ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ എസ്. ബദ്രീനാഥ്. ചെന്നൈയ്ക്ക് വേണ്ടി ഐ.പി.എല്ലിലെ ഓപ്പണിങ് മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗെയ്ക്വാദിന്റെ എനര്‍ജി വളരെ കുറവായിരുന്നെന്നും താരത്തിന്റെ തീരുമാനങ്ങള്‍ സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഒരു വലിയ ചോദ്യചിഹ്നമാണ്. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ഊര്‍ജം വളരെ കുറവായിരുന്നു, തീരുമാനങ്ങളും സംശയാസ്പദമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി റെക്കോഡും മികച്ചതല്ല,’ എസ്. ബദ്രീനാഥ് പറഞ്ഞു.
2024ല്‍ എം.എസ്. ധോണിക്ക് ശേഷം ചെന്നൈയുടെ ക്യാപ്റ്റനായ താരമാണ് ഗെയ്ക്വാദ്. സീസണില്‍ ഏഴ് വിജയവും ഏഴ് തോല്‍വിയും താരത്തിനുണ്ടായിരുന്നു. 2025ല്‍ താരത്തിന് പരിക്ക് പറ്റി പുറത്തായിരുന്നു. സീസണില്‍ 10ാം സ്ഥാനത്തായിരുന്നു ചെന്നൈ ഫിനിഷ് ചെയ്തത്.
2026 ഐ.പി.എല്‍ ഓപ്പണിങ് മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപാരയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് റിയാന്‍ പരാഗും കൂട്ടരും വിജയിച്ചത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 12.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
സഞ്ജു സാംസണ്‍ രാജസ്ഥാനില്‍ നിന്ന് ചെന്നൈയിലേക്ക് ചേക്കറിയ ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തില്‍ സഞ്ജു ആറ് റണ്‍സിനാണ് മടങ്ങിയത്.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്തത് 15 വയസുകാരനും വെടിക്കെട്ട് ഓപ്പണറുമായി വൈഭവ് സൂര്യവംശിയാണ്. 15 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരം അടിച്ചെടുത്തത്. 305.88 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരം മിന്നും പ്രകടനം നടത്തിയത്.
താരത്തിന് പുറമെ യശ്വസ്വി ജെയ്സ്വാള്‍ 36 പന്തില്‍ 38* റണ്‍സ് നേടി മികവ് പുലര്‍ത്തി. ധ്രുവ് ജുറെല്‍ 18 റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് 11 പന്തില്‍ 14* റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി അന്‍ഷുല്‍ കാംബോജാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.
നേരത്തെ ബാറ്റിങ്ങിലെ വമ്പന്‍ തകര്‍ച്ചയില്‍ നിന്ന് ചെന്നൈയെ കരകയറ്റിയത് എട്ടാമനായി ഇറങ്ങിയ ബൗളര്‍ ജെയ്മി ഓവര്‍ട്ടണാണ്. 36 പന്തില്‍ നിന്ന് രണ്ട് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം സ്വന്തമാക്കിയത്. ടോപ് ഓര്‍ഡറും മിഡില്‍ ഓര്‍ഡറും തകര്‍ച്ച നേരിട്ടപ്പോള്‍ ചെന്നൈയെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു ഓവര്‍ട്ടണ്‍.
അതേസമയം ഏപ്രില്‍ ആറിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ സ്വന്തം തട്ടകമായ എം.എ. ചിദംബരം സ്റ്റേഡിയമാണ്.
Content Highlight: S Badrinath Talking About Chennai Captain Ruturaj Geikwad