമധികം ഡോമിനേഷന്‍ പുലര്‍ത്തുന്ന ടീമാണ് സൗത്ത് ആഫ്രിക്ക. ഇവിടെയെത്തി പരമ്പര നേടണമെങ്കില്‍ കങ്കാരുക്കള്‍ക്ക് ചില്ലറ പാടുപെട്ടാല്‍ മതിയാകില്ല.

ആദ്യ ടെസ്റ്റിനുള്ള സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് ബെഡ്ഡിങ്ഹാം, തെംബ ബാവുമ (ക്യാപ്റ്റന്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, വിയാന്‍ മുള്‍ഡര്‍, കൈല്‍ വെരായ്‌നെ, മാര്‍കോ യാന്‍സെന്‍, സൈമണ്‍ ഹാര്‍മെര്‍, കേശവ് മഹാരാജ്, ആന്‌റിക് നോര്‍ക്യ.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന സൗത്ത് ആഫ്രിക്ക മികച്ച പ്രകടനത്തോടെ സ്റ്റാന്‍ഡിങ്‌സില്‍ മുന്നേറ്റമുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്.

നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാമതാണ് സൗത്ത് ആഫ്രിക്ക. നാല് മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയുമായി 75.00 പോയിന്റ് ശതമാനത്തോടെയാണ് സൗത്ത് ആഫ്രിക്ക രണ്ടാമതുള്ളത്.

പത്ത് മത്സരത്തില്‍ നിന്നും എട്ട് വിജയവും രണ്ട് തോല്‍വിയുമായി 80.00 പോയിന്റ് ശതമാനത്തോടെ ഓസ്‌ട്രേലിയയാണ് പട്ടികയില്‍ ഒന്നാമത്. ഈ പരമ്പരയ്ക്ക് പിന്നാലെ ഡബ്ല്യൂ.ടി.സി സ്റ്റാന്‍ഡിങ്‌സില്‍ മാറ്റമുണ്ടാകുമെന്നുറപ്പാണ്.

സൗത്ത് ആഫ്രിക്ക. Photo: Proteas Men/x.com

ഹോം അഡ്വാന്റേജിന് പുറമെ ക്യാപ്റ്റന്‍ തെംബ ബാവുമയുടെ സാന്നിധ്യമാണ് സൗത്ത് ആഫ്രിക്കയെ കൂടുതല്‍ കരുത്തരാക്കുന്നത്. ക്യാപ്റ്റന്റെ റോളില്‍ ഒരിക്കലും പരാജയം രുചിക്കാത്ത ബാവുമയ്ക്ക് കീഴിലാണ് സൗത്ത് ആഫ്രിക്ക വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടതും.

ബാവുമയ്ക്ക് കീഴില്‍ 11 ടെസ്റ്റുകള്‍ കളിച്ച സൗത്ത് ആഫ്രിക്ക പത്തിലും വിജയിച്ചിരുന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു.

ഈ സൈക്കിളില്‍ പാകിസ്ഥാനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സൗത്ത് ആഫ്രിക്കയ്ക്ക് പരാജയപ്പെടേണ്ടി വന്നത്. ബാവുമയുടെ അഭാവത്തില്‍ ഏയ്ഡന്‍ മര്‍ക്രമായിരുന്നു നായകന്‍.

ലാഹോറില്‍ പരാജയപ്പെട്ടെങ്കിലും റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റ് വിജയിച്ച് പ്രോട്ടിയാസ് പരമ്പര നഷ്ടപ്പെടാതെ കാത്തിരുന്നു.

2025 നവംബറില്‍ ബാവുമയ്ക്ക് കീഴില്‍ ഇന്ത്യയിലെത്തിയ സൗത്ത് ആഫ്രിക്ക ഹോം ടീമിനെ വൈറ്റ്‌വാഷ് ചെയ്ത് പരമ്പര സ്വന്തമാക്കുകയായിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന സൗത്ത് ആഫ്രിക്കയ്ക്ക് ഓസീസിനെതിരെ നടക്കുന്ന പമ്പരയടക്കം പത്ത് ടെസ്റ്റുകള്‍ കളിക്കാനുണ്ട്.

Photo: ICC

ഹോം കണ്ടീഷനില്‍ ഓസീസിനെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷം ബംഗ്ലാദേശിനെയും (രണ്ട് മത്സരങ്ങള്‍) ഇംഗ്ലണ്ടിനെയും (മൂന്ന് മത്സരങ്ങള്‍) സ്വന്തം മണ്ണില്‍ സൗത്ത് ആഫ്രിക്ക നേരിടും. ശേഷം ശ്രീലങ്കയ്‌ക്കെതിരെ രണ്ട് എവേ ടെസ്റ്റുകളും ഈ സൈക്കിളില്‍ സൗത്ത് ആഫ്രിക്ക കളിക്കും.

Content Highlight: SA vs AUS: South Africa announced playing eleven for 1st Test

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more