2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജയുടെ സാധ്യതയെ കുറിച്ച് സംസാരിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദ്രിനാഥ്. ജഡേജ മികച്ച താരം ആണെങ്കിലും 2027 ലോകകപ്പ് കളിക്കണമെങ്കില്‍ പ്രകടനത്തിനാണ് മുഖ്യ പരിഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ സെലക്ടര്‍മാര്‍ക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ജഡേജയെ ഒഴിവാക്കി ടീം മുന്നോട്ട് പോകുന്നത് ശരിയായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
‘2027 ലോകകപ്പിന് അനുഭവസമ്പത്ത് പ്രധാനമാണ്, ജഡേജ മികച്ചൊരു ക്രിക്കറ്റ് താരവുമാണ്. എന്നാല്‍ ഒടുവില്‍ പരിഗണിക്കേണ്ടത് പ്രകടനം തന്നെയാണ്. 2023 ലോകകപ്പിന് ശേഷം 15 മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നേടാനായത് വെറും 14 വിക്കറ്റുകള്‍ മാത്രമാണ്. കൂടാതെ, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഒരു ഏകദിന അര്‍ധസെഞ്ച്വറി പോലും അദ്ദേഹം നേടിയിട്ടില്ല. അതിനാല്‍ അദ്ദേഹത്തിന്റെ പ്രകടനം വ്യക്തമായി താഴ്ന്നിട്ടുണ്ട്.
ജഡേജ ഒരു ഇതിഹാസ താരമാണെന്നും അദ്ദേഹത്തോട് കൂടുതല്‍ പരിഗണന കാണിക്കണമെന്നുമൊക്കെ പലരും പറഞ്ഞേക്കാം. എന്നാല്‍ ഒരു സെലക്ടര്‍ എന്ന നിലയില്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അക്‌സര്‍ പട്ടേല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സാഹചര്യത്തില്‍ ജഡേജയെ ഒഴിവാക്കി മുന്നോട്ടുപോകുന്നത് ശരിയായ തീരുമാനമാണ്.
എന്നാല്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ സ്ഥിരതയും ഒരേ മാനദണ്ഡങ്ങളും പാലിക്കേണ്ടത് പ്രധാനമാണ്. ഒരുപക്ഷേ, കഴിഞ്ഞ പരമ്പരയില്‍ തന്നെ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതില്ലായിരുന്നു,’ ബദ്രീനാഥ് പറഞ്ഞു.
2027ലെ ഏകദിന ലോകകപ്പ് സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്വേ എന്നിവിടങ്ങളിലാണ് നടക്കുക. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വലിയ തയ്യാറെടുപ്പിലാണ്.
അതേസമയം ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പരമ്പരക്ക് നാളെയാണ് തുടക്കമാവുന്നത്. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരക്കാണ് നാളെ തുടക്കമാവുന്നത്.