| Saturday, 14th February 2026, 7:18 am

നായകന്മാരെക്കാള്‍ എനിക്കിഷ്ടം എന്റെ വില്ലന്മാരെ, മുഖം മാത്രം ചലിപ്പിക്കാന്‍ പറ്റുന്ന കഥാപാത്രമായി പൃഥ്വി എന്നെ ഞെട്ടിച്ചു: എസ്.എസ്. രാജമൗലി

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് ലോകസിനിമക്ക് കാണിച്ചുകൊടുക്കുന്ന ചിത്രമായാണ് പലരും വാരണാസിയെ വിലയിരുത്തുന്നത്. ഗ്ലോബ്‌ട്രോട്ടര്‍ എന്ന ടാഗ്‌ലൈനിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നതെന്ന് ടൈറ്റില്‍ ടീസറിലൂടെ തെളിയിച്ചു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ മലയാളികളുടെ സ്വന്തം പൃഥ്വിരാജാണ് വില്ലനായി വേഷമിടുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് ഭാഗമാകുന്നു എന്നറിഞ്ഞപ്പോള്‍ സിനിമാപ്രേമികള്‍ ആവേശത്തിലായിരുന്നു. പൃഥ്വിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തുടക്കത്തില്‍ പലരും ട്രോളിയെങ്കിലും ടൈറ്റില്‍ ലോഞ്ചില്‍ എല്ലാവരുടെയും കൈയടി നേടി. കുംഭ എന്ന കഥാപാത്രം ചിത്രത്തില്‍ വലിയ രീതിയില്‍ സ്‌കോര്‍ ചെയ്യുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ തന്റെ വില്ലനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. പൃഥ്വിരാജിന്റെ പോസ്റ്ററിനെ കാണിച്ചുകൊണ്ട് അവതാരകന്‍ ചോദിച്ച ചോദ്യത്തിന് രാജമൗലി നല്‍കിയ മറുപടി വൈറലായി. പൃഥ്വിയുടെ വീല്‍ചെയറില്‍ കാണുന്ന കൈകള്‍ ഡോക്ടര്‍ ഒക്ടോപസിനെപ്പോലെ തോന്നുന്നുവെന്നും അത്തരം കഥാപാത്രമാണോ ഇതെന്നുമായിരുന്നു ചോദ്യം.

‘ഒരിക്കലും ഡോക്ടര്‍ ഒക്ടോപ്പസിനെപ്പോലെയല്ല ഈ സിനിമയിലെ വില്ലന്‍. ഇതൊരു സൈ- ഫൈ പടമല്ല, മിത്തോളജി ബേസ് ചെയ്തുകൊണ്ടാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ ആ ഒരു മോഡലിലാണ് സിനിമയുടെ കഥ. ഫാന്റസിയും മിത്തും ഉപയോഗിച്ച് കഥ പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്.

നായകനെക്കാള്‍ വില്ലനെ ഗംഭീരമായി അവതരിപ്പിക്കുന്നതാണ് എന്റെ സ്ഥിരം രീതി. വാരണാസിയിലും കുംഭയെ അങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലന്മാരുടെ കൂടെ പ്രവര്‍ത്തിക്കാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ഈ സിനിമയില്‍ പൃഥ്വിരാജ് ആ കഥാപാത്രത്തിന്റെ ഇന്റന്‍സിറ്റി ആദ്യാവസാനം കാത്തുസൂക്ഷിച്ചിട്ടുണ്ട്. കുംഭ എന്ന കഥാപാത്രത്തെ പൃഥ്വി അവതരിപ്പിച്ച രീതി അവിശ്വസനീയമാണ്.

ഈ കഥാപാത്രത്തിന് ആകെ മുഖം മാത്രമേ അനക്കാന്‍ സാധിക്കുള്ളൂ. കൈയും കാലുമൊന്നും അനക്കാന്‍ കഴിയില്ല. ബോഡി മൂവ്‌മെന്റൊന്നും പറ്റില്ല. ആ ദേഷ്യവും വില്ലനിസവുമെല്ലാം മുഖത്തിലൂടെ മാത്രമേ കണ്‍വേ ചെയ്യാനാകുള്ളൂ. പൃഥ്വി അത് കൃത്യമായി എത്തിച്ചിട്ടുണ്ട്,’ രാജമൗലി പറയുന്നു.

നിലവില്‍ ജോര്‍ജിയയിലെ ഷെഡ്യൂള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കെനിയ, യു.എസ്, യു.കെ, ഹൈദരബാദ്, ഒഡീഷ എന്നിവിടങ്ങളിലെ ഷെഡ്യൂളുകളാണ് പൂര്‍ത്തിയായത്. അന്റാര്‍ട്ടിക്കയിലും ചിത്രത്തിന്റെ പ്രധാനഭാഗം ചിത്രീകരിക്കുന്നുണ്ട്. അന്റാര്‍ട്ടിക്കയില്‍ ഷൂട്ട് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് വാരണാസി.

Content Highlight: S S Rajamouli about Prithviraj’s character in Varanasi movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more