2026 ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവസാന ഹോം മത്സരത്തില്‍ എം.എസ് ധോണി കളിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുബ്രമണ്യം ബദ്രിനാഥ്. ചെപ്പോക്കിലെ അവസാന പോരാട്ടത്തില്‍ ധോണി ആരാധകര്‍ക്ക് വേണ്ടി ഇംപാക്ട് പ്ലയെര്‍ ആയിട്ടെങ്കിലും കളത്തിലിറങ്ങണമെന്നും ബദ്രിനാഥ് പറഞ്ഞു.
ധോണിയെ ടീമിലെടുക്കാനായി ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനോടും പരിശീലകന്‍ ഫ്‌ലെമിങ്ങിനോടും മുന്‍ ഇന്ത്യന്‍ താരം ആവശ്യപ്പെടുകയും ചെയ്തു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.
‘എം.എസ് ധോണി അവസാനമായി ചെപ്പോക്കില്‍ കളിക്കുമോയെന്ന ചോദ്യമാണ് ബാക്കി നില്‍ക്കുന്നത്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരിക്കും. എന്നാല്‍ ആരാധകര്‍ക്ക് വേണ്ടി അദ്ദേഹം കുറച്ച് ഓവറുകളില്‍ ഇമ്പാക്ട് പ്ലെയറായി എത്തിയാല്‍ അത് വളരെ വലിയ കാര്യമായിരിക്കും. എസ്.ആര്‍.എച്ചിലെ ആദ്യ മൂന്ന് പേര്‍ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ആയതിനാല്‍ അകീല്‍ ഹൊസൈന്‍ ടീമില്‍ ഉണ്ടായേക്കാം. എന്നാല്‍ അദ്ദേഹത്തെ ടീമിലേക്ക് കൊണ്ടുവരാന്‍ ഞാന്‍ ഋതുരാജിനോടും ഫ്‌ലെമിങ്ങിനോടും അഭ്യര്‍ത്ഥിക്കുകയാണ്,’ സുബ്രമണ്യം ബദ്രിനാഥ് പറഞ്ഞു.
പരിക്ക് മൂലം ധോണിക്ക് ഈ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ സാധിച്ചിട്ടില്ല. ധോണി എപ്പോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നതും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. മെയ് 18നാണ് ചെന്നൈ സീസണിലെ അവസാന ഹോം മത്സരത്തിനിറങ്ങുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് സി.എസ്.കെയുടെ എതിരാളികള്‍.
നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ചെന്നൈ. 12 പോയിന്റുള്ള ചെന്നൈക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. സണ്‍റൈസേഴ്സ് ഹൈദരാബാദിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും ചെന്നൈക്ക് മത്സരമുണ്ട്.
കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയുള്ള മത്സരത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ചെന്നൈ ആറാം സ്ഥാനത്തേക്ക് വീണത്. എല്‍.എസ്.ജിയുടെ തട്ടകമായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ലഖ്നൗ ചെന്നൈയെ തകര്‍ത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Content Highlight: S. Badrinath talks MS Dhoni should play for csk