| Monday, 28th September 2026, 10:48 am

സീനിന് ബെസ്റ്റ് വിഷസ് എന്ന് പറയുന്നില്ല, അഭിനന്ദങ്ങള്‍ ഇപ്പോള്‍ തന്നെ അറിയിക്കുന്നു; സൂര്യയെ പ്രശംസിച്ച് രാജമൗലി

അശ്വിന്‍ രാജേന്ദ്രന്‍

13 വര്‍ഷത്തോളം തിയേറ്ററുകളില്‍ വിജയമില്ലാതെ ബുദ്ധിമുട്ടിയ സൂപ്പര്‍താരമായിരുന്നു സൂര്യ. താരത്തിന്റെ കാലം അവസാനിച്ചെന്നും ഇനി മാര്‍ക്കറ്റ് വാല്യൂവില്ലാത്ത നടനായി തുടരാമെന്നും പലരും അഭിപ്രായപ്പെട്ടപ്പോഴും തന്റെ പെര്‍ഫോമന്‍സിലൂടെ സൂര്യ ലൈംലൈറ്റില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയായ വിജയ് സിനിമാജീവിതം അവസാനിപ്പിച്ചതോടെ കോളിവുഡിലെ അമരക്കാരനാകാന്‍ സൂര്യയ്ക്ക് സാധിക്കുമോ എന്ന പലരുടെയും സംശയത്തിന് മറുപടിയായിക്കൊണ്ടായിരുന്നു ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പിലൂടെ സൂര്യ വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. പിന്നാലെ വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ് 200 കോടിയിലധികം കളക്ഷന്‍ നേടുകയും ചെയ്തിരുന്നു.

Photo: X.com

ഇപ്പോഴിതാ താരത്തെ അഭിനന്ദിക്കുന്ന സംവിധായകന്‍ എസ്.എസ് രാജമൗലിയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജമൗലി അവതരിപ്പിച്ച് ഫഹദ് ഫാസില്‍ പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ഡോണ്ട് ട്രബിള്‍ ദി ട്രബിളിന്റെ തമിഴ് പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെയാണ് സൂര്യയെ സംവിധായകന്‍ പ്രശംസിച്ചത്. വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും കറുപ്പിനും അഭിനന്ദനമറിയിച്ച അദ്ദേഹം താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ സീനിനും ആശംസകള്‍ അറിയിച്ചു.

‘താങ്കളുടെ വലിയ വിജയങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ഡബിള്‍ ധമാക്കയാണ് കറുപ്പിലൂടെയും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലൂടെയും നേടിയിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രമായ സീനിന് ബെസ്റ്റ് വിഷസ് പറയുന്നില്ല. പകരം ഇപ്പോള്‍ തന്നെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ ഗംഭീരമായി എനിക്ക് തോന്നി. ഒരു മാസ് മസാല കോപ്പ് എങ്ങനെയായിരിക്കുമെന്ന് സിങ്കത്തിലൂടെ നിങ്ങള്‍ കാണിച്ചുതന്നു. ഇപ്പോഴിതാ സൂപ്പര്‍ കൂളായിട്ടുള്ള ന്യൂ ഏജ് കോപ്പിനെയാണ് സീനിലൂടെ കാണിക്കുന്നത്. നവംബറിലാണല്ലോ ചിത്രം റിലീസാകുന്നത്. ചിത്രം കാണാനായുള്ള കാത്തിരിപ്പിലാണ്,’ രാജമൗലി പറഞ്ഞു.

സീന്‍. Photo: District

ആവേശത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സീന്‍. ചിത്രത്തിന്റെ പിന്നണിയില്‍ മലയാളി താരങ്ങളാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായാണ് സീന്‍ ഒരുക്കുന്നത്. ചിത്രത്തില്‍ നസ്‌ലെന്‍, നസ്രിയ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: S.S rajamouli appreciates Suriya for his last two film victory

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more