| Wednesday, 14th October 2026, 10:59 pm

ജസ്റ്റിന്‍ സെല്‍വരാജ് എന്ന പേരിന് പകരം രജിനി സാറിന്റെ ആ കഥാപാത്രത്തിന്റെ പേര് തെരഞ്ഞെടുത്തു, ഇന്ന് അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചു: എസ്.ജെ സൂര്യ

അമര്‍നാഥ് എം.

നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ സിനിമാപ്രേമികളെ ഞെട്ടിച്ചയാളാണ് എസ്.ജെ. സൂര്യ. തമിഴിലെ മികച്ച സംവിധായകര്‍ക്കൊപ്പം അസിസ്റ്റന്റായി പ്രവര്‍ത്തിച്ച അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ നായകനായ വാലിയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. തൊട്ടടുത്ത ചിത്രം വിജയ് നായകനായ ഖുഷിയായിരുന്നു. രണ്ട് സിനിമകളും ബ്ലോക്ക്ബസ്റ്ററായതോടെ എസ്.ജെ സൂര്യ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

ക്യാമറക്ക് പിന്നില്‍ മാത്രമല്ല, മുന്നില്‍ നിന്നും തനിക്ക് ഞെട്ടിക്കാനാകുമെന്ന് അദ്ദേഹം തെളിയിച്ച ചിത്രമായിരുന്നു ഇരൈവി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നായകനായും വില്ലനായും തിളങ്ങിയ എസ്.ജെ സൂര്യ ഇന്ന് രജിനിയുടെ വില്ലനായി വേഷമിടുകയാണ്.

ജസ്റ്റിന്‍ സെല്‍വരാജ് എന്ന പേര് മാറ്റി എസ്.ജെ. സൂര്യ എന്നാക്കിയതിന് പിന്നിലെ കഥ വിവരിക്കുകയാണ് അദ്ദേഹം. അസിസ്റ്റന്റായി ജോയിന്‍ ചെയ്തപ്പോള്‍ ജസ്റ്റിന്‍ സെല്‍വരാജ് എന്നായിരുന്നു തന്റെ പേരെന്നും പലര്‍ക്കും ആ പേര് വിളിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും എസ്.ജെ. സൂര്യ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.

‘ആസൈ എന്ന പടത്തില്‍ വര്‍ക്ക് ചെയ്യുന്ന സമയം. ആ സിനിമയുടെ ഡയറക്ടര്‍ വസന്ത് സാറായിരുന്നു. എന്റെ പേര് അദ്ദേഹത്തിന് വിളിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ‘എന്ത് പേരാടാ ഇത്, ബാക്കിയുള്ളവരോട് പറയാനും വിളിക്കാനും കുറച്ച് ബുദ്ധിമുട്ടാണ്’ എന്ന് പറഞ്ഞു. വേറെ പേര് വല്ലതും സജസ്റ്റ് ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

‘ഇഷ്ടപ്പെട്ട ഡയറക്ടര്‍ ആരാണ്’ എന്ന് ചോദിച്ചപ്പോള്‍ മണിരത്‌നം എന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘അപ്പോള്‍ ഒരു കാര്യം ചെയ്യ്, മണിരത്‌നത്തിന്റെ നായകന്മാരുടെ പേരുകള്‍ ഒരു ലിസ്റ്റിലെഴുതി അതില്‍ ഇഷ്ടപ്പെട്ടത് കൊണ്ടുവാ, നല്ലതാണെങ്കില്‍ ഞാനും ആ പേര് വിളിക്കാം’ എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലാ ഹീറോസിന്റെയും പേരെഴുതി അതില്‍ നിന്ന് രജിനി സാറിന്റെ സൂര്യ എന്ന പേര് സെലക്ട് ചെയ്തു. ദളപതിയിലെ പേര് എനിക്ക് ഇഷ്ടമായി.

വസന്ത് സാറിന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ വൈഫിന്റെ കൈയില്‍ ആ കടലാസ് കൊടുത്തു. തൊട്ടടുത്ത ദിവസം എന്നെ കണ്ടതും വസന്ത് സാര്‍ ‘വാടാ സൂര്യാ’ എന്ന് വിളിച്ചു. അദ്ദേഹത്തിനും അത് ഓക്കെയായി. അന്ന് രജിനി സാറിന്റെ സൂര്യ എന്ന പേര് സെലക്ട് ചെയ്തു. ഇന്ന് രജിനി സാറിന്റെ കൂടെ അഭിനയിക്കുന്നു,’ എസ്. ജെ. സൂര്യ പറയുന്നു.

Content Highlight: S J Suryah shares the story behind his name

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more