| Friday, 13th March 2026, 10:30 pm

അവന്‍ ചെന്നൈയുടെ നട്ടെല്ലായി മാറും; സൂപ്പര്‍ താരത്തെ കുറിച്ച് ബദ്രിനാഥ്

ഫസീഹ പി.സി.

ലോകകപ്പ് ആവേശം പതിയെ കെട്ടങ്ങുകയാണ്. ഇതുവരെ രാജ്യത്തിനായി ഒറ്റക്കെട്ടായി ആര്‍ത്തുവിളിച്ചവരെല്ലാം ഇനി വിവിധ ടീമുകള്‍ക്ക് പിന്തുണയുമായി ചേരിതിരിയുന്ന കാലമാണ്. അതേ, ഐ.പി.എല്‍ ആവേശത്തിന് തിരശീലയുയരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഐ.പി.എല്‍ 2026ന് മാര്‍ച്ച് 28നാണ് തുടക്കമാവുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദുമുള്ള മത്സരത്തോടെയാണ് അരങ്ങുണരുക. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് ഈ മത്സരത്തിന്റെ വേദി. ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസം സഞ്ജു സാംസണ്‍ തന്റെ പുതിയ തട്ടകമായ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ അരങ്ങേറ്റം കുറിക്കും.

എസ്. ബദ്രിനാഥ്. Photo: crickettimes

ഇപ്പോള്‍ ഈ മത്സരത്തിന് മുന്നോടിയായി സഞ്ജു ചെന്നൈയുടെ നട്ടെല്ലായി മാറുമെന്ന് പറയുകയാണ് മുന്‍ സി.എസ്.കെ താരം എസ്. ബദ്രിനാഥ്. സഞ്ജു വളരെ ആത്മവിശ്വാസത്തോടെയാണ് വരുന്നതെന്നും ടീമില്‍ താരത്തിന്റെ യുഗം ആരംഭിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജുവിനെ ടീമിലെത്തിച്ചത് ചെന്നൈയുടെ മാസ്റ്റര്‍സ്‌ട്രോക്കാണെന്നും ഇതിലൂടെ ടീമിന് ഒരു ഭാവി നായകനെ സമ്മാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ബദ്രിനാഥ്.

‘ചെന്നൈയെ പോലെയുള്ള വലിയൊരു ഫ്രാഞ്ചൈസിക്ക് സഞ്ജു സാംസണില്‍ വലിയ പ്രതീക്ഷയുണ്ടാവും. ചെന്നൈയില്‍ അവന്റെ യുഗം ആരംഭിക്കാന്‍ പോകുകയാണ് എന്ന എനിക്ക് തോന്നുന്നത്. മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ് അവനെത്തുന്നതെന്നത് ടീമിന് വലിയ പോസിറ്റീവാണ്. അവന്‍ ടീമിന്റെ നട്ടെല്ലായിരിക്കും.

സഞ്ജുവിനെ ടീമിലെത്തിച്ചത് സി.എസ്.കെയുടെ ഒരു ‘മാസ്റ്റര്‍സ്ട്രോക്കാണ്’. ഇതിലൂടെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററെയും ഒരുപക്ഷേ ടീമിനെ നയിക്കാന്‍ പോകുന്ന ഭാവി നായകനെയും അവര്‍ക്ക് ലഭിച്ചിരിക്കുന്നു. പക്ഷെ അതിനായി ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്,’ ബദ്രിനാഥ് പറഞ്ഞു.

സഞ്ജു സാംസൺ. Photo: Chennai Super Kings/x.com

ഐ.പി.എല്‍ 2026 ചെന്നൈയുടെ ആദ്യ മത്സരം മാര്‍ച്ച് 30നാണ്. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് ഈ മത്സരത്തിലെ എതിരാളികള്‍. ഗുവഹാത്തിയിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഈ സീസണിന് മുന്നോടിയായി നടന്ന ലേലത്തിന് മുമ്പേയാണ് സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാന്‍ കൈമാറിയായിരുന്നു ഈ കൂടുമാറ്റം.

Content Highlight: S. Badrinath says that Sanju Samson will be Chennai Super Kings backbone in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more