| Sunday, 10th August 2025, 6:28 pm

കങ്കാരുക്കളെ തകര്‍ത്ത നാല് വെടിയുണ്ടകള്‍: തിരുത്തിയത് പ്രോട്ടിയാസിന്റെ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ചരിതമെഴുതി സൗത്ത് ആഫ്രിക്കന്‍ യുവതാരം ക്വേന മഫാക്ക. സൗത്ത് ആഫ്രിക്കക്കായി ടി – 20യില്‍ നാല് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് മഫാക്ക സ്വന്തമാക്കിയത്. പ്രോട്ടിയാസിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം മത്സരത്തിലാണ് ഈ മിന്നും നേട്ടത്തിലെത്തിയത്.

മത്സരത്തില്‍ കങ്കാരുക്കള്‍ക്കെതിരെ നാല് ഓവറുകള്‍ എറിഞ്ഞ് താരം 20 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. അഞ്ച് എക്കോണമിയില്‍ പന്തെറിഞ്ഞായിരുന്നു താരത്തിന്റെ നാല് വിക്കറ്റ് പ്രകടനം. വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങിയ ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, ബെന്‍ ദ്വാര്‍ഷുയിസ്, ആദം സാംപ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്.

ഈ നാല് വിക്കറ്റ് പ്രകടനത്തോടെ ടി – 20യില്‍ ഫോഫര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ അഞ്ചാമനാവാനും താരത്തിനായി. നൂര്‍ അഹമ്മദാണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്.

ടി – 20യില്‍ ഫോഫര്‍ നേടുന്ന പ്രായം കുറഞ്ഞ താരങ്ങള്‍ (ടോപ് 10 ടീമുകളില്‍)

(താരം – ടീം – പ്രായം എന്നീ ക്രമത്തില്‍)

നൂര്‍ അഹമ്മദ് – അഫ്ഗാനിസ്ഥാന്‍ – 17 വയസ് 162 ദിവസം

മുജീബ് ഉര്‍ റഹ്‌മാന്‍ – അഫ്ഗാനിസ്ഥാന്‍ – 18 വയസ് 171 ദിവസം

റാഷിദ് ഖാന്‍ – അഫ്ഗാനിസ്ഥാന്‍ – 18 വയസ് 171 ദിവസം

ശദാബ് ഖാന്‍ – പാകിസ്ഥാന്‍ – 18 വയസ് 177 ദിവസം

ക്വേന മഫാക്ക – സൗത്ത് ആഫ്രിക്ക – 19 വയസ് 124 ദിവസം

അതേസമയം, മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 178 റണ്‍സിന് പുറത്തായിരുന്നു. 52 പന്തില്‍ 83 റണ്‍സ് എടുത്ത ടിം ഡേവിഡാണ് കങ്കാരുക്കള്‍ക്കായി മിന്നും പ്രകടനം നടത്തിയത്. കാമറൂണ്‍ ഗ്രീന്‍ 35 റണ്‍സെടുത്തപ്പോള്‍ മറ്റാര്‍ക്കും മികച്ച ബാറ്റിങ് നടത്താനായില്ല.

നിലവില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യം സൗത്ത് ആഫ്രിക്ക പിന്തുടരുകയാണ്. 16 ഓവറുകള്‍ പിന്നിടുമ്പോള്‍ പ്രോട്ടിയാസ് പതറുകയാണ്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സാണ് സൗത്ത് ആഫ്രിക്ക ഇതുവരെ സ്‌കോര്‍ ചെയ്തിട്ടുള്ളത്. പുറത്താവാതെ ബാറ്റിങ് തുടരുന്ന റയാന്‍ റിക്കില്‍ട്ടണാണ് ടീമില്‍ മികച്ച പ്രകടനം നടത്തുന്നത്. 40 പന്തുകള്‍ നേരിട്ട താരം അഞ്ച് ഫോറുകള്‍ അടക്കം 48 റണ്‍സാണ് എടുത്തത്. ട്രിസ്റ്റന്‍ സ്റ്റബ്ബ്സും 27 പന്തില്‍ 37 റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു.

Content Highlight: SA vs Aus: Kwena Maphaka became youngest South African to take 4 Wicket haul in T20 cricket

We use cookies to give you the best possible experience. Learn more