| Thursday, 17th September 2026, 3:04 pm

എന്തിനാണ് ഒരു യുവതാരത്തെ കൊണ്ടുവരാന്‍ സഞ്ജുവിനെ ഒഴിവാക്കുന്നത്? വിമര്‍ശനവുമായി മുന്‍ താരം

അഞ്ജലി പി.കെ.

ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് വര്‍ഷാവസാനം വരെ തുടര്‍ച്ചയായി അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദ്രിനാഥ്. മറ്റൊരു താരത്തെ ടീമിലെത്തിക്കാനായി ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന സഞ്ജുവിനെ എന്തിന് ഒഴിവാക്കണമെന്ന ചോദ്യവും ബദ്രിനാഥ് ഉയര്‍ത്തി. സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതിനുശേഷം മാത്രം അന്തിമ തീരുമാനമെടുക്കണമെന്നും വ്യക്തമാക്കി.
തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും നേടി. വര്‍ഷാവസാനം വരെ അദ്ദേഹത്തിന് തുടര്‍ച്ചയായി അവസരം നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. രണ്ട് സെഞ്ച്വറികള്‍ നേടിയിട്ടുള്ള സഞ്ജു ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്കും നയിച്ചിട്ടുണ്ട്.

വൈഭവ് സൂര്യവംശിയെപ്പോലെ അസാധാരണ പ്രകടനം നടത്തിയിട്ടില്ലെങ്കിലും സഞ്ജു നേരത്തെ തന്നെ ടീമിന്റെ ഭാഗമായിരുന്നു. പിന്നെ എന്തിനാണ് ഒരു യുവതാരത്തെ കൊണ്ടുവരാന്‍ സഞ്ജുവിനെ ഒഴിവാക്കുന്നത്? സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കിയതിനു ശേഷം തീരുമാനമെടുക്കണം,’ ബദ്രിനാഥ് അഭിപ്രായപ്പെട്ടു .

ഒപ്പം അടുത്ത ടി-20 മത്സരങ്ങളില്‍ സഞ്ജുവും അഭിഷേകും ഓപ്പണറായി തുടരാനും നിര്‍ദേശിച്ചു.

‘ഈ പരമ്പരയ്ക്ക് ശേഷം നടക്കുന്ന അടുത്ത 10 ടി-20 മത്സരങ്ങളിലും അഭിഷേക് ശര്‍മയും സഞ്ജു സാംസണും തന്നെ ഓപ്പണര്‍മാരായി തുടരട്ടെ. അതിനുശേഷവും സഞ്ജുവിന് മികച്ച പ്രകടനം നടത്താനാകുന്നില്ലെങ്കില്‍ സൂര്യവംശിയെ പരിഗണിക്കാം.

ഒരു പരമ്പരയില്‍ സഞ്ജുവിനെയും അടുത്ത പരമ്പരയില്‍ സൂര്യവംശിയെയും മാറിമാറി പരീക്ഷിക്കുന്നതിന് പകരം, ഒരാള്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കി അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയാണ് വേണ്ടത്. ഇപ്പോള്‍ സഞ്ജുവിനോട് കാണിക്കുന്നത് അനീതിയാണെന്നാണ് എനിക്ക് തോന്നുന്നത്,’
ബദ്രിനാഥ് പറഞ്ഞു .

വൈഭവ് സൂര്യവംശി. Photo: BCCI/x.com

2026ലെ ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ടി-20 പരമ്പരകളില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ മോശം പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സഞ്ജുവിനുപകരം ടീമിലേക്ക് എത്തിയ വൈഭവ് സൂര്യവംശിക്കും ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മൂന്ന് ടി-20 മത്സരങ്ങളില്‍ തിളങ്ങാനായില്ല. ഇതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു തിരിച്ചെത്തിയെങ്കിലും പിന്നീട് നടന്ന സിംബാബ്‌വേ പരമ്പരയില്‍ വീണ്ടും പുറത്തായി.

അഫ്ഗാനിസ്ഥാന്‍ -ഇന്ത്യ ടി-20 ആദ്യമത്സരത്തില്‍ വെറും 10 റണ്‍സ് മാത്രം നേടി സഞ്ജുവിന് കളംവിടേണ്ടിവന്നെങ്കിലും രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനവുമായി തിളങ്ങാന്‍ മലയാളി സൂപ്പര്‍താരത്തിന് സാധിച്ചു.

ഇന്ന് (വ്യാഴാഴ്ച) ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടക്കാന്‍ പോവുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ സഞ്ജു തന്റെ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ഇന്ത്യ പരമ്പര തൂത്തുവാരുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: S Badrinath Talking About Vaibhav Suryavanshi And Sanju Samson

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

We use cookies to give you the best possible experience. Learn more