ന്യൂദല്‍ഹി: ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഒരുവിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. ഇന്ത്യ-പാക് വെടിനിര്‍ത്തലിനായി വ്യാപാരക്കരാര്‍ ഉപയോഗിച്ചുവെന്ന് ട്രംപിന്റെ പ്രസ്താവനയെ തള്ളുന്നതാണ് ജയശങ്കറിന്റെ ലോക്‌സഭയിലെ മറുപടി.
സംഘര്‍ഷം നടക്കുന്ന കാലയളവായ ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 17 വരെയുള്ള കാലയളവില്‍ മോദിയും ട്രംപും ഫോണ്‍ സംഭാഷങ്ങളൊന്നും നത്തിയിട്ടില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനായിരുന്നു വാന്‍സ് വിളിച്ചതെന്ന് ജയശങ്കര്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യ കൂടുതല്‍ ശക്തമായി പ്രതികരിക്കുമെന്നാണ് മോദി വാന്‍സിന് മറുപടി നല്‍കിയത്.
മെയ് 9 നും 10 നും പാകിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ ആക്രമണങ്ങളെ ഇന്ത്യ വിജയകരമായി പരാജയപ്പെടുത്തിയെന്നും ജയശങ്കര്‍ പറഞ്ഞു. ട്രംപിന്റെ അവകാശവാദത്തെ തള്ളി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും രംഗത്ത് എത്തിയിരുന്നു. ആരുടേയും സമ്മര്‍ദത്തിന് വഴങ്ങിയിട്ടല്ല പാകിസ്ഥാനെതിരായ ആക്രമണം അവസാനിപ്പിച്ചതെന്നും ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ചിലരുടെ അവകാശവാദങ്ങള്‍ അടിസ്ഥാന രഹിതവും പൂര്‍ണമായും തെറ്റാണെന്നുമാണ് രാജ്നാഥ് സിങ് പറഞ്ഞത്.
മെയ് 10 ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ ബന്ധപ്പെടുകയും പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് രാജ്യത്തെ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഡി.ജി.എം.ഒ (ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ്) വഴി മാത്രമേ പാകിസ്ഥാനില്‍ നിന്നുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരിഗണിക്കൂ എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇക്കാര്യം എല്ലാ രാജ്യങ്ങളോടും വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താനാണ് വെടിനിര്‍ത്തലിന് നേതൃത്വം വഹിച്ചതെന്ന വാദം ട്രംപ് കഴിഞ്ഞ ദിവസം വീണ്ടും ആവര്‍ത്തിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറുമായി നടത്തിയ കൂടിക്കാഴ്ചയില്‍വെച്ച് താന്‍ പ്രസിഡന്റായിരുന്നില്ലെങ്കില്‍ ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ ആറ് വലിയ യുദ്ധങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കുമായിരുന്നെന്നാണ് ട്രംപ് അവകാശപ്പെട്ടത്.
ലോകമെമ്പാടുമുള്ള ആറ് യുദ്ധങ്ങള്‍ക്ക് അറുതി വരുത്തിയത് വൈറ്റ് ഹൗസിലെ തന്റെ സാന്നിധ്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഏറ്റവും ഒടുവിലെത്തെ തായ്‌ലന്‍ഡ്- കംബോഡിയയും വെടിനിര്‍ത്തലിനും താന്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
Content Highlight: S. Jai shankar rejects Trump’s claim that he used trade deal to stop India-Pakistan conflict