‘ചരിത്രം പലപ്പോഴും രാജാക്കന്മാരുടെ വിജയഗാഥകളിലല്ല എഴുതപ്പെടുന്നത്; അധികാരമില്ലാത്തവരുടെ നിശബ്ദമായ ഐക്യദാര്‍ഢ്യത്തിലാണ്.’ ദല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരം അവസാനിച്ചത് ഒരു വിജയവാര്‍ത്തയോടെയായിരുന്നു.
പക്ഷേ ആ വിജയത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം ആവശ്യങ്ങളുടെ അംഗീകാരത്തിലായിരുന്നില്ല. ഇന്ത്യന്‍ സമൂഹം ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരത്തിലേക്ക് കടന്നുപോകുന്നുവെന്ന സൂചനയിലായിരുന്നു. ഈ സമരം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിജയത്തെക്കാള്‍ വലിയൊരു സാമൂഹിക പ്രഖ്യാപനമായിരുന്നു.
Abhijeet Dipke Greeting CJP Supporters at Jantar Mandar on June 20 Protest: Photo Credit: x.com/Cockroachisback
ചരിത്രത്തിലെ എല്ലാ വലിയ സാമൂഹിക മാറ്റങ്ങള്‍ക്കും ഒരു പൊതു സ്വഭാവമുണ്ട്. പഴയ തലമുറ അവയുമായി ഉടന്‍ പൊരുത്തപ്പെടാന്‍ വൈമുഖ്യം പ്രകടിപ്പിക്കും. പുതിയ തലമുറ അവയെ ജീവിതരീതിയായി സ്വീകരിക്കും. ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്.
ഇന്ന് സമരത്തിന്റെ ഭൂമിശാസ്ത്രം മാറിയിരിക്കുന്നു. ജന്തര്‍ മന്ദിറില്‍ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ യഥാര്‍ത്ഥ സമരവേദി ഇന്ത്യയുടെ ആയിരക്കണക്കിന് യുവജനങ്ങളുടെ മനുഷ്യമനസ്സുകളിലായിരുന്നു, ഒരു മൊബൈല്‍ സ്‌ക്രീനിലൂടെ.
ജെന്‍ Z എന്ന തലമുറയുടെ രാഷ്ട്രീയ പങ്കാളിത്തം പരമ്പരാഗത രാഷ്ട്രീയത്തിന്റെ നിര്‍വചനങ്ങളെ മറികടക്കുന്നതാണ് നാം കണ്ടത്. അവര്‍ക്ക് രാഷ്ട്രീയമെന്നത് പാര്‍ട്ടി അംഗത്വമല്ല, മനുഷ്യന്റെ അന്തസ്സിനുവേണ്ടി നിലകൊള്ളലാണ്.
അവര്‍ സമരവേദിയിലേക്ക് പോയില്ല, എന്നാല്‍ സമരം അവരിലേക്ക് എത്തി. നേരിട്ട് പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കിലും ഡിജിറ്റല്‍ പണമിടപാടുകളിലൂടെ ഭക്ഷണം എത്തിച്ചു. അവര്‍ എല്ലാം മുന്‍കൂര്‍ ആസൂത്രണം ചെയ്തില്ല, പക്ഷേ വെള്ളവും പുതപ്പും കൊതുകുവലയും മരുന്നുകളും എത്തിച്ചു. അവര്‍ നേതാക്കളായില്ല, എന്നാല്‍ ഒരു പ്രസ്ഥാനത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്ന അദൃശ്യ ശൃംഖലയായി മാറി.
രാഷ്ട്രീയത്തിന്റെ ഭാഷ അധികാരത്തില്‍ നിന്ന് പരിചരണത്തിലേക്ക് മാറുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ പഴയ കണ്ണുകള്‍ക്ക് പലപ്പോഴും കഴിയാറില്ല.
ജെന്‍ Z-യെ കുറിച്ച് പല വിമര്‍ശനങ്ങളും ഉയരാറുണ്ട്: അവര്‍ മൊബൈലിലാണ് ജീവിക്കുന്നത്, കുടുംബമൂല്യങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു, പരമ്പരാഗത മതബോധമില്ല, വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്, തൊഴില്‍ എന്നതിനെ അവര്‍ ജീവിതത്തിന്റെ ഏക ലക്ഷ്യമായി കാണുന്നില്ല…
ഈ വിമര്‍ശനങ്ങളില്‍ ചില യാഥാര്‍ത്ഥ്യങ്ങളുണ്ടാകാം, പക്ഷേ അവ അപൂര്‍ണമായ സത്യങ്ങളാണ്. കാരണം ഈ തലമുറയെ മനസ്സിലാക്കണമെങ്കില്‍ അവര്‍ എന്താണ് ഉപേക്ഷിച്ചതെന്ന് നോക്കേണ്ടതില്ല; അവര്‍ എന്താണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് നോക്കണം.
പിറകിലേയ്ക്ക് സഞ്ചരിക്കുന്ന നീതിബോധത്തെ അവര്‍ പുനര്‍നിര്‍മിക്കുന്നു. മതത്തെക്കാള്‍ മനുഷ്യത്വം, ജാതിയെക്കാള്‍ സമത്വം, അധികാരത്തെക്കാള്‍ ഉത്തരവാദിത്തം, ദേശീയതയെക്കാള്‍ മനുഷ്യാവകാശം, അനുസരണത്തെക്കാള്‍ ചോദ്യം ചെയ്യല്‍ എന്നിവയാണ് അവരുടെ രാഷ്ട്രീയ നിഘണ്ടുവിലെ പ്രധാന വാക്കുകള്‍.
ജന്തര്‍ മന്ദറിലെ ആ സമരത്തില്‍ ആരും ആരുടെ ജാതി ചോദിച്ചില്ല; ആരും ആരുടെ മതം അന്വേഷിച്ചില്ല; ആരും ആരുടെയും ദേശം അന്വേഷിച്ചില്ല. ആരും ആരുടെ ഭാഷയെ പരിഹസിച്ചില്ല, ആരുടെയും സാമൂഹിക പദവി പ്രസക്തമായില്ല. ആര്‍ക്കും സ്ത്രീയോ പുരുഷനോ എന്ന വ്യത്യാസം പ്രസക്തമായിരുന്നില്ല. വിശക്കുന്ന ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവന് ഭക്ഷണം നല്‍കാന്‍ തയ്യാറായ മറ്റൊരാളും. അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ രൂപം.
ഭരണഘടന എഴുതിയ മൂല്യങ്ങള്‍ നിയമപുസ്തകങ്ങളില്‍ നിന്ന് ഇറങ്ങി മനുഷ്യരുടെ പെരുമാറ്റത്തിലേക്ക് കടന്നുവരുന്ന നിമിഷമാണത്.
ഓരോ തലമുറയും മുന്‍തലമുറയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ചരിത്രം ഉദ്‌ഘോഷിക്കുന്നത് ഭാവിയെ ജയിക്കുന്നത് ഭയമല്ല, മാറ്റമാണ് എന്നാണ്. ജെന്‍ Zയുടെ ഭാഷ ഇമോജികളാകാം, അവരുടെ രാഷ്ട്രീയം ഹാഷ്ടാഗുകളാകാം, അവരുടെ സൗഹൃദങ്ങള്‍ അതിര്‍ത്തികള്‍ കടന്നുപോകുന്നതാകാം. അവരുടെ കുടുംബസങ്കല്‍പങ്ങള്‍ വ്യത്യസ്തമാകാം, അവരുടെ ജോലിസംസ്‌കാരം നമ്മുടെ തലമുറയ്ക്ക് മനസിലാകാതിരിക്കാം. എന്നാല്‍ വ്യത്യസ്തത അധഃപതനത്തിന്റെ തെളിവല്ല; അത് ചരിത്രത്തിന്റെ സ്വാഭാവിക പരിണാമമാണ്.
ഇരുപതാം നൂറ്റാണ്ടിലെ രാഷ്ട്രീയം അധികാരം പിടിക്കുന്നതിനെക്കുറിച്ചായിരുന്നു എങ്കില്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയം മനുഷ്യരെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്. ജെന്‍ Z അധികാരത്തെ ആരാധിക്കുന്നില്ല, അവര്‍ അധികാരത്തെ നിരീക്ഷിക്കുന്നു.
അവര്‍ നേതാക്കളെ അന്ധമായി പിന്തുടരുന്നില്ല, നേതാക്കളോട് വിശദീകരണം ആവശ്യപ്പെടുന്നു. അവര്‍ സ്വതന്ത്ര ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കുകയും സംഘടനകളേക്കാള്‍ സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്യുന്നു.
അതുകൊണ്ടാണ് അവര്‍ ഒരു സമരവേദിയില്‍ ഭക്ഷണം എത്തിക്കുന്നതും, അന്യന്റെ വേദന സ്വന്തം ഉത്തരവാദിത്തമാക്കുന്നതും, ഒരു മൊബൈല്‍ ഫോണ്‍ മനുഷ്യകാരുണ്യത്തിന്റെ ഉപകരണമായി മാറ്റുന്നതും.
നാം ഇന്ന് ഭരിക്കുന്ന ഇന്ത്യ നാളെ ഇവരുടെ കൈകളിലായിരിക്കും. നമ്മുടെ ഭരണസംവിധാനങ്ങളും സര്‍വകലാശാലകളും കോടതികളും മാധ്യമങ്ങളും വ്യവസായങ്ങളും കലയും സാഹിത്യവും ഈ തലമുറയാണ് മുന്നോട്ട് നയിക്കുക.
അപ്പോള്‍ ഒരു ചോദ്യം മാത്രം ബാക്കിയാകും: അവരെ മാറ്റാന്‍ നാം ശ്രമിക്കുമോ, അതോ അവരെ മനസ്സിലാക്കാന്‍ നാം തയ്യാറാകുമോ?
തലമുറകള്‍ക്കിടയിലെ ഏറ്റവും വലിയ പ്രശ്‌നം അഭിപ്രായവ്യത്യാസമല്ല, ഉള്‍ച്ചേര്‍ക്കലിന്റെ അഭാവമാണ്. പുതിയ തലമുറയുടെ ഭാഷ ഉള്‍ക്കൊള്ളാത്ത സമൂഹം ഭാവിയുമായി സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തും. അവരുടെ ചോദ്യങ്ങളെ പേടിക്കുന്ന സമൂഹം സ്വയം ജനാധിപത്യത്തെ ദുര്‍ബലമാക്കും.
ജന്തര്‍ മന്ദറിലെ ആ സമരം നമ്മെ പഠിപ്പിച്ചത് കോക്ക്രോച്ച് ജനതാ പാര്‍ട്ടിയുടെ വിജയകഥയല്ല, അത് ഒരു തലമുറയുടെ ആത്മപ്രഖ്യാപനമായിരുന്നു.
അവര്‍ പറയുന്നത് ലളിതമാണ്: ‘ഞങ്ങള്‍ ലോകത്തെ സ്‌നേഹിക്കുന്നു, അത് മാറ്റിനിര്‍ത്തലിന്റേതല്ല, ചേര്‍ത്തുനിര്‍ത്തലിന്റേതാണ്; നീതി നിഷേധത്തിന്റേതല്ല, നീതി ബോധത്തിന്റേതാണ്. ഞങ്ങളുടെ രാഷ്ട്രീയം വ്യത്യസ്തമാണ്, ഞങ്ങളുടെ ഭാഷ വ്യത്യസ്തമാണ്, ഞങ്ങളുടെ ബന്ധങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ മനുഷ്യനെ മനുഷ്യനായി കാണുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന.’
ഇവിടെ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സാമൂഹിക നീതിയും അഭിപ്രായസ്വാതന്ത്ര്യവും ഒരു തലമുറയുടെ മാത്രം സൃഷ്ടിയല്ല. അനേകം തലമുറകളുടെ വേദനയും ത്യാഗവും പോരാട്ടവും ആത്മസമര്‍പ്പണവും ചേര്‍ന്നാണ് ഇന്നത്തെ സമൂഹം രൂപപ്പെട്ടത്.
സ്വാതന്ത്ര്യസമര സേനാനികള്‍ മുതല്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍, കര്‍ഷകസമരങ്ങള്‍, സ്ത്രീസമത്വ പ്രസ്ഥാനങ്ങള്‍, ദളിത്, ആദിവാസി അവകാശ പോരാട്ടങ്ങള്‍, ശാസ്ത്രീയ ചിന്തയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച നവോത്ഥാന നായകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇങ്ങനെ എണ്ണമറ്റ വ്യക്തികളും സമൂഹങ്ങളും സ്വന്തം ജീവിതത്തിന്റെ ഒരു ഭാഗം ഈ രാജ്യത്തിന്റെ പൊതുനന്മയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
ആ ചരിത്രത്തെ തിരസ്‌കരിച്ചുകൊണ്ട് പുതിയൊരു സമൂഹത്തെ നിര്‍മ്മിക്കാനാവില്ല; അതുപോലെ ആ ചരിത്രത്തെ മാത്രം മുറുകെപ്പിടിച്ച് ഭാവിയെ നിര്‍മ്മിക്കാനും കഴിയില്ല. ജെന്‍ Z പുതിയ ചോദ്യങ്ങള്‍ ചോദിക്കട്ടെ, പുതിയ വഴികള്‍ തേടട്ടെ; എന്നാല്‍ അവര്‍ നടക്കുന്നത് മുന്‍തലമുറകള്‍ രക്തവും വിയര്‍പ്പും കൊണ്ട് വെട്ടിത്തുറന്ന വഴികളിലൂടെയാണെന്ന ധാരണ അവര്‍ക്കുണ്ടാകണം.
സമരക്കാരെ തല്ലിച്ചതയ്ക്കുന്ന പൊലീസ്
അതേസമയം, പഴയ തലമുറയും ഒരു സത്യം അംഗീകരിക്കേണ്ടതുണ്ട്. ഓരോ തലമുറയും ചരിത്രത്തെ സംരക്ഷിക്കുന്നത് അതിനെ അതേപടി ആവര്‍ത്തിച്ചല്ല, സ്വന്തം കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പുതുക്കിയും വികസിപ്പിച്ചുമാണ്.
അതുകൊണ്ട് സമൂഹത്തിന്റെ ഭാവി തലമുറകളുടെ വൈരുദ്ധ്യങ്ങളിലല്ല, അനുഭവത്തിന്റെ ജ്ഞാനവും യുവത്വത്തിന്റെ സൃഷ്ടിപരതയും കൈകോര്‍ക്കുന്ന ഇടങ്ങളിലാണുള്ളത്.
ഒരു രാജ്യത്തിന്റെ ശക്തി അതിന്റെ യുവത്വത്തെ ആഘോഷിക്കുന്നതിലോ മുതിര്‍ന്നവരെ ആദരിക്കുന്നതിലോ മാത്രമല്ല; രണ്ടുപേരെയും ഒരേ യാത്രയുടെ അനിവാര്യ സഹയാത്രികരായി അംഗീകരിക്കുന്നതിലാണ്.
Content Highlight: S.Y. Shuja writes about the politics of Gen Z