കേരളത്തിലെ ഏറ്റവും കലാപകലുഷിതമായ തെരഞ്ഞെടുപ്പ് ഏതായിരുന്നു എന്നറിയാമോ?
ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ കേള്‍ക്കാം:
ഉമ്മന്‍ ചാണ്ടി
‘സംസ്ഥാനത്തു പലേടത്തും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ തിരഞ്ഞെടുപ്പു നടന്നില്ല. പൊലീസ് ഇടപെട്ടു എന്നു പരാതി ഉയര്‍ന്നു. കൊല്ലത്തും സംഘര്‍ഷമായി. ഡിസിസി വൈസ് പ്രസിഡന്റ് വി സത്യശീലന്റെ വീട് ആക്രമിച്ചു’.
‘പിറ്റേന്ന് പത്തനംതിട്ട ഡി.സി.സി ഓഫീസിലുണ്ടായ സംഘര്‍ഷം ദൗര്‍ഭാഗ്യകരമായിരുന്നു. ബൂത്ത് തലത്തില്‍ ജയിച്ചവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് വന്ന സംഘം വോട്ടര്‍ പട്ടിക കത്തിച്ചു. പ്രസിഡന്റിന്റെ ഓഫീസിലെ ഫര്‍ണിച്ചര്‍ തകര്‍ത്തു. ജില്ലാ റിട്ടേണിങ് ഓഫീസര്‍ രവി അരുണ്‍ ഓടി രക്ഷപ്പെട്ടു.’
‘കോട്ടയം ജില്ലാ വരണാധികാരി ഫിലമണ്‍ ദാസിന്റെ ഹോട്ടല്‍ മുറിയില്‍ സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ വന്ന് വോട്ടര്‍ പട്ടിക ചോദിച്ചു’.
‘തിരുവനന്തപുരം ജില്ലയിലെ വോട്ടര്‍ പട്ടിക തര്‍ക്കം തീര്‍ക്കാന്‍ ജില്ലാ റിട്ടേണിങ് ഓഫീസര്‍ രാജയ്യയുടെ സാന്നിധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ച അങ്കോലമായപ്പോള്‍ രേഖകളുമായി രാജയ്യ സ്ഥലംവിട്ടു.
തൊട്ടടുത്തായിരുന്നു (കോണ്‍ഗ്രസ് നേതാവ്) പ്രഭാറാവുവിന്റെ മുറി. ക്ഷുഭിതരായ ഒരു സംഘം ആ മുറിയുടെ വാതിലില്‍ ചവിട്ടി. അവര്‍ ഭയചകിതയായി, എ.കെ. ആന്റണിയുമായി ബന്ധപ്പെട്ടു. അദ്ദേഹം എന്നെ വിളിച്ചു. പുലര്‍ച്ചെ രണ്ടു മണിയായിരുന്നു. ഞാന്‍ സിറ്റി പൊലീസ് കമ്മീഷണറോടു സംസാരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തിയതോടെയാണ് രംഗം ശാന്തമായത്. വലിയ നാണക്കേടായി…’
ഇത്ര ഘോരമായി ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയ തെരഞ്ഞെടുപ്പ് ഏതെന്നല്ലേ?
ഒരു പാര്‍ട്ടിയിലെ സംഘടനാ തിരഞ്ഞെടുപ്പായിരുന്നു! കോണ്‍ഗ്രസില്‍ നടന്ന 1992-ലെ സംഘടനാ തെരഞ്ഞെടുപ്പ്!
തെരുവിലും പാര്‍ട്ടി ഓഫീസുകളിലുമായി നടന്ന താഴേ തല തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ നടന്ന, എ.കെ. ആന്റണിയും കരുണാകരന്‍ ഗ്രൂപ്പിലെ വയലാര്‍ രവിയും തമ്മിലുള്ള പി.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ഉമ്മന്‍ ചാണ്ടി തന്റെ ആത്മകഥയായ ‘കാലം സാക്ഷി’യില്‍ വിവരിക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ
തെരഞ്ഞെടുപ്പു ഹാളാണ് രംഗം. എസ്. കൃഷ്ണകുമാര്‍ വന്ന് കരുണാകരന്റെ അടുത്തിരിക്കാന്‍ ആന്റണിയെ പ്രേരിപ്പിച്ചു. ആന്റണി വിസമ്മതിച്ചു. കരുണാകരന്‍ വന്ന് ആന്റണിയുടെ അടുത്തിരുന്നു. ‘ഇനിയും നാടകം കളിക്കണോ? എനിക്കിനി വയ്യ,’ ആന്റണി പറഞ്ഞു.
പതിനെട്ടു വോട്ടിന്റെ വ്യത്യാസത്തില്‍ ആന്റണി തോറ്റു.
‘തുടര്‍ന്ന് വൈസ് പ്രസിഡന്റ്, ട്രഷറര്‍, നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കു തെരഞ്ഞെടുപ്പു നടന്നു. തോറ്റവരെക്കൂടെ ഉള്‍പ്പെടുത്തി സമവായത്തിന് ആരും മുതിര്‍ന്നില്ല. അങ്ങനെ പ്രതീക്ഷിച്ചിട്ടു കാര്യമുമില്ലായിരുന്നു’.
‘തെരഞ്ഞെടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. അതു ഞങ്ങള്‍ക്കു മനസിലാവും. എന്നാല്‍ സംസ്ഥാനത്തുടനീളം പൊലീസിനെ ഉപയോഗിച്ചു തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിച്ചതിലായിരുന്നു ഞങ്ങളുടെ പ്രതിഷേധം’.
‘പൊലീസ് ഇടപെടലുകളെക്കുറിച്ച് കെ.പി.സി.സി സബ് കമ്മിറ്റിയുടെ അന്വേഷണം എന്ന ആവശ്യം വന്‍ ചര്‍ച്ചാവിഷയമായി’.
കേരളം ഭരിക്കുന്നതും പൊലീസിനെ നയിക്കുന്നതും കോണ്‍ഗ്രസ് മുഖ്യമന്ത്രി കരുണാകരനാണ്.
കെ. കരുണാകരന്‍
‘സംഘടനാ തെരഞ്ഞെടുപ്പില്‍ ഒരു പക്ഷത്തെ ജയിപ്പിക്കാന്‍ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് സെല്‍ പ്രവര്‍ത്തിച്ചു എന്ന് ആര്യാടന്‍ തുറന്നടിച്ചു’.
ആര്യാടന്‍ മുഹമ്മദ്
ഐ.ജി ടി.വി. മധുസൂദനന്റെ പേരെടുത്ത് പറഞ്ഞ് ആരോപണമുയര്‍ന്നു. ഒടുവില്‍ അന്വേഷണ സമിതി രൂപീകരിക്കപ്പെട്ടു. അതാണു തെന്നലക്കമ്മിറ്റി.
ഇതിനിടെ കെ കരുണാകരനെതിരെ 19 എം.എല്‍.എമാര്‍ യോഗം ചേര്‍ന്ന് ‘ശൈലീമാറ്റം’ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി/ആന്റണി വിഭാഗം സമാന്തര സംഘടനകള്‍ ഉണ്ടാക്കി- കേരള ദേശീയ വേദി, രാജീവ് വിചാരവേദി, ഇന്ദിരാദര്‍ശനവേദി. എല്ലാ ജില്ലകളിലും ഫോറങ്ങള്‍ നിലവില്‍ വന്നു.
‘ഞങ്ങള്‍’ എന്നും ‘അവര്‍’ എന്നുമാണ് ഉമ്മന്‍ ചാണ്ടി തന്റെ ആത്മകഥയില്‍ എഴുതുന്നത്. ഞങ്ങള്‍ എന്നാല്‍ തന്റെ ഗ്രൂപ്പ്. അവര്‍ എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പ്!
കരുണാകരന്റെ കാറപകടം, തിരുത്തല്‍വാദം, കരുണാകരന്റെ തിരിച്ചു വരവ്, ഉമ്മന്‍/ആന്റണി ഗ്രൂപ്പിന്റെയും ചെന്നിത്തല-കാര്‍ത്തികേയന്‍- ഷാനവാസ് ഗ്രൂപ്പിന്റെയും കരുണാകരനെതിരായ പട…
രംഗം കൊഴുക്കുകയാണ്.
1993ല്‍ കോണ്‍ഗ്രസില്‍ വീണ്ടും കയ്യാങ്കളി. എറണാകുളത്തെ കയ്യാങ്കളിയെ തുടര്‍ന്ന് വി.ഡി. സതീശനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു.
വി.ഡി. സതീശന്‍
‘ജനുവരി 23 ശനിയാഴ്ച. എ.ഐ.സി.സി നിര്‍ദേശ പ്രകാരം എറണാകുളം ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വര്‍ഗീയ വിരുദ്ധ കണ്‍വെന്‍ഷന്‍ കയ്യാങ്കളിയില്‍ കലാശിച്ചത് ഓര്‍മ്മകളിലെ കറുത്തപാടായി നില്‍ക്കുന്നു. വിശിഷ്ടാതിഥിയായി വന്ന മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ. ബാവയുടെ സാന്നിധ്യത്തിലായിരുന്നു പടപ്പുറപ്പാട്.
കെ. കരുണാകരന്‍, വയലാര്‍ രവി, കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ക്കൊപ്പം ഞാനും വേദിയിലുണ്ട്… ഐ പക്ഷവും തിരുത്തല്‍ വാദികളും മത്സരിച്ചു മുദ്രാവാക്യം മുഴക്കി. ജമാല്‍ മണക്കാടനും അജയ് തറയിലും മഫ്തി പൊലീസുകാരെ പിടിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. ചിലര്‍ കസേര പൊക്കി അടിക്കാനോടുന്നു.
‘സര്‍വവും നശിക്കും, എല്ലാം നശിപ്പിക്കും’ എന്നു വേദിയിലുണ്ടായിരുന്ന കാര്‍ത്തികേയനെ നോക്കി കരുണാകരന്‍ പറഞ്ഞു…
കെ. കെ. കരുണാകരന്‍ | ജി. കാര്‍ത്തികേയന്‍
കെ.പി.സി.സി അംഗങ്ങളായ ജമാല്‍ മണക്കാടന്‍, അജയ് തറയില്‍, എ.എ. ഷുക്കൂര്‍, ഡിസിസി അംഗങ്ങളായ ആര്‍.ബി. ഉണ്ണിത്താന്‍, ബാബു പ്രസാദ്, വി.ഡി. സതീശന്‍, മുന്‍ കോട്ടയം ഡി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് എന്നിവരെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. കൊച്ചി സംഭവം ഇന്ത്യയിലൊട്ടാകെ കോണ്‍ഗ്രസിനു ചീത്തപ്പേരുണ്ടാക്കി എന്നായിരുന്നു ഹൈക്കമാന്റിന്റെ വിലയിരുത്തല്‍’.
പരസ്പരമുള്ള അഴിമതിയാരോപണങ്ങളുടെ കുത്തൊഴുക്ക് വന്നതും കോണ്‍ഗ്രസില്‍ നിന്നു തന്നെ. ഉമ്മന്‍ ചാണ്ടിക്കെതിരെ ടി. ശരത്ചന്ദ്രപ്രസാദിന്റെ കക്കി തടിയിടപാട് ആരോപണം, എക്‌സൈസ് മന്ത്രി രഘുചന്ദ്രബാലിനെതിരായ ബാര്‍ ലൈസന്‍സ് ആരോപണങ്ങള്‍, ഉമ്മന്‍ ചാണ്ടിയും സ്പിരിറ്റ് ഇടപാടുകാരന്‍ ഈശ്വരമൂര്‍ത്തിയും തമ്മിലുള്ള രഹസ്യകൂടിക്കാഴ്ച്ച എന്ന ആരോപണം…
അവസാനം വെടി നിര്‍ത്തല്‍ കരാറായി.
‘ദല്‍ഹിയില്‍ രൂപപ്പെട്ട ഐക്യ കരാര്‍ തിരുവനന്തപുരത്ത് ഐക്യപ്രമാണമായി… ഉടമ്പടിപത്രം രണ്ടു തവണ തിരുത്തി ടൈപ്പു ചെയ്യേണ്ടി വന്നു… ഒടുക്കം പി.സി. ചാക്കോയും ശങ്കരനാരായണനും ഞാനും ഒപ്പുവച്ചു’.
സ്ഥാനങ്ങള്‍ പങ്കുവച്ചു. അച്ചടക്കനടപടികള്‍ പിന്‍വലിച്ചു.
വെടി നിര്‍ത്തല്‍ താത്കാലികം മാത്രമായിരുന്നു. തുടര്‍ന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് വിഷയം, എം.എ. കുട്ടപ്പനെ മാറ്റല്‍, ഉമ്മന്‍ ചാണ്ടിയുടെ ധനമന്ത്രി സ്ഥാനത്ത് നിന്നുള്ള രാജി, നേതൃമാറ്റം എന്ന ആവശ്യം, പിന്നീടു ചാരമായ ചാരക്കേസ്, ഒടുക്കം കരുണാകരന്റെ രാജി…
തിരുവനന്തപുരം ഗാന്ധി പാര്‍ക്കിലെ പൊതുയോഗത്തിലാണ് കരുണാകരന്‍ തന്റെ രാജി പ്രഖ്യാപിച്ചത്.
‘മന:സ്‌തോഭം തുടിച്ചു നില്‍ക്കുന്നതായിരുന്നു പ്രസംഗം. അതു വളരെ സ്വാഭാവികവുമായിരുന്നു’.
ആ പ്രസംഗത്തിന്റെ ഉള്ളടക്കം ഉമ്മന്‍ ചാണ്ടിയോ അദ്ദേഹത്തിനു വേണ്ടി ആത്മകഥ തയ്യാറാക്കിയ മലയാള മനോരമയുടെ സണ്ണിക്കുട്ടി എബ്രഹാമോ വെളിപ്പെടുത്താന്‍ തയ്യാറായില്ല.
ഉമ്മന്‍/ആന്റണി പ്രഭൃതികളെ കരുണാകരന്‍ തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു:
എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയും
‘സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ മാതാവിനെ ഒറ്റിക്കൊടുക്കുവാന്‍ അടുത്ത വീട്ടിലെ ജാരനെ കൂട്ടു പിടിക്കുന്നവരെ ജനം തിരിച്ചറിയും. ചരിത്രസംഭവങ്ങള്‍ വായിക്കുമ്പോള്‍ ചതിയന്മാരെയും കുലദ്രോഹികളെയും ശകുനിമാരെയും കാണാറുണ്ട്. പക്ഷേ ഇതുപോലെ നപുംസകങ്ങളെ കാണുന്നത് ജീവിതത്തില്‍ ആദ്യമാണ്,’
പിന്നെയും ഒരുപാടു തൊഴുത്തില്‍ക്കുത്തുകളുടെ കഥകള്‍ ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. ആന്റണിയുടെ കാലവും ആന്റണിയെ നീക്കി ഉമ്മന്‍ ചാണ്ടി ഏകഛത്രാധിപതിയായി വാഴുന്നതുമൊക്കെയുണ്ട്.
ഏറ്റവും ഒടുവിലത്തേത് 2021ലെ തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് അപമാനിച്ചു പുറത്താക്കിയതാണ്. അവിടെയും ഉമ്മന്‍ ചാണ്ടി ‘ഞങ്ങള്‍’ എന്നു പറയുന്നത് തന്റെ ഗ്രൂപ്പിനെക്കുറിച്ചാണ്. അതില്‍ രമേശും കോണ്‍ഗ്രസും പെടില്ല.
രമേശ് ചെന്നിത്തല
‘മെയ് 22നാണ് എംഎല്‍എമാരുടെ അഭിപ്രായം ആരായാന്‍ കേന്ദ്ര പ്രതിനിധികള്‍ തിരുവനന്തപുരത്തെത്തുന്നത്. അതിനു മുമ്പ് ഹൈക്കമാന്‍ഡിന്റെ മനസില്‍ എന്തെങ്കിലുമുണ്ടോ എന്നറിയാന്‍ ഞാനാഗ്രഹിച്ചു.
അന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്നു. ഞാനദ്ദേഹത്തെ അവിടെച്ചെന്നു കണ്ടു. എന്തെങ്കിലും നിര്‍ദ്ദേശം ദല്‍ഹിയില്‍ നിന്നുണ്ടോ എന്നു ചോദിച്ചു. ഇതുവരെ ഒന്നുമില്ല, എന്തെങ്കിലും ഉണ്ടെങ്കില്‍ ചോദിച്ചു പറയാം എന്നദ്ദേഹം മറുപടി നല്‍കി.
കെ.സി. വേണുഗോപാല്‍
വേണുഗോപാലില്‍ നിന്നു പിന്നെ ഇതു സംബന്ധിച്ച പ്രതികരണമൊന്നുമുണ്ടായില്ല. എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയുടെ ദിവസം ഞാന്‍ മാസ്‌കോട്ട് ഹോട്ടലിലെ മുറിയില്‍ ഹൈമ്മാന്‍ഡ് പ്രതിനിധി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു… ഒരു നിര്‍ദ്ദേശവുമില്ലെന്നും ആര്‍ക്കും ആരുടെ പേരും നിര്‍ദ്ദേശിക്കാമെന്നു ഖാര്‍ഗെ പറഞ്ഞു.
ഇതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസും എന്നെ വന്നു കണ്ടു. അവര്‍ക്കു വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നും അതു പ്രകടിപ്പിക്കാന്‍ അവസരം വേണമെന്നും പറഞ്ഞു. അക്കാര്യത്തില്‍ ഒരു തടസവുമുണ്ടായിരുന്നില്ല. ഖാര്‍ഗെയെ കണ്ടശേഷമാണ് ഞങ്ങള്‍ രമേശിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്.
ഇന്ദിരാഭവനില്‍ കൂടിക്കാഴ്ച്ചയ്ക്കു തൊട്ടുമുമ്പ് രമേശ് ചെന്നിത്തലയും ഖാര്‍ഗേയോടു ചോദിച്ചു, ഹൈക്കമാന്‍ഡിന് ആരുടെ കാര്യത്തിലെങ്കിലും താല്പര്യമുണ്ടോ എന്ന്. നിഷേധാര്‍ത്ഥത്തിലായിരുന്നു മറുപടി.
21 എംഎല്‍എമാരില്‍ ഭൂരിപക്ഷം രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാല്‍ ഹൈക്കമാന്റിന്റെ മനോഗതം വേറെയായിരുന്നു എന്നു വ്യക്തമാക്കിക്കാണ്ട് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു. കേന്ദ്രനേതൃത്വത്തിന്റെ താല്പര്യം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കില്‍ ഒരു വിവാദവുമില്ലാതെ ഈ അധ്യായം അവസാനിക്കുമായിരുന്നു’.
രമേശിനെ അപമാനിച്ചു പുറത്താക്കി, ഭൂരിപക്ഷമുണ്ടായിട്ടും. ‘ഹൈക്കമാന്‍ഡ്’ പതിവുപോലെ പാവനേതാവിനെ പ്രതിഷ്ഠിച്ചു. പഴയ ഗ്രൂപ്പ് കയ്യാങ്കളിക്കേസില്‍ ഇന്ത്യയൊട്ടാകെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയ പഴയ ഗ്രൂപ്പ് കയ്യാങ്കളിക്കേസില്‍ കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്റ് ചെയ്യപ്പെട്ടു എന്ന് ഉമ്മന്‍ ചാണ്ടി തന്നെ വെളിപ്പെടുത്തിയ അതേ വി.ഡി. സതീശന്‍ നേതാവായി.
രമേശ് ചെന്നിത്തല | വി.ഡി. സതീശന്‍
കോണ്‍ഗ്രസിന്റെയും അതിലെ നേതാക്കളുടെയും ചരിത്രം ചതിയുടെയും തൊഴുത്തില്‍ക്കുത്തുകളുടെയും അഴിമതിയാരോപണങ്ങളുടെയും തീരാക്കഥകളാണ്. ആ ചരിത്രമാണ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കിയതും തുടര്‍ച്ചയായി രണ്ടു തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നയിച്ച മുന്നണിയെ തോല്പിച്ചതും. കോണ്‍ഗ്രസിന്റെ ‘ഒടുക്കത്തെ’ ഭരണം ഇനി വേണ്ടെന്നു കേരളം തീരുമാനിച്ചതങ്ങനെയാണ്.
ഉമ്മന്‍ ചാണ്ടി
‘ഞങ്ങള്‍’ എന്നു പറഞ്ഞാല്‍ ഞാനും എന്റെ ഉപജാപകവൃന്ദവും മാത്രം; അതില്‍ പാര്‍ട്ടിയുമില്ല, ജനങ്ങളുമില്ല. ‘അവര്‍’ എന്നു പറഞ്ഞാല്‍ ശത്രുപക്ഷം; അതായത് പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പ്.
ഗ്രൂപ്പ് കലാപങ്ങള്‍ ഒടുങ്ങിയ നേരമുണ്ടാവില്ല. ചേര്‍ന്നിരിക്കാന്‍ പോലും മനസില്ലാത്തവര്‍. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിലെ വെടിനിര്‍ത്തല്‍ കരാര്‍ പോലെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ എഴുതി ഒപ്പിടുന്നവര്‍, എന്നിട്ടും പകയും യുദ്ധവും അവസാനിപ്പിക്കാത്തവര്‍.
ആ കോണ്‍ഗ്രസിനു വീണ്ടും ഭരണം നല്‍കി കേരളത്തെ പാര്‍ട്ടിക്കലാപങ്ങളിലും ചതികളിലും വഞ്ചനകളിലും അഴിമതികളിലും മുക്കിത്താഴ്ത്തണോ എന്നു തീരുമാനിക്കാനുള്ള തിരഞ്ഞെടുപ്പാണ് ഏപ്രില്‍ ഒമ്പതിനു നടക്കുന്നത്.
Content Highlight: S. Sudeep writes about group fights in Congress