| Thursday, 22nd October 2026, 6:30 am

അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ ഏറെ അനുയോജ്യമായിരിക്കും: എസ്. ബദ്രിനാഥ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് ഓള്‍ ഫോര്‍മാറ്റ് പരമ്പരക്ക് ഇന്ന് കളമൊരുങ്ങും. അഞ്ച് ടി-20യും അഞ്ച് ഏകദിനവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യ ന്യൂസിലാന്‍ഡില്‍ കളിക്കുക. ടി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ഉച്ചയ്ക്ക് 12.30നാണ് നടക്കുക.

മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ എസ്. ബദ്രിനാഥ്. ഭുവിയുടെ തിരിച്ചുവരവിന് ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ ഏറെ അനുയോജ്യമായിരിക്കുമെന്നും താരം മികച്ച പ്രകടനം നടത്തിയാല്‍ 2027ലെ ഏകദിന ലോകകപ്പ് കളിക്കാനും സാധിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം അഭിപ്രായപ്പെട്ടു.

‘അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ ഏറെ അനുയോജ്യമായിരിക്കും. ഇന്ത്യയിലെ സാഹചര്യങ്ങളില്‍ പോലും അദ്ദേഹം ബാറ്റര്‍മാരെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അതിനാല്‍ ന്യൂസിലാന്‍ഡിലെ സാഹചര്യങ്ങള്‍ അദ്ദേഹം വളരെ നന്നായി പ്രയോജനപ്പെടുത്തണം.

അവിടെ മികച്ച പ്രകടനം കാഴ്ചവെക്കുകയും തന്റെ കായികക്ഷമത തെളിയിക്കുകയും ചെയ്താല്‍, 2027ലെ ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ സാധിക്കും. അതുകൊണ്ട് അദ്ദേഹം ടീമിന് വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

ടീം മാനേജ്മെന്റ് അദ്ദേഹവുമായി സംസാരിക്കണം. തുടര്‍ച്ചയായി 10 ഓവര്‍ ബൗള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമോ എന്ന് ഉറപ്പുവരുത്തണം. സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പില്‍ അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന കാര്യവും മാനേജ്മെന്റ് അദ്ദേഹത്തെ അറിയിക്കണം,’ തന്റെ യൂട്യൂബ് ചാനലായ ക്രിക് വിത്ത് ബദ്രിയില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടി-20 പരമ്പരയിലെ അവസാന മത്സരത്തില്‍ സര്‍പ്രൈസ് എന്‍ട്രി ആയിട്ടാണ് സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ എത്തിയത്. ഭുവി ഇന്ത്യയ്ക്കൊപ്പം ചേര്‍ന്നെങ്കിലും മഴ കാരണം താരത്തിന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. പരമ്പര 2-2ന് സമനിലയിലാകുകയും ചെയ്തു.

നേരത്തെ ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഭുവനേശ്വറിനെ ഉള്‍പ്പെടുത്തിയിരുന്നു. നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഭുവി ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കിവീസിനെതിരായ പരമ്പരയില്‍ താരം മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), അക്സര്‍ പട്ടേല്‍, ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധിര്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്.

ടി-20 പരമ്പര

ആദ്യ മത്സരം: ഒക്ടോബര്‍ 22 ക്രൈസ്റ്റ് ചര്‍ച്ച്

രണ്ടാം മത്സരം: ഒക്ടോബര്‍ 24 ക്രൈസ്റ്റ് ചര്‍ച്ച്

മൂന്നാം മത്സരം: ഒക്ടോബര്‍ 27 വെല്ലിങ്ടണ്‍

നാലാം മത്സരം: ഒക്ടോബര്‍ 30 ഓക്ലാന്‍ഡ്

അവസാന മത്സരം: നവംബര്‍ 1 ഹാമില്‍ടണ്‍

Content Highlight: S Badrinath Talks About Indian Pacer Bhuvaneshwar Kumar’s Comeback

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more