| Sunday, 19th May 2013, 12:00 am

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ഭീകരം: എസ്. രാമചന്ദ്രന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പശ്ചിമഘട്ട സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഭീകരമാണെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്ര പിള്ള.
കേരളത്തിലെ ഒരു വിഭാഗം പരിസ്ഥിതിവാദികള്‍ മുതലാളിത്തത്തിന്റെ പ്രകോപനം സൃഷ്ടിക്കുന്ന ദല്ലാളുമാരായ കേവല പരിസ്ഥിതിവാദികളാണ്.

വര്‍ത്തമാനകാലത്തെക്കുറിച്ചും ഭാവികാലത്തെക്കുറിച്ചും ചിന്തിക്കുന്നതായിരിക്കണം പരിസ്ഥിതി വാദം.[]

പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഒരുവിഭാഗം കള്ള നാണയങ്ങളാണ്.പ്രകൃതിയെ നശിപ്പിച്ച് കൊണ്ടുള്ള വികസനവും യാതൊരു വികസനവും പാടില്ലെന്ന നിലപാടും തെറ്റാണ്. നവ ഉദാരീകരണത്തിന്റെയും മുതലാളിത്തത്തിന്റെയും സംരക്ഷകരാണവരെന്നും എസ്.ആര്‍.പി കുറ്റപ്പെടുത്തി.[]

കേരള കര്‍ഷകസംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്.ആര്‍.പി.

ഗാഡ്ഗില്‍ കമ്മിറ്റിയുടേയും കസ്തൂരിരംഗന്‍ കമ്മിറ്റിയുടെയും ശുപാര്‍ശകള്‍ അപ്രായോഗികവും അശാസ്ത്രീയവും അനുചിതവുമാണ്. ജന്തുശാസ്ത്രജ്ഞനും ബഹിരാകാശ ശാസ്ത്രജ്ഞനും മാത്രമല്ല പരിസ്ഥിതിയുടെ കാര്യത്തില്‍ തീരുമാനങ്ങളെടുക്കേണ്ടത്.

ഡോക്ടറേറ്റുണ്ടെന്ന് കരുതി ആരും അറിവിന്റെ മറുകര കാണുന്നില്ല. ജനിതക വിളകളുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിക്കൂടാ, കീടനാശിനി ഉപയോഗിക്കരുത്, രാസവളം ഉപയോഗിക്കരുത് എന്നൊക്കെയാണ് ചിലര്‍ വാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന കാര്യത്തില്‍ സംശയമില്ല. പരിസ്ഥിതി എല്ലാ ശാസ്ത്രശാഖകളുമായും ബന്ധപ്പെട്ടതാണ്. പശ്ചിമഘട്ടത്തിന്റെ കാര്യത്തില്‍ നടക്കുന്നത് ജനാധിപത്യ സമ്പ്രദായത്തിന് നിരക്കാത്ത ഉദ്യോഗസ്ഥ പ്രക്രിയയാണ്.

കാര്‍ഷിക മേഖലയെ യു.പി.എ സര്‍ക്കാര്‍ പൂര്‍ണമായും നശിപ്പിച്ചു.  കോര്‍പ്പറേറ്റുകളുടെ കടമെഴുതിത്തള്ളാന്‍ 26 ലക്ഷം കോടി രൂപ മുടക്കിയ കേന്ദ്രസര്‍ക്കാര്‍, കൃഷിക്കുവേണ്ടി തുച്ഛമായ തുകയാണ് നീക്കിവെയ്ക്കുന്നത്.

വസ്തുവില്‍പ്പന രംഗത്ത് വിദേശനിക്ഷപം അനുവദിച്ചതുവഴി നഗരത്തില്‍ വിദേശകോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടുകയാണ്. വീടുവെയ്ക്കാന്‍ സ്ഥലത്തിനായി ഇനി വിദേശ കോര്‍പ്പറേറ്റുകളെ ആശ്രയിക്കേണ്ടിവരും. എസ്.ആര്‍.പി പറഞ്ഞു.

We use cookies to give you the best possible experience. Learn more