ലഖ്‌നൗ: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആറിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്നതിനിടെ കമ്മീഷനെ പിന്തുണച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
തെരഞ്ഞെടുപ്പ് കമ്മീഷനെയും ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും നിരന്തരം ചോദ്യം ചെയ്യുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതിന് തുല്യമാണെന്ന് യോഗി പറഞ്ഞു.
കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തോട് മാപ്പുപറയണമെന്നും യോഗി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ എസ്.ഐ.ആറുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വ്യക്തത നല്‍കിയിട്ടും പ്രതിപക്ഷം വിമര്‍ശനം തുടരുകയാണെന്ന് യോഗി പറഞ്ഞു.
മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും കമ്മീഷന്റെ പ്രവര്‍ത്തനങ്ങളും എസ്.ഐ.ആര്‍ നടപടിക്രമവും സംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇനി ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നുമാണ് യോഗി പറയുന്നത്.
അര്‍ഹരായ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
അതേസമയം, അര്‍ഹരായ വോട്ടര്‍മാര്‍ക്ക് പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാനുള്ള അവസരമുണ്ടെന്നും എസ്.ഐ.ആര്‍ പുതിയ നടപടിയല്ലെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
‘തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോഴും സമാനമായ വോട്ടര്‍പട്ടിക പരിശോധനകള്‍ നടന്നിട്ടുണ്ട്,’ യോഗി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമ്പോള്‍ ഫലം അംഗീകരിക്കുകയും പരാജയപ്പെടുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയാണോയെന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്നും യോഗി പറഞ്ഞു.
അതേസമയം, എസ്.ഐ.ആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളില്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിവിധ വിഷയങ്ങളില്‍ പലതവണ രേഖാമൂലം എതിര്‍പ്പ് ഉന്നയിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.
Content Highlights: S.I.R.: Opposition is defaming the country; Yogi Adityanath backs the Election Commission