| Tuesday, 15th September 2026, 8:45 am

എസ്. ഷാജു ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ; ആഗോളതലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപനം

ശ്രീലക്ഷ്മി പി.പി

ഒഞ്ചിയം: രാജ്യത്തെ പ്രമുഖ സഹകരണ പ്രസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ചെയർമാനായി എസ്. ഷാജു ചുമതലയേറ്റു. മുൻ ചെയർമാൻ രമേശൻ പാലേരിയുടെ നിര്യാണത്തെ തുടർന്ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

നിലവിൽ സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്ന അദ്ദേഹത്തെ ചെയർമാനായി തെരഞ്ഞെടുത്തതോടെ, പുതിയ എം.ഡി.യുടെ ചുമതല ചീഫ് ജനറൽ മാനേജരായ കെ. പ്രവീൺ കുമാറിന് കൈമാറി.

ഊരാളുങ്കൽ സൊസൈറ്റിയുമായി തലമുറകളുടെ ആത്മബന്ധമുള്ള കുടുംബത്തിൽ നിന്നാണ് എസ്. ഷാജു പ്രസ്ഥാനത്തിന്റെ അമരത്തേക്ക് എത്തുന്നത്. ഒരു നൂറ്റാണ്ട് മുൻപ് ഊരാളുങ്കൽ സൊസൈറ്റിക്ക് അടിത്തറയിട്ട 14 അംഗ പ്രൊമോട്ടിങ് കമ്മിറ്റിയിലെ പ്രമുഖരും സ്ഥാപകാംഗങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ മുത്തച്ഛൻ എസ്. കണാരനും, അദ്ദേഹത്തിന്റെ പിതാവ് എം. പൊക്കോളിയും.

കൂടാതെ, ഷാജുവിന്റെ പിതാവ് എസ്. കുമാരൻ സൊസൈറ്റിയിലെ തൊഴിലാളിയായും പിന്നീട് ഡയറക്ടറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1997-ൽ ഒരു സാധാരണ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഷാജു, പിന്നീട് തന്റെ കഠിനാധ്വാനത്തിലൂടെയും പ്രതിഭയിലൂടെയും 2009-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായും എം.ഡി.യായും ഉയർന്നു.

യു.എൽ. സൈബർ പാർക്ക്, യു.എൽ. ടെക്നോളജി സൊല്യൂഷൻസ് തുടങ്ങിയ പ്രസ്ഥാനത്തിന്റെ അഭിമാനകരമായ അനുബന്ധ സംരംഭങ്ങൾ വിഭാവനം ചെയ്യുന്നതിലും അവയുടെ വളർച്ചയിലും അദ്ദേഹം നിർണായകമായ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.

ഊരാളുങ്കലിന്റെ പ്രവർത്തനങ്ങളെ ദേശീയ-അന്തർദേശീയ തലങ്ങളിലേക്ക് കൂടുതൽ വിപുലീകരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എസ്. ഷാജു വ്യക്തമാക്കി. കേരളത്തിന്റെ അതിരുകൾ കടന്ന് രാജ്യത്തിന്റെ ഇതര സംസ്ഥാനങ്ങളിലേക്കും ആഗോള വിപണിയിലേക്കും സൊസൈറ്റിയുടെ നിർമാണ, വികസന പദ്ധതികൾ വ്യാപിപ്പിക്കും എന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യകൾ പൂർണമായി ഉൾക്കൊണ്ട് സ്ഥാപനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം പരമ്പരാഗത നിർമാണ-അടിസ്ഥാനസൗകര്യ വികസന മേഖലകളിലെ സാന്നിധ്യം ശക്തമായി തുടരും. ഇതിനുപുറമെ, ഐ.ടി., റിയൽ എസ്റ്റേറ്റ്, വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ പുത്തൻ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ വൻകിട പദ്ധതികൾ ഏറ്റെടുക്കും എന്ന് അദ്ദേഹം വ്യക്തമാക്കി.

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സൊസൈറ്റിയുടെ സാമ്പത്തിക ഭദ്രതയും സുസ്ഥിരതയും ശക്തിപ്പെടുത്തുക, തൊഴിലാളികളുടെയും സൊസൈറ്റി അംഗങ്ങളുടെയും ക്ഷേമം വിട്ടുവീഴ്ചയില്ലാതെ ഉറപ്പുവരുത്തുക എന്നിവയ്ക്കായിരിക്കും പുതിയ നേതൃത്വം പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങളും തൊഴിലാളിപക്ഷ കാഴ്ചപ്പാടുകളും നെഞ്ചിലേറ്റി, അന്തരിച്ച മുൻ ചെയർമാൻ രമേശൻ പാലേരി വിഭാവനം ചെയ്തതുപോലെ ഊരാളുങ്കലിനെ ആഗോളതലത്തിൽ ശ്രദ്ധേയവും സുദൃഢവുമായ ഒരു പ്രസ്ഥാനമായി വളർത്തിയെടുക്കാൻ ജീവനക്കാരുടെയും അംഗങ്ങളുടെയും കൂട്ടായ പിന്തുണയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.

Content Highlight: S. Shaju appointed chairman of Uralungal Society; announces plans to expand operations globally.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more